മിച്ചഭൂമി വിവാദം: ജോര്‍ജ് എം. തോമസ് എം.എല്‍.എക്കെതിരേ കുരുക്ക് മുറുകുന്നു
#ആഷിഖ് അലി ഇബ്രാഹിം
മുക്കം: മിച്ചഭൂമി വിവാദത്തില്‍ തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസിനെതിരേ കുരുക്ക് മുറുകുന്നു. വര്‍ഷങ്ങളായി മിച്ചഭൂമി കൈവശം വയ്ക്കുന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കൂടി ഇടപെട്ടതോടെ എം.എല്‍.എ കൂടുതല്‍ പ്രതിരോധത്തിലായി. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായാണു വിവരം.
കേസിന് ഇത്രയും കാലതാമസം വരാനിടയായ സാഹചര്യമാണു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടത്. സംഭവത്തില്‍ ലാന്‍ഡ് ബോര്‍ഡിനു മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം എം.എല്‍.എക്ക് നോട്ടിസ് അയച്ചിരുന്നു. മിച്ചഭൂമി ആരുടെ കൈവശമായാലും തിരിച്ചുപിടിക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും എം.എല്‍.എക്ക് തിരിച്ചടിയായിട്ടുണ്ട്. കോടിയേരിയുടെ അഭിപ്രായം പുറത്തുവന്നതോടെ എം.എല്‍.എയെ പരസ്യമായി പിന്തുണക്കേണ്ടതില്ല എന്ന നിലപാടാണു സി.പി.എം സ്വീകരിക്കുന്നത്.
കൊടിയത്തൂര്‍ വില്ലേജില്‍ എം.എല്‍.എ ജോര്‍ജ് എം. തോമസും കുടുംബവും 16.4 ഏക്കര്‍ മിച്ചഭൂമി നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നുവെന്ന് 18 വര്‍ഷം മുന്‍പ് കണ്ടെത്തിയിട്ടും തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. കൊടിയത്തൂര്‍ വില്ലേജിലെ പന്നിക്കോട് 1882, 1862 സര്‍വേ നമ്പറുകളിലായാണ് ഭൂമി സ്ഥിതിചെയ്യുന്നത്. മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ 2000ലാണ് കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് തന്റെ ഭാഗം കേള്‍ക്കാതെയാണ് പൂര്‍വിക സ്വത്തിനെ മിച്ചഭൂമിയായി കണക്കാക്കിയതെന്ന് ചൂണ്ടിക്കാട്ടി ജോര്‍ജ് എം. തോമസ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് പരാതിക്കാരനെ കേട്ടശേഷം ആറു മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡിന് 2003 ജൂലൈയില്‍ കോടതി നിര്‍ദേശം നല്‍കി. 2004 മാര്‍ച്ചില്‍ എം.എല്‍.എക്ക് നോട്ടിസ് നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. നിരന്തരം ആവശ്യപ്പെട്ടെങ്കിലും 2007 ജൂണില്‍ നല്‍കിയ മറുപടിയിലും വിചാരണ പൂര്‍ത്തിയായില്ലെന്നാണ് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് മറുപടി നല്‍കിയത്. 2017ല്‍ ഫയല്‍ ബോര്‍ഡിന്റെ കൈവശമില്ലെന്നും ആര്‍ക്കൈവ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റിയെന്നുമുള്ള വിചിത്രമായ മറുപടിയാണ് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നല്‍കിയത്. സാധാരണ ഗതിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന ഫയലുകള്‍ മാത്രമാണ് ആര്‍ക്കൈവ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റാറുള്ളത് എന്നിരിക്കേ വിചാരണ നടക്കാത്ത കേസിലെ ഫയലുകല്‍ മാറ്റിയത് ദുരൂഹമാണെന്നും ഇതേ കുറിച്ചുള്ള അന്വേഷണത്തോട് കേസിനെ കുറിച്ച് ഓര്‍മയില്ലെന്ന രീതിയില്‍ മുന്‍കാല ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതില്‍ ദുരൂഹതയുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു.
സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആര്‍ക്കൈവ്‌സില്‍നിന്ന് തിരികെ ജില്ല ലാന്‍ഡ് ബോര്‍ഡ് ഓഫിസില്‍ എത്തിച്ചിട്ടുണ്ട്. പക്ഷേ, തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മിച്ചഭൂമി കേസ് വിചാരണയില്‍ പരാതിക്കാരന്‍ ഹാജരായില്ലെങ്കില്‍ തല്‍സ്ഥിതി ഹൈക്കോടതിയെ അറിയിക്കണമെന്ന നിര്‍ദേശവും ഇവിടെ അട്ടിമറിക്കപ്പെട്ടു. 2003നു ശേഷം കേസുമായി ബന്ധപ്പെട്ട ഒരുവിവരവും കോടതിയിലെത്തിയിട്ടില്ല. ആറുമാസത്തിനകം തീര്‍പ്പുകല്‍പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ച കേസാണ് 15 വര്‍ഷമായി അട്ടിമറിക്കപ്പെട്ടതെന്ന് പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ എം.എല്‍.എയെ സംരക്ഷിക്കുന്നതിനായി റവന്യു വകുപ്പ് ഒത്തുകളിക്കുന്നതായാണ് പ്രധാന ആരോപണം. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ജോര്‍ജ് എം. തോമസ് എം.എല്‍.എയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."