മതാധ്യാപനത്തിന് കരുത്തേകാന്‍ വീണ്ടുമൊരു മുഅല്ലിം ദിനം
.
മതവിജ്ഞാനങ്ങളുടെ പവിത്രമായ പൈതൃകം കാത്തുസൂക്ഷിച്ച്, പാരമ്പര്യത്തനിമയോടെ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്നതാണ് സമസ്തയുടെ കീഴ്ഘടകങ്ങളായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെയും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും പ്രധാന ദൗത്യം. സമസ്തക്കു കീഴിലെ പതിനായിരത്തോളം മദ്‌റസകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പുരോഗതിക്കു വേണ്ട ബഹുമുഖമായ പുതിയ മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതും ഈ രണ്ടു സംഘടനകളാണ്.
1959ല്‍ രൂപം കൊണ്ട ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം നിലവില്‍ 475 റെയ്ഞ്ചുകളിലും 21 ജില്ലാ ഘടകങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. മദ്‌റസാ അധ്യാപകര്‍ക്ക് ശാസ്ത്രീയമായ അധ്യാപന പരിശീലനം നല്‍കുന്നതോടൊപ്പം അവരുടെ നാനോന്മുഖ നന്മക്കും അഭിവൃദ്ധിക്കും വേണ്ടി സംഘടനയുടെ കീഴില്‍ വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
വീട് നിര്‍മാണം, വിവാഹം, ചികിത്സ, പ്രസവം, വിധവാസംരക്ഷണം, അവശസഹായം, സര്‍വിസ് ആനുകൂല്യം, പെന്‍ഷന്‍, മരണാനന്തരക്രിയാ സഹായം, പ്രവര്‍ത്തക അലവന്‍സ്, മോഡല്‍ ക്ലാസ് അലവന്‍സ്, മദ്‌റസാ ഗ്രാന്റുകള്‍, വിവിധ അവാര്‍ഡുകള്‍, മുഅല്ലിം നിക്ഷേപ പദ്ധതി, കലാസാഹിത്യ മത്സരം, വിവിധ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി ഒട്ടനവധി പദ്ധതികളാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇതിനകം വിജയകരമായി പ്രയോഗവത്കരിച്ചു കൊണ്ടിരിക്കുന്നത്. കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള കേരളത്തിലെ ഇതര സാമുദായിക സംഘടനകള്‍ക്കു പോലും സാധിക്കാത്ത സംരംഭങ്ങളും പദ്ധതികളുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ പോലും കവച്ചുവയ്ക്കുന്ന വിധം ശാസ്ത്രീയവും അന്യൂനവുമാണ് സംഘടനയുടെ പ്രവര്‍ത്തന രീതികള്‍ എന്നുതന്നെ പറയാം.
രാജ്യത്ത് മതപഠനം കനത്ത വെല്ലവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരു വശത്ത്, മതവിദ്യാര്‍ഥികളെ സംശയ നിഴലിലാക്കി, ഭീതിയോടെ സമീപിക്കുന്ന സാഹചര്യമാണുള്ളത്. മദ്‌റസകള്‍ തീവ്രവാദ ചിന്തകളുടെ പ്രഭവകേന്ദ്രങ്ങളാണെന്നു പോലും പ്രചരിപ്പിക്കപ്പെടുന്നു. മറുവശത്ത്, മതവിദ്യാഭ്യാസം ഐച്ഛികമായിക്കാണുന്ന തലമുറയാണ് വളര്‍ന്നുവരുന്നത്. ഈയൊരു സാഹചര്യത്തില്‍ മദ്‌റസാ പ്രസ്ഥാനത്തെ ക്രിയാത്മകമായി നിലനിര്‍ത്തുകയെന്നതും പ്രതികൂലാവസ്ഥകളെ അതിജീവിക്കാന്‍ പ്രാപ്തമാക്കുകയെന്നതുമാണ് സംഘടനാ പ്രവര്‍ത്തകര്‍ നിര്‍വഹിക്കേണ്ട പ്രധാന ദൗത്യം. പുതിയ കാലത്ത് നിരവധി പ്രതിസന്ധികളാണ് മദ്‌റസാ പ്രസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്നത്. അധ്യാപക