പ്ലീസ്, ഇനിയെങ്കിലും ഈ വളവില്‍ സൂചനാ ബോര്‍ഡ് സ്ഥാപിക്കണം
അത്തോളി: പാവങ്ങാട്-ഉള്ള്യേരി സംസ്ഥാനപാതയില്‍ അണ്ടിക്കോട് ലീഗ് ഓഫിസിനു സമീപത്തെ ആരോഗ്യ ഉപകേന്ദ്രത്തിനടുത്ത് അപകടം തുടര്‍ക്കഥയാവുന്നു. കഴിഞ്ഞദിവസം കാല്‍നടയാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ മതിലിലിടിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു. ഇതിനു മുന്‍പ് ഇവിടെ നടന്ന അപകടത്തില്‍ തകര്‍ന്ന ആരോഗ്യഉപകേന്ദ്രത്തിന്റെ മതില് കഴിഞ്ഞദിവസമാണു വീണ്ടും പണിതത്. നേരത്തെ നിരവധി അപകടങ്ങളും ഇവിടെ നടന്നിരുന്നു.
കാല്‍നട യാത്രക്കാര്‍ക്ക് നടന്നുപോകാനുള്ള സ്ഥലം റോഡിനു ഇരുവശത്തുമില്ല. എന്നാല്‍ കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുംവിധം ഓവുചാലുകള്‍ക്ക് സ്ലാബിടുന്ന പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തിയിരിക്കുകയാണ്. കൂടാതെ രണ്ടു തണല്‍മരങ്ങള്‍ റോഡിനോടു ചേര്‍ന്നാണ് നില്‍ക്കുന്നത്. ഇരുഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പലപ്പോഴും ഈ വളവില്‍ അപകടനിലയിലാണ് മറികടന്നു പോകുന്നത്. വലിയ വാഹനങ്ങള്‍ മറികടക്കുമ്പോള്‍ ചെറിയ വാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. റോഡ് മുറിച്ചുകടക്കാന്‍ ഏറെ പ്രയാസമാണെന്ന് യാത്രക്കാര്‍ പറയുന്നു. ആവശ്യത്തിനുള്ള വെളിച്ചവും ഇവിടെ ഇല്ല. അപകടസൂചന നല്കുന്ന അടയാളങ്ങള്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് അധികൃതര്‍ ഇതുവരെ ചെവികൊടുത്തിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."