ബാലഭാസ്‌കറിന്റെ മരണം: സി.ബി.ഐ അന്വേഷണത്തില്‍ തീരുമാനം അടുത്തയാഴ്ച
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തിന്മേലുള്ള തീരുമാനം അടുത്തയാഴ്ചയുണ്ടാകും. ഇതിനായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അന്വേഷണോദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
അടുത്തയാഴ്ച നടക്കുന്ന യോഗത്തില്‍ അന്വേഷണ സംഘത്തിനു പുറമേ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയും ഐ.ജിയും പങ്കെടുക്കും. യോഗത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.
ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നും മറ്റു ദുരൂഹതകളില്ലെന്നുമായിരുന്നു കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്തുകേസിലെ പ്രതികളില്‍ ചിലര്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണം അന്വേഷണ സംഘം തള്ളിയിരുന്നു. അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്നും അവര്‍ കണ്ടെത്തിയിരുന്നു. അപകടം പുനരാവിഷ്‌കരിച്ചുള്‍പ്പടെ നടത്തിയ പരിശോധനകളിലൂടെയാണ് അപകടം ആസൂത്രിതമല്ലെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയത്.
എന്നാല്‍, കേസ് സി.ബി.ഐക്ക് വിടണമെന്ന നിലപാടിലാണ് ബാലഭാസ്‌കറിന്റെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."