യുവതി വൃദ്ധയുടെ ഒന്നര പവന് സ്വര്‍ണമാലയുമായി മുങ്ങി
മാള: റോഡില്‍ വച്ച് പരിചയപ്പെട്ട യുവതി വൃദ്ധയുടെ ഒന്നര പവന് വരുന്ന സ്വര്‍ണമാലയുമായി മുങ്ങി. മാള ടൗണില്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം തനിച്ച് താമസിക്കുന്ന പരേതനായ പ്ലാക്കില്‍ ഇട്ടൂപ്പിന്റെ ഭാര്യക്കാണ് ഈ ദുര്‍ഗതിയുണ്ടായത്. കഴിഞ്ഞ ദിവസമാണ് സംഭവം.
ടൗണില്‍ വച്ച് പരിചയപ്പെട്ട് അടുത്തു കൂടിയ വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച യുവതി വൃദ്ധയുടെ വീട്ടിലേക്ക് വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. യുവതിയുടെ വാചകമടിയിലൂടെ സൗഹൃദത്തിലായ വൃദ്ധ സന്തോഷത്തോടെ യുവതിയെ തന്റെ വീട്ടിലേക്ക് കൊണ്ടു പോയി. വൃദ്ധയുടെ പഴയ വീട്ടിലെത്തിയ യുവതി ഈ വീട് പുതുക്കി പണിയണമെന്നും കോടീശ്വരിയായ താനതിനായി അഞ്ച് ലക്ഷം രൂപ തന്ന് സഹായിക്കാമെന്നും വൃദ്ധയെ പറഞ്ഞ് ധരിപ്പിച്ചു. തുടര്‍ന്ന് തന്റെ കഴുത്തില്‍ കിടന്ന മാല ഊരി വൃദ്ധക്ക് നല്‍കിയിട്ട് ഈ മാല അഞ്ച് പവനുണ്ടെന്നും ഇത് വിറ്റ് കിട്ടുന്ന പണമുപയോഗിച്ച് വീടിന്റെ പുനര്‍നിര്‍മ്മാണം നടത്തണമെന്നും പറഞ്ഞു. ബാക്കി പണം അടുത്ത ദിവസം തന്റെ ഭര്‍ത്താവ് എത്തിക്കുമെന്നും പറഞ്ഞ യുവതി വൃദ്ധയുടെ കഴുത്തില്‍ കിടന്ന മാല ഊരി തന്റെ കഴുത്തിലിടുകയും ചെയ്തു. വീണ്ടും കാണാമെന്ന വാഗ്ദാനവും നല്കി യുവതി കടന്നു. യുവതി നല്കിയ മാല വില്‍ക്കാനായി ടൗണിലെ സ്വര്ണക്കടയിലെത്തിയപ്പോഴാണ് അത് മുക്കുപണ്ടമാണെന്ന് വൃദ്ധ മനസ്സിലാക്കിയത്. തുടര്‍ന്ന് അശരണയായ വൃദ്ധ മാള പൊലിസില്‍ പരാതി നല്‍കിയിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."