വാര്‍ഷിക പദ്ധതി: വകുപ്പുകള്‍ അഞ്ചിനകം റിപ്പോര്‍ട്ട് നല്‍കണം
കണ്ണൂര്‍: 2019, 20 വാര്‍ഷിക പദ്ധതികളുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ നവംബര്‍ അഞ്ചിനു മുമ്പ് തയാറാക്കി നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം ആവശ്യപ്പെട്ടു. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ ഊന്നല്‍ നല്‍കേണ്ട മേഖലകള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഉള്‍പ്പെടുത്തേണ്ട പദ്ധതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടാണ് നല്‍കേണ്ടത്. പദ്ധതി രൂപീകരണത്തിന് ശേഷമുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണിതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
മഴക്കെടുതിയില്‍ നാശനഷ്ടങ്ങളുണ്ടായ മേഖലകളെ പ്രത്യേകം പരിഗണിക്കുന്ന പദ്ധതികള്‍ വേണം. കൃഷി, ക്ഷീരമൃഗസംരക്ഷണം തുടങ്ങിയ മേഖലകളില്‍ വലിയ നാശനഷ്ടങ്ങളാണ് പ്രളയത്തിലും ഉരുള്‍പൊട്ടലിലും ജില്ലയിലുണ്ടായത്. കൃഷി ഭൂമി തന്നെ പൂര്‍ണമായി ഇല്ലാതായിപ്പോവുന്ന സ്ഥിതിയുണ്ടായി. ഈ ഭൂമികള്‍ വീണ്ടെടുക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ഇതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ കൂടിയാലോചനകള്‍ നടത്തണം. ഈ പ്രദേശങ്ങളിലെ മണ്ണു പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തിയ ശേഷം ആവശ്യമായ പദ്ധതികള്‍ രൂപീകരിക്കണം. കാലവര്‍ഷത്തെ തുടര്‍ന്ന് പുഴകളുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന രീതിയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികളെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ ആലോചിക്കണമെന്നും ആസൂത്രണ സമിതി നിര്‍ദേശിച്ചു.
ദുരന്തവേളയില്‍ അനുവര്‍ത്തിക്കേണ്ട നടപടികളെ കുറിച്ച് ഗ്രാമതലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. തദ്ദേശ സ്ഥാപനങ്ങള്‍ അന്തിമപദ്ധതികള്‍ ഡിസംബര്‍ 17നകം ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. ഡിസംബര്‍ 31ഓടെ പദ്ധതികള്‍ക്ക് അംഗീകാരം നേടണമെന്നും കെ.വി സുമേഷ് പറഞ്ഞു. കെ.പി ജയബാലന്‍, പി.കെ ശ്യാമള, കെ. സുകുമാരന്‍, അജിത്ത് മാട്ടൂല്‍, സുമിത്ര ഭാസ്‌കരന്‍, കെ.വി ഗോവിന്ദന്‍, കെ. പ്രകാശന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."