മുങ്ങി മരിക്കാന്‍ പോകുന്ന അഭയാര്‍ഥികളെ രക്ഷിച്ചാല്‍ തടവും പിഴയും
റോം: കുടിയേറ്റം തടയാന്‍ മനുഷ്യത്വരഹിത നിയമവുമായി ഇറ്റലി. കടലില്‍ മുങ്ങിമരിക്കാന്‍ പോകുന്ന അഭയാര്‍ഥികളെ രക്ഷിച്ചാല്‍ ഒരു ദശലക്ഷം യൂറോ (ഏകദേശം 7.90 കോടി രൂപ) വരെ പിഴയും തടവുശിക്ഷയും ലഭിച്ചേക്കാവുന്ന നിയമം ഇറ്റാലിയന്‍ സെനറ്റ് പാസാക്കി.
ഇനി പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ലയുടെ അനുമതികൂടി ലഭിച്ചാല്‍ ഇതു നിയമമാകും. നിയമത്തില്‍ യു.എന്‍ അഭയാര്‍ഥി ഏജന്‍സി യു.എന്‍.എച്ച്.സി.ആര്‍ ആശങ്ക പ്രകടിപ്പിച്ചു. ആഭ്യന്തരമന്ത്രി മാത്യു സാല്‍വിനി രൂപീകരിച്ച നിയമം 57നെതിരെ 160 വോട്ടുകള്‍ക്കാണു വിജയിച്ചത്.
മധ്യധരണ്യാഴിയിലൂടെ യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികള്‍ അപകടത്തില്‍പ്പെടുന്നതും മരിക്കുന്നതും സ്ഥിരം സംഭവമാകുന്നതിനിടെയാണ് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുന്ന തരത്തിലുള്ള ഇറ്റലിയുടെ നീക്കം.
അഭയാര്‍ഥികളെ രക്ഷിക്കാനായി നിരവധി സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ രക്ഷപ്പെടുത്തുന്ന അഭയാര്‍ഥികളുമായി കരയിലെത്തുന്ന ബോട്ടുകളുടെ ക്യാപ്റ്റന്മാരെ അറസ്റ്റ് ചെയ്യാനും ഒന്നര ലക്ഷം മുതല്‍ ഒരു ദശലക്ഷം വരെ പിഴ ചുമത്താനുമുള്ള വകുപ്പുകള്‍ അടങ്ങുന്നതാണ് പുതിയ നിയമം. ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവരുന്നതിന് ആംബുലന്‍സ് ഡ്രൈവറെ ശിക്ഷിക്കുന്നതു പോലുള്ള നടപടിയാണിതെന്ന് 'അതിരുകളില്ലാത്ത ദുരിതാശ്വാസം' (എം.എസ്.എഫ്) സംഘടനയുടെ ഇറ്റലി പ്രസിഡന്റ് ക്ലോദിയ ലോഡിസാനി പറഞ്ഞു. കടലില്‍ മനുഷ്യജീവന്‍ രക്ഷിക്കാനുള്ള ദൗത്യങ്ങളും അന്താരാഷ്ട്ര നാവിക നിയമങ്ങളും ലംഘിക്കാന്‍ ഇറ്റലി ശ്രമിക്കുകയാണെന്ന് 'സീവാച്ച് ' അഭിപ്രായപ്പെട്ടു.
ആഭ്യന്തര സംഘര്‍ഷം നിറഞ്ഞ ആഫ്രിക്കന്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മധ്യധരണ്യാഴിയിലൂടെ യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."