വായിച്ചെടുക്കണം ഈ ഐക്യദാര്‍ഢ്യസന്ദേശം
ഡല്‍ഹിയിലെ എ.കെ.ജി ഭവനില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്തുകൊണ്ട് സംഘ്പരിവാര്‍ തുടക്കമിട്ട പുതിയ രാഷ്ട്രീയസംഘര്‍ഷം കാരണം ഡല്‍ഹിക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല. സാധാരണ ഇത്തരം കടങ്ങള്‍ തീര്‍ക്കുന്നതില്‍ കണിശത പുലര്‍ത്തുന്ന സി.പി.എമ്മിന് ഡല്‍ഹിയില്‍ അതിനുതക്ക ആള്‍ബലമില്ലാത്തിനാല്‍ അവിടെയൊന്നും ചെയ്യാനായില്ല.
അതിന്റെ പ്രത്യാഘാതം അനുഭവിച്ചു തീര്‍ക്കേണ്ട വിധി കേരളീയര്‍ക്കാണ്. ഇത്തരം ബാധ്യതകള്‍ കുടിശ്ശികയാക്കി നിര്‍ത്താന്‍ ഒട്ടും ഇഷ്ടമില്ലാത്തതിനാല്‍ സി.പി.എമ്മുകാര്‍ കേരളത്തില്‍ നടത്തിയ ചില പ്രതിഷേധങ്ങള്‍ ബി.ജെ.പി ഓഫിസുകള്‍ക്കു നേരേയുള്ള അക്രമങ്ങള്‍ക്കു വഴിയൊരുക്കി. അക്രമം നടത്താന്‍ ഒരു കാരണം കണ്ടെത്താന്‍ മസിലു പെരുപ്പിച്ചു കാത്തിരിക്കുന്ന ബി.ജെ.പിക്കാര്‍ കോഴിക്കോട്ട് അതിനു സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫിസുതന്നെ തിരഞ്ഞെടുത്തു. അതോടെ സംഘര്‍ഷം കത്തിപ്പടര്‍ന്നു.
ഇതിന്റെ ഫലം ചെറുതായൊന്നുമല്ല കോഴിക്കോട്ടുകാര്‍ അനുഭവിച്ചത്. തുടര്‍ച്ചയായ ഹര്‍ത്താലില്‍ രണ്ടു ദിവസം ജില്ല സ്തംഭിച്ചു. അത് അവിടെയും നില്‍ക്കുന്ന ലക്ഷണമില്ല. ഇരുപക്ഷവും പോര്‍വിളി തുടരുകയാണ്. മനുഷ്യരെ സമാധാനത്തോടെ ജീവിക്കാന്‍ വിടില്ലെന്നു ചുരുക്കം. പ്രതിപക്ഷ ശബ്ദങ്ങളോടുള്ള അസഹിഷ്ണുതയും കൈയൂക്കിന്റെ രാഷ്ട്രീയഭാഷയും സംഘ്പരിവാറിന്റെ സ്ഥിരംശൈലിയാണ്. അവര്‍ നടത്തുന്ന സമാനമായ അക്രമങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി സംഭവിക്കുന്നുമുണ്ട്. അത്തരമൊരു അവിവേകമായി ഡല്‍ഹിയിലെ അക്രമത്തെ കണക്കാക്കാമെങ്കിലും ഇതിനു പിന്നില്‍ ചില ആസൂത്രിത ലക്ഷ്യങ്ങളുണ്ടെന്നു സംശയിക്കാവുന്ന സാഹചര്യത്തെളിവുകളുണ്ട്.
എങ്ങനെയെങ്കിലും കേരളത്തില്‍ പാര്‍ട്ടി വളര്‍ത്തണമെന്നും അതിനു ദേശീയ നേതൃത്വത്തിന്റെ എല്ലാവിധ സഹായവും ഉണ്ടാകുമെന്നും ദേശീയ പ്രസിഡന്റ് അമിത് ഷാ ഏതാനും ദിവസം മുന്‍പ് ഇവിടെ വന്നു നേതാക്കളോടു പറഞ്ഞിരുന്നു. സംസ്ഥാന നേതൃയോഗത്തില്‍ ഷാ പലതവണ കേരളത്തെ ഗുജറാത്തുമായി താരതമ്യപ്പെടുത്തി സംസാരിച്ചതായും വാര്‍ത്തയുണ്ട്. അദ്ദേഹം തിരിച്ചുപോയതിനു തൊട്ടുപിറകെയാണ് ഈ സംഭവങ്ങള്‍.
