നിറവേറ്റാനാവാത്ത വാഗ്ദാനങ്ങള്‍ ബി.ജെ.പി ജനങ്ങള്‍ക്ക് നല്‍കരുതെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. നിറവേറ്റാനാവാത്ത വാഗ്ദാനങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ശോഭ ഒസ പറഞ്ഞു.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നു. കര്‍ഷകരുടെ ഇന്നത്തെ സാഹചര്യത്തില്‍ അവരെ ഉപേക്ഷിക്കുന്നത് ശരിയല്ല. കര്‍ഷക ആത്മഹത്യയേക്കാള്‍ നിര്‍ഭാഗ്യകരമായി മറ്റൊന്നും ഇല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കര്‍ഷകരെ ഇങ്ങനെ മരിക്കാന്‍ വിടരുതെന്നും അവര്‍ നമ്മുടെ നാടിന് അന്നം നല്‍കുന്നവരാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി.എസ് തുളസി പറഞ്ഞു.
കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ ഉത്സാഹിക്കുന്ന സംസ്ഥാനങ്ങള്‍ അതിനുള്ള പണം സ്വന്തം വഴിക്ക് കണ്ടെത്താനും ശ്രമിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രസ്താവിച്ചിരുന്നു. മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളിയതിനു പിറകെയാണ് ജെയ്റ്റ്‌ലിയുടെ പ്രസ്താവന പുറത്തുവന്നത്. കാര്‍ഷിക കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പങ്കാളിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തില്‍ കടം എഴുതിത്തള്ളാന്‍ നിന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
വന്‍ കാര്‍ഷിക ഉല്‍പാദനത്തെ തുടര്‍ന്ന് ധാന്യങ്ങള്‍ക്കുണ്ടായ വിലയിടിവും കടബാധ്യതയും കാരണം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകസമരം രൂക്ഷമായിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതടക്കമുള്ള ബി.ജെ.പി സര്‍ക്കാരുകള്‍ക്കാണ് ജെയ്റ്റ്‌ലിയുടെ പ്രസ്താവന വലിയ തിരിച്ചടിയാകുക. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തും അടുത്ത വര്‍ഷം നടക്കുന്ന മധ്യപ്രദേശും വന്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കാണ് സാക്ഷിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."