സംസ്ഥാനത്തെ അഞ്ചുലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ ആധാര്‍ വിവരം ചോരും
കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മുഴുവന്‍ ജീവനക്കാരുടെയും ആധാര്‍ വിവരങ്ങളും ചോര്‍ത്താനാണെന്ന് സൂചന. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലഭ്യമാകുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്കാണ് വഴിയൊരുക്കുക.
സംസ്ഥാനത്തെ അഞ്ചുലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ ആധാര്‍, വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുവാന്‍ പാകത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2015-16 വര്‍ഷത്തെ ബഡ്ജറ്റിനോടൊപ്പം ധനകാര്യ വകുപ്പു പുറത്തിറക്കിയ കണക്കനുസരിച്ച് കേരളത്തില്‍ 114 വകുപ്പുകളിലായി 4,98,069 സ്ഥിരം ജീവനക്കാരുണ്ട്. ശേഷമുള്ള നിയമനമനുസരിച്ച് ഇത് അഞ്ചുലക്ഷത്തോളമായി.
പദ്ധതിക്കായി ജീവനക്കാരില്‍ നിന്ന് 300 രൂപ ഈടാക്കിയിട്ടുമുണ്ട്. സ്വകാര്യ കമ്പനിക്ക് നടത്തിപ്പ് കൈമാറുന്നതോടെ ജീവനക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ഇടയാക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ആധാര്‍ വിവരങ്ങള്‍ ഭാവിയില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപയോഗിച്ചാല്‍ അത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചോദ്യംചെയ്യാന്‍ കഴിയാത്ത രീതിയില്‍ നിര്‍ദിഷ്ട ഫോറത്തില്‍ ജീവനക്കാരില്‍ നിന്ന് സത്യവാങ്മൂലവും വാങ്ങിവെക്കുന്നുണ്ട്. ഇത് കോടതിയില്‍ പോലും ചോദ്യംചെയ്യാനാകില്ലെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് ആധാര്‍ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് വലിയ വിവാദങ്ങള്‍ നടക്കുന്നതിനിടയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ മുഴുവന്‍ ജീവനക്കാരുടെയും ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികളുമായി പങ്കുവെക്കാന്‍ തയാറായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."