ഹിംസാത്മക സ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ വളരാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് അക്രമവും അതിന്റെ തുടര്‍ച്ചയായ രക്തസാക്ഷിയെ സൃഷ്ടിക്കലുമൊക്കെ. എ.കെ.ജി ഭവനിലെ അക്രമം കേന്ദ്രനേതൃത്വത്തില്‍നിന്നുള്ള സഹായവും തുടര്‍ന്നു കേരളത്തില്‍ അരങ്ങേറുന്ന അക്രമപരമ്പര പാര്‍ട്ടി വളര്‍ത്താനുള്ള പ്രയത്‌നവുമായി ചിലരെങ്കിലും സംശയിച്ചുപോകുന്ന തരത്തിലാണു ബി.ജെ.പിക്കാര്‍ തന്നെ കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. അസഹിഷ്ണുതയിലും പേശീബലപ്രയോഗത്തിലും ബി.ജെ.പിക്ക് ഒട്ടും പിറകിലല്ലാത്ത സി.പി.എമ്മാണ് എതിര്‍പക്ഷത്ത് എന്നതിനാല്‍ ഇത്തരം തന്ത്രങ്ങള്‍ ഫലിക്കുന്ന രാഷ്ട്രീയസാഹചര്യം നാട്ടില്‍ നിലനില്‍ക്കുന്നുമുണ്ട്.
മനുഷ്യത്വവിരുദ്ധമായ ലക്ഷ്യങ്ങളുള്ള, അതു നേടാന്‍ ഏതു ഹീനമാര്‍ഗവും സ്വീകരിക്കാന്‍ മടിയില്ലാത്ത പ്രസ്ഥാനമാണു സംഘ്പരിവാറെന്ന് അവര്‍ പലതവണ തെളിയിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ ഗുജറാത്ത്. ലോകമനഃസാക്ഷിയെ നടുക്കിയ അതിക്രൂരമായ വംശഹത്യയിലൂടെയാണ് അവിടെ ബി.ജെ.പി രാഷ്ട്രീയാധിപത്യം ഉറപ്പിച്ചത്. അവരുടെ അടുത്ത ലക്ഷ്യമായ കേരളത്തില്‍ സമാനതന്ത്രങ്ങള്‍ പയറ്റാന്‍ സാധ്യത ഏറെയാണ്. ഇവിടെ അവര്‍ക്കു വളരണമെങ്കില്‍ പ്രബല മതേതരരാഷ്ട്രീയ കക്ഷികള്‍ ക്ഷീണിക്കേണ്ടതുണ്ട്.
അക്കൂട്ടത്തില്‍ ഒന്നാംസ്ഥാനത്തുള്ള സി.പി.എമ്മിനെ അവര്‍ പ്രധാനലക്ഷ്യമാക്കുന്നതു യാദൃച്ഛികമാവാനിടയില്ല. അതാദ്യം തിരിച്ചറിയേണ്ടതു സി.പി.എം നേതാക്കളാണ്. ബി.ജെപിക്കു കേരളത്തില്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതുകൊണ്ട് ഏതറ്റംവരെയും പോകാം. സി.പി.എമ്മിന്റെ അവസ്ഥയതല്ല. ദേശീയരാഷ്ട്രീയത്തില്‍ അവരുടെ അവശേഷിക്കുന്ന ഏക മേല്‍വിലാസം കേരളമാണ്. അതുകൂടി നഷ്ടപ്പെടുത്തുന്നത് ആത്മഹത്യാപരമാണ്.
ചെറിയൊരു പ്രകോപനത്തില്‍പോലും പ്രകോപിതരായി തിരിച്ചടിക്കുന്ന ശീലത്തില്‍ നിന്നു സി.പി.എം പ്രവര്‍ത്തകരെ നേതാക്കള്‍ പിന്തിരിപ്പിക്കണം. വടിവാളും നാടന്‍ബോംബുമൊക്കെ താഴെയിട്ടു രാഷ്ട്രീയശത്രുക്കളെ രാഷ്ട്രീയമായി നേരിടാന്‍ അവരെ ശീലിപ്പിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടും.
യെച്ചൂരിക്കു നേരെയുണ്ടായ സംഘ്പരിവാര്‍ അക്രമത്തെ അപലപിച്ചവരില്‍ കേരളത്തിലെ സി.പി.എമ്മിന്റെ രാഷ്ട്രീയശത്രുക്കള്‍ കൂടിയുണ്ടെന്ന് ഓര്‍ക്കണം. സംഘ്പരിവാര്‍ അതിക്രമത്തിനെതിരേ ലഭിക്കുന്ന ഈ ഐക്യദാര്‍ഢ്യം നല്‍കുന്ന സന്ദേശം സി.പി.എം നേതാക്കള്‍ വായിച്ചെടുക്കണം. ഒരുപാടു തകരാറുകളുള്ളതാണെങ്കിലും മതേതരകക്ഷിയായ സി.പി.എം തകരുകയും ആ വിടവിലൂടെ സംഘ്പരിവാര്‍ വളരുകയും ചെയ്യുന്നതു കേരളീയസമൂഹത്തിനു കണ്ടുനില്‍ക്കാന്‍ സുഖമുള്ള കാര്യമല്ല.
♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
കന്നുകാലി വില്‍പനയ്ക്കും കശാപ്പിനും നിയന്ത്രണം ഏര്‍പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണി സ്വീകരിച്ച നിലപാടു ശ്രദ്ധിക്കേണ്ടതാണ്. വിജ്ഞാപനത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പ്രമേയം അവതരിപ്പിക്കുന്നതു സാങ്കേതികത്വം പറഞ്ഞു മുടക്കാന്‍ തുടക്കം മുതല്‍ മാണി ശ്രമിച്ചു. ചര്‍ച്ചയില്‍ കേന്ദ്രവിജ്ഞാപനത്തെ ചടങ്ങുപോലെ എതിര്‍ത്തെങ്കിലും സംസാരിക്കാന്‍ ലഭിച്ച സമയത്തിന്റെ പകുതിവച്ചു പ്രസംഗം നിര്‍ത്തി.
ഭാവി കണ്ടുകൊണ്ടാണ് ഈ കളിയെന്ന് അന്നുതന്നെ കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. പാര്‍ട്ടി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുന്‍പ് ഏതങ്കിലും മുന്നണിയുടെ ഭാഗമാകുമെന്നു തൊട്ടുപിറകെ മാണിയുടെയും സി.എഫ് തോമസിന്റെയും പ്രഖ്യാപനമുണ്ടായി. അമിത് ഷാ കേരളം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്കു മാണി ശ്രമിച്ചെന്നും അല്‍ഫോന്‍സ് കണ്ണന്താനവും പി.സി. തോമസും ചേര്‍ന്ന് അതു തടയുകയായിരുന്നെന്നും പി.സി ജോര്‍ജ് പത്രസമ്മേളനം നടത്തി പറയുകയും ചെയ്തു.ഇതിനിടയില്‍ മാണിയെ മാരണമെന്നു വിശേഷിപ്പിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗവുമെഴുതി. എല്ലാം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തം. മാണി ഇപ്പോള്‍ നോക്കുന്നതു വടക്കോട്ടാണ്, അങ്ങു വടക്കേയറ്റത്തു ഡല്‍ഹിയിലേയ്ക്ക്.
ഈ നീക്കത്തില്‍ അത്ഭുതമൊന്നുമില്ല. കേരള കോണ്‍ഗ്രസ് രാഷ്ട്രീയം അങ്ങനെയാണ്. അധികാരവും സമ്പത്തുമാണ് ലക്ഷ്യം. അതു നേടുന്ന മാര്‍ഗത്തെക്കുറിച്ചുള്ള ചിന്ത കേരള കോണ്‍ഗ്രസ് പശ്ചാത്തലമുള്ള നേതാക്കളെയൊന്നും അലട്ടാറില്ല. ഇതൊരു മാണിയുടെ മാത്രം കാര്യമല്ല. ചെറുതും വലുതുമായ കേരള കോണ്‍ഗ്രസുകളെല്ലാം തന്നെ സൗകര്യാനുസരണം ആരുമായും കൂട്ടുകൂടാന്‍ ഏതു സമയത്തും ഒരുക്കമാണെന്ന് അവരുടെ രാഷ്ട്രീയചരിത്രം പരിശോധിച്ചാലറിയാം. എല്‍.ഡി.എഫിലും യു.ഡി.എഫിലും ഇപ്പോള്‍ കേരള കോണ്‍ഗ്രസുകളുണ്ട്.
ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയിലുമുണ്ട് ഒരു കേരള കോണ്‍ഗ്രസ്. മുന്നണികള്‍ക്കു പുറത്തുനില്‍ക്കുന്ന മാണിയുടെ കേരള കോണ്‍ഗ്രസ് ഈയിടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്നുകൊണ്ട് അധികാരം കിട്ടിയാല്‍ ആരു വിളിച്ചാലും കൂടെ പോകുമെന്ന സന്ദേശം നല്‍കിയിട്ടുമുണ്ട്. അതു കണ്ണന്താനമോ പി.സി തോമസോ വിചാരിച്ചാല്‍ തടയാനാവില്ല. കേരളത്തില്‍വച്ച് അമിത് ഷായെ കാണാന്‍ സാധിച്ചില്ലെന്നതിന്റെ പേരില്‍ പോകാനുള്ള മാണി വഴിയില്‍ തങ്ങില്ല. ഡല്‍ഹിയിലേക്ക് ഒരു വിമാന ടിക്കറ്റെടുക്കാന്‍ കഴിവില്ലാത്ത പാര്‍ട്ടിയൊന്നുമല്ലല്ലോ അദ്ദേഹത്തിന്റേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."