ക്ഷാമം, അധ്യാപനത്തിനുള്ള സമയക്കുറവ്, ശാസ്ത്രീയ സംവിധാനങ്ങളുടെ ഇല്ലായ്മകള്‍, മതപഠനത്തിനോടുള്ള വിമുഖത, പഠിച്ചറിഞ്ഞ കാര്യങ്ങള്‍ പുതുതലമുറയുടെ പ്രായോഗിക ജീവിതത്തില്‍ അവഗണിക്കപ്പെടുന്നത് തുടങ്ങി ഒട്ടനേകം ഘടകങ്ങള്‍ മദ്‌റസകളുടെ ത്വരിത ഗമനത്തിന് തടസം സൃഷ്ടിക്കുന്നു. ഗള്‍ഫ് കുടിയേറ്റത്തിലൂടെയും മറ്റു കച്ചവട മേഖലകളിലൂടെയും മുസ്‌ലിം സമൂഹം ആപേക്ഷികമായി സാമ്പത്തികാഭിവൃദ്ധി നേടിക്കഴിഞ്ഞുവെങ്കിലും ഈ മാറ്റം തീരെ ചലനം സൃഷ്ടിക്കാത്ത മേഖലയാണ് മുഅല്ലിംകളുടെ സേവനരംഗം. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ കൂടിയാകുന്നതോടെ വലിയൊരു ശതമാനം മുഅല്ലിംകള്‍ മറ്റുവഴികള്‍ തേടിയിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. പലരും ഭാഗ്യം തേടി ഗള്‍ഫിലേക്കും മറ്റു തൊഴിലുകളിലേക്കും ചുവടുമാറ്റുന്നു. കൂടാതെ സമൂഹത്തിലെ നല്ലൊരു വിഭാഗം മതവിജ്ഞാനത്തോട് പുലര്‍ത്തുന്ന അവജ്ഞയും അവഗണനാ മനോഭാവവും പുതുതലമുറയെ ഈ തൊഴിലില്‍നിന്നു പിന്തിരിപ്പിക്കുന്നു.
ഈയൊരു സങ്കീര്‍ണ സാഹചര്യത്തില്‍, പൊതുസമൂഹത്തെ ഇതിന്റെ ഗൗരവം ബോധിപ്പിക്കുക, പുതിയ പരിഹാര മാര്‍ഗങ്ങള്‍ തേടുക, വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വര്‍ഷവും ഒരു ദിവസം മുഅല്ലിം ദിനമായി ആചരിക്കാന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തീരുമാനിച്ചത്. രൂക്ഷമായ സാമ്പത്തിക പരാധീനതകള്‍ മൂലം മുഅല്ലിംകളുടെ കൊഴിഞ്ഞുപോക്കിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ മുഅല്ലിം ക്ഷേമനിധിയിലേക്കുള്ള ഫണ്ട് സമാഹരണവും ഇതോടനുബന്ധിച്ച് നടക്കുന്നു.
അസംഘടിതത്വവും അരാജകത്വവും രൂക്ഷമായ പുതുതലമുറയെ നന്മയുടെ വഴികളിലേക്ക് തിരിച്ചുവിടുകയെന്നതാണ് മുഅല്ലിം ഡേ നല്‍കുന്ന സന്ദേശം. ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രക്ഷിതാക്കളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുക വഴി വിദ്യാര്‍ഥികളെ വ്യക്തിപരമായി തന്നെ നിരീക്ഷിക്കുമ്പോള്‍ മദ്‌റസകളില്‍ ഈ സംവിധാനം അന്യമാണ്. മകനെ, മകളെ ഒന്നാം തരത്തില്‍ ചേര്‍ത്താല്‍ പിന്നെ തിരിഞ്ഞുനോക്കണമെന്നില്ല. ഇത്തരം സമ്പര്‍ക്കമില്ലായ്മ കാരണം കുട്ടികള്‍ ദുഷിച്ചുപോകാന്‍ സാധ്യതകളേറെയാണെന്ന് മനസിലാക്കി രക്ഷാകര്‍തൃ സമൂഹത്തിന് മദ്‌റസയും അധ്യാപകരുമായി ബന്ധമുണ്ടാക്കാനും ആശയവിനിമയങ്ങള്‍ നടത്താനും സന്ദര്‍ഭങ്ങളുണ്ടാക്കി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതോടൊപ്പം മുസ്‌ലിം സമൂഹത്തിന്റെ ചരിത്രമോ പാരമ്പര്യ വിശേഷങ്ങളോ തിരിച്ചറിയാത്ത, ഭൗതിക ലബ്ധി മാത്രം ലക്ഷ്യം വയ്ക്കുന്ന സമുദായത്തിലെ ആധുനിക പൗരവിഭാഗങ്ങളെ ജ്ഞാന പാരമ്പര്യങ്ങളെ കുറിച്ച് ഓര്‍മപ്പെടുത്താനും മതവിദ്യാഭ്യാസത്തിനാവശ്യമായ നൂതന സൗകര്യങ്ങള്‍ മനസിലാക്കിക്കൊടുക്കാനും മുഅല്ലിം ദിനത്തില്‍ സമയം കണ്ടെത്തണം.
