മേരി കോമിന് പത്മവിഭൂഷണ് ശുപാര്‍ശ
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കായിക താരങ്ങളുടെ പത്മ പുരസ്‌കാരപ്പട്ടിക കായിക മന്ത്രാലയം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ചരിത്രത്തിലാദ്യമായി കൂടുതലും വനിതാ കായിക താരങ്ങളെ ഉള്‍പ്പെടുത്തിയ ലിസ്റ്റില്‍ പത്മവിഭൂഷന്‍ നേടുന്ന ആദ്യ കായിക വനിതയായി കൂടുതല്‍ തവണ ബോക്‌സിങ് ചാംപ്യനായ മേരി കോമിനെ നിര്‍ദേശം ചെയ്തു.
ഭാരതരത്‌ന കഴിഞ്ഞാല്‍ രാജ്യത്തെ പിന്നീടുള്ള സിവിലിയന്‍ പുരസ്‌കാരമാണ് പത്മവിഭൂഷന്‍. അതേസമയം, ഇക്കഴിഞ്ഞ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലെ സുവര്‍ണനേട്ടം സിന്ധുവിനെ പത്മഭൂഷണ്‍ ശുപാര്‍ശയിലേക്ക് നയിച്ചു.
ഹൈദരാബാദ് താരമായ സിന്ധുവിന് 2015ല്‍ പത്മശ്രീ അംഗീകാരം തേടിയെത്തിയിരുന്നു.
ആറ് തവണ ലോക ചാംപ്യന്‍പട്ടം നേടിയതാണ് മേരി കോമിനെ പത്മവിഭൂഷണ്‍ തേടിയെത്തുന്നത്. ലോക അമേച്വര്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ആറ് തവണ സ്വര്‍ണം നേടുന്ന ആദ്യ താരം എന്ന ബഹുമതി മുന്നില്‍ നിര്‍ത്തിയാണ് താരത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിക്കാന്‍ ഒരുങ്ങുന്നത്. ഏഴ് തവണയാണ് താരം ലോക ചാംപ്യന്‍ഷിപ്പില്‍നിന്ന് മെഡല്‍ സ്വന്തമാക്കിയത്.
പത്മവിഭൂഷന്‍ നേടുന്ന നാലാമത്തെ കായിക താരം കൂടിയാണ് 36കാരിയായ മേരി കോം. 2007ല്‍ വിശ്വനാഥന്‍ ആനന്ദ് (ചെസ്), 2008ല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ (ക്രിക്കറ്റ്), സര്‍ എഡ്മണ്ട് ഹിലാരി (പര്‍വതാരോഹണം) എന്നിവരാണ് മുന്‍പ് ഈ ബഹുമതി കരസ്ഥമാക്കിയ കായിക താരങ്ങള്‍. 2006ല്‍ പത്മശ്രീയും 2013ല്‍ പത്മഭൂഷണും സ്വന്തമാക്കിയിട്ടുണ്ട്.
അമ്പെയ്ത്ത് താരം തരുണ്‍ദീപ് റായ്, മുന്‍ ഹോക്കി ഒളിംപ്യന്‍ എം.പി ഗണേഷ്, വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നിസ് സ്റ്റാര്‍ മാണിക ബത്ര, വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വനിതാ ഹോക്കി ക്യാപ്റ്റന്‍ റാണി റാം പാല്‍, മുന്‍ ഷൂട്ടിങ് താരം സുമാ ഷിരൂര്‍, പര്‍വതാരോഹണത്തില്‍ മികവ് കാട്ടിയ ഇരട്ട സഹോദരിമാരായ തശി മാലിക്, നുങ്ശി മാലിക് എന്നിവരെയാണ് പത്മശ്രീക്കായി ശുപാര്‍ശ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."