പശ്ചിമേഷ്യയില്‍ തീകോരിയിട്ട് വീണ്ടും ഇസ്‌റാഈല്‍; ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍ ചാവുകടലും ഇസ്രായേലിന്റെ ഭാഗമാക്കും
ജിദ്ദ: ഈ മാസം 17നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്താല്‍, ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍ ചാവുകടലും
ഇസ്‌റാഈലിന്റെ ഭാഗമാക്കുമെന്നു പ്രധാനമന്ത്രി നെതന്യാഹു.
ഇസ്‌റാഈലിന്റെ ഐക്യവും അഖണ്ഡതയും പ്രധാനമാണ്. ഇസ്രയേലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ജോര്‍ദാന്‍ താഴ്‌വാരം അതിനിര്‍ണായകമാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ നിങ്ങളെന്നെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍ ചാവുകടലും ഇസ്രായേലിന്റെ ഭാഗമാക്കും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതികളോടു ചേര്‍ന്ന് ഇത് സാധിക്കാനാവും നെതന്യാഹു പറഞ്ഞു.
അതേസമയം, കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുമെന്ന പ്രഖ്യാപനം. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുണ്ടാകുന്നത്. നെതന്യാഹുവിന്റെ പ്രസ്താവനയെ സഊദി കടുത്ത ഭാഷയില്‍ അപലപിച്ചു. അറബ് ലോകത്ത് പല പ്രശ്‌നങ്ങളുമുണ്ടെങ്കിലും ഫലസ്തീന്‍ വിഷയത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് സഊദി വ്യക്തമാക്കി.
പലസ്തീനിലെ വെസ്റ്റ് ബാങ്കിന്റെ 30 ശതമാനത്തോളം വരുന്ന പ്രദേശമാണ് ജോര്‍ദാന്‍ വാലിയും വടക്കുന്‍ ചാവുകടലോരവും. 65000 പലസ്തീന്‍കാരും 11000 നിയമവിരുദ്ധ കുടിയേറ്റക്കാരായ ജൂതരുമാണ് ഇവിടെ താമസിക്കുന്നത്. ഇസ്രായേല്‍ ഏരിയ സിയില്‍ ഉള്‍പ്പെടുത്തിയ ഈ പ്രദേശം നിലവില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
വംശീയ വിദ്വേഷം പടര്‍ത്തി കൂടുതല്‍ വോട്ട് നേടി വീണ്ടും അധികാരത്തിലെത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് നെതന്യാഹു പ്രകോപനപരമായ പ്രഖ്യാപനം നടത്തിയത്. ഇതുസംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെ തള്ളാതെയാണ് അമേരിക്ക വിഷയത്തില്‍ പ്രതികരിച്ചത്.
പുതിയ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിനോടുള്ള നയത്തില്‍ മാറ്റം വരുത്തില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു. തങ്ങളുടെ നിലപാട് ഉടന്‍ പരസ്യപ്പെടുത്തും. പശ്ചിമേഷ്യയുടെ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
അതിനിടെ ഇസ്രായേല്‍ പുതിയ നീക്കം നടത്തിയാല്‍ ഇതുവരെയുള്ള എല്ലാ കരാറുകളില്‍ നിന്നും പിന്‍മാറുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. മേഖലയുടെ സമാധാനം നശിപ്പിക്കുന്നത് നെതന്യാഹു ആണെന്ന് പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷത്തയ്യ കുറ്റപ്പെടുത്തി. പലസ്തീന്‍ പ്രദേശങ്ങള്‍ എങ്ങനെയാണ് ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
അറബ് ലീഗ് വിദേശകാര്യ മന്ത്രിമാര്‍ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനെതിരെ രംഗത്തുവന്നു. സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നതെന്ന് മന്ത്രിമാര്‍ കുറ്റപ്പെടുത്തി. പലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഒഐസി വിദേശകാര്യമന്ത്രിമാര്‍ ഉടന്‍ യോഗം ചേരും. തുര്‍ക്കി ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളും ഇസ്രായേല്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തുവന്നു.
അതേ സമയം തീവ്ര ജൂതരുടെ വോട്ട് നേടുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടെടുപ്പിന് തൊട്ടുമുമ്ബ് നെതന്യാഹു പുതിയപ്രഖ്യാപനം നടത്തിയത്. പലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു. യുഎന്നിന്റെ നിര്‍ദേശം ലംഘിച്ചാണ് ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."