'കോടതിവിധി അംഗീകരിക്കുന്നു പ്രതിഷേധത്തോട് യോജിപ്പില്ല'
കൊല്ലം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ സംയുക്ത സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിശ്വാസികളുടെ വികാരത്തിനൊപ്പമാണ് സംഘടന നിലകൊള്ളുന്നത്. എന്നാല്‍ നിരത്തിലിറങ്ങിയുള്ള പ്രതിഷേധങ്ങള്‍ ശരിയല്ല. വിധിക്കതിരേ നടത്തുന്ന അക്രമങ്ങളെ തടയണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ മലയരന്‍മാരുടെ അവകാശവാദത്തെക്കുറിച്ച് സമിതി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കും. ഇതിന് ശേഷമായിരിക്കും ഈ വിഷയത്തില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകുക.
ഭരണഘടന വിഭാവനം ചെയ്യുന്ന പരിരക്ഷകള്‍ അട്ടിമറിക്കുകയും സംവരണം വിവിധ മേഖലകളില്‍ നിന്നും തുടച്ചു നീക്കുന്നതിനുമെതിരേ സംസ്ഥാന വ്യാപകമായി നടത്തുന്ന സംഗമത്തിന്റെ ഭാഗമായി കൊല്ലത്ത് തുല്യനീതി സംഗമം നടത്തും. നവംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ചിന്നക്കടയില്‍ നടക്കുന്ന സംഗമം പട്ടികജാതി പട്ടിക വര്‍ഗ സംയുക്ത സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ മുളവന തമ്പി ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ സംയുക്ത സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍, ജില്ലാ പ്രസിഡന്റ് ഒ. കുഞ്ഞുപിള്ള, ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജന്‍, ബി.വി.എസ് ജില്ലാ പ്രസിഡന്റ് സി.കെ രവീന്ദ്രന്‍, കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് തട്ടാശ്ശേരി രാജന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."