ജീവിത സാഹചര്യങ്ങളും ദൈനംദിന ചെലവുകളും വര്‍ധിക്കുകയും വേതനം കാലോചിതം വര്‍ധിക്കാതിരിക്കുകയും ചെയ്തപ്പോള്‍ മിക്ക മദ്‌റസാ അധ്യാപകരും സേവനരംഗം മാറാന്‍ തുടങ്ങി. ഇതിന്റെ ഭവിഷ്യത്ത് മനസിലാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്‌റസാ അധ്യാപകരെ സാമ്പത്തികമായി സഹായിക്കുന്നതിനായി പലതരം ക്ഷേമപദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. കോഴ്‌സുകളും സര്‍വിസും പരിഗണിച്ച് 2,500 രൂപ വരെ സര്‍വിസ് ആനുകൂല്യവും മക്കളുടെ വിവാഹം, വീട് നിര്‍മാണം, ബന്ധപ്പെട്ടവരുടെ ചികിത്സ, പ്രസവം, മരണപ്പെട്ട മുഅല്ലിമിന്റെ കുടുംബ സംരക്ഷണം, മരണാനന്തരക്രിയ തുടങ്ങിയവക്കുള്ള സഹായം, സര്‍വിസ് പൂര്‍ത്തിയാക്കി പിരിയുന്നവര്‍ക്ക് മാസാന്ത പെന്‍ഷന്‍, സര്‍വിസില്ലാതെ സേവനം നിര്‍ത്തുന്നവര്‍ക്ക് സമാശ്വാസമായി അവശസഹായം തുടങ്ങിയവയും നല്‍കിവരുന്നു. പ്രസ്ഥാനത്തിന്റെ സുവര്‍ണ ജൂബിലി സമ്മേളന സ്മാരകോപഹാരമായി നിരവധി മുഅല്ലിംകള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ സാധിച്ചതും ചേര്‍ത്തു വായിക്കേണ്ടതാണ്.
മദ്‌റസാ, വിദ്യാര്‍ഥി-അധ്യാപക ക്ഷേമോന്നമന പ്രവൃത്തികള്‍ക്കും പദ്ധതികള്‍ക്കുമായി കോടിക്കണക്കിന് രൂപയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷാവര്‍ഷം ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. ക്ഷേമനിധിയില്‍നിന്ന് ഈ വര്‍ഷം മുതല്‍ വിവാഹം, വീട് എന്നീ ആവശ്യങ്ങളില്‍ 27,000 രൂപ വരെയും ചികിത്സ, വിധവാ, അടിയന്തര സഹായം എന്നിവക്ക് 15,000 രൂപ വരെയും അവശതാ സഹായം 8,000 രൂപ വരെയും വര്‍ധിപ്പിച്ചു.മരണാനന്തരക്രിയാ സഹായം, കിണര്‍, ശൗചാലയ നിര്‍മാണ സഹായം എന്നിവക്ക് 5,000 രൂപ വരെയും മുഅല്ലിം പെന്‍ഷന്‍ 1,000 രൂപയായും ഉയര്‍ത്തി. മദ്‌റസാ അധ്യാപകരുടെ ഭാര്യമാരുടെ ഓരോ പ്രസവത്തിനും 5,000 രൂപ വീതം ധനസഹായം നല്‍കുന്നു. സര്‍വിസ് ആനുകൂല്യത്തിലും ഓരോ വിഭാഗങ്ങളിലുമായി വര്‍ധനവ് വരുത്തിയിട്ടുണ്ട്. തദ്‌രീബ് പരീക്ഷാ വിജയികള്‍ക്കും കൂടുതല്‍ സര്‍വിസുള്ളവര്‍ക്കും പ്രത്യേക പരിഗണന കൊടുത്തു.
