കക്കൂസ് മാലിന്യം ചോരുന്നു: ദുര്‍ഗന്ധം വമിച്ച് മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം
മണ്ണാര്‍ക്കാട്: ദുര്‍ഗന്ധം വമിച്ച് വൃത്തിഹീനമായ സാഹചര്യത്തില്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് കക്കൂസ് മാലിന്യം ഭിത്തിയിലൂടെ കിനിഞ്ഞിറങ്ങി ദുരിതത്തിനൊപ്പം അസഹനീയമായ ദുര്‍ഗന്ധവുമാണ് വിവിധ അവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും സമ്മാനിക്കുന്നത്.
മുകള്‍നിലയില്‍ സ്ഥിതിചെയ്യുന്ന ആര്‍.ടി.ഒ ഒഫിസിന് സമീപമുള്ള കോമണ്‍ ടോയ്‌ലറ്റില്‍നിന്നുമാണ് മാലിന്യം താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ വകുപ്പിന്റെ ഒഫിസിനു മുന്നിലേക്ക് ഒലിച്ചിറങ്ങുന്നത്. നിരന്തരം പി.ഡബ്ല്യു.ഡി അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും യാതൊരു നടപടിയും ഇതിനായി കൈകൊണ്ടിട്ടില്ല. തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഒഫിസ് പ്രവര്‍ത്തിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ദിവസേന നിരവധി പേരാണ് ഇവിടെ എത്തുന്നത്. മാലിന്യം കെട്ടികിടക്കുന്ന തറയിലൂടെ നടന്നുവേണം ജീവനക്കാര്‍ക്ക് ഒഫിസില്‍ പ്രവേശിക്കാന്‍.
വികസന സമിതിയില്‍ ഈ പ്രശ്‌നം ഉന്നയിച്ചിട്ടും യാതൊരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പരാതി നല്‍കിയിട്ടും നിരന്തരം വിളിച്ചു പറഞ്ഞിട്ടും തിരിഞ്ഞുനോക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച മിനി സിവില്‍ സ്റ്റേഷന്‍ നാഥനില്ലാതെ ശോചനീയാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നത് തികച്ചും അപലപനീയമാണ്. ഇതിനുവേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് സ്റ്റേഷനിലെത്തുന്നവരുടെയും ജീവനക്കാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."