ഇതിനു പുറമെ മദ്‌റസകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന് പ്രോത്സാഹജനകമായി സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി മദ്‌റസകള്‍ക്ക് 1000, 1500 എന്നിങ്ങനെ ഗ്രാന്റും നല്‍കിവരുന്നു. ഇരുളടയുന്ന ബന്ധങ്ങളെ ശക്തമാക്കാനും സ്‌നേഹം പ്രസരിക്കുന്ന കുടുംബകങ്ങള്‍ വളര്‍ത്താനും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആരംഭിച്ച സ്‌നേഹവീട് പദ്ധതിക്ക് വന്‍സ്വീകാര്യതയാണ് പൊതുസമൂഹത്തില്‍നിന്നു ലഭിക്കുന്നത്.
മദ്‌റസാ സംവിധാനം ലോകാവസാനം വരെ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ ശോഷണം മൂലം സംഭവിച്ചേക്കാവുന്ന ഭീഷണമായ സാംസ്‌കാരികാപകടവും ധര്‍മച്യുതിയും സമുദായത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ ബോധ്യപ്പെടുത്താനും വിദ്യാര്‍ഥികളുടെ നാനോന്മുഖ പുരോഗതിക്കാവശ്യമായ നയനിലപാടുകള്‍ രൂപീകരിക്കാനും മുഅല്ലിം ക്ഷേമനിധിയിലേക്കു ഫണ്ട് ശേഖരണം നടത്താനുമാണ് ഇന്ന് (സെപ്റ്റംബര്‍ 15) ആചരിക്കുന്ന മുഅല്ലിം ദിനം ഉപയോഗപ്പെടുത്തേണ്ടത്.
1959ല്‍ രൂപംകൊണ്ട ഈ പ്രസ്ഥാനം ഇന്ന് അറുപതാം വാര്‍ഷികാഘോഷത്തിന്റെ നിറവിലാണ്. 'വിശ്വശാന്തിക്ക് മതവിദ്യ' പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയതികളില്‍ കൊല്ലത്ത് കെ.ടി മാനു മുസ്‌ലിയാര്‍ നഗറില്‍ ബഹുമുഖ പരിപാടികളുമായി വാര്‍ഷിക സമ്മേളനം നടക്കുകയാണ്. കാലം കാതോര്‍ത്തിരുന്ന മുഅല്ലിം ഗ്രാറ്റ്‌വിറ്റി പോലുള്ള നവീനവും വ്യതിരിക്തവുമായ 60ഇന ബൃഹത് പദ്ധതികളാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സമ്മേളനോപഹാരമായി വിവിധ ജില്ലകളിലായി തിരഞ്ഞെടുക്കപ്പെടുന്ന മുഅല്ലിംകള്‍ക്ക് 22 വീടുകളും നിര്‍മിച്ചു നല്‍കുന്നുണ്ട്.
നീണ്ട ആറുപതിറ്റാണ്ടു കാലം സംഘടന കേരളക്കരയില്‍ തീര്‍ത്ത വിജ്ഞാന സംരംഭങ്ങള്‍ ആര്‍ക്കും പ്രത്യക്ഷത്തില്‍ കാണാവുന്നതാണ്. വളരുന്ന തലമുറക്ക് സത്യവിശ്വാസവും സദാചാരശീലങ്ങളും ധാര്‍മിക ചിന്തയും ദേശീയബോധവും പൗരധര്‍മവും സല്‍കര്‍മ നിഷ്ഠയും പഠിപ്പിച്ചു പരിശീലിപ്പിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ദൗത്യം. അതിനാല്‍ മുഅല്ലിം ദിനത്തിന് ഏറെ പ്രസക്തിയും പ്രാധാന്യവും നല്‍കേണ്ടതുണ്ട്. അത് വിജയിപ്പിക്കുന്നതില്‍ സമുദായത്തിന്റെ കൈമെയ് മറന്ന സഹായ സഹകരണം അഭ്യര്‍ഥിക്കുന്നു.
(സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."