ബി.ജെ.പിയുടെ സമരത്തിനെത്തിയത് കുടുംബം നേരിടുന്ന അനീതിയില്‍ പ്രതിഷേധിച്ച്
മലപ്പുറം: സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ ബി.ജെ.പിയുടെ സമരപ്പന്തലിലെത്തിയത് കുടുംബം നേരിടുന്ന അനീതിയില്‍ പ്രതിഷേധിച്ചെന്ന് സൂചന.
ഒരു പ്രമുഖ സി.പി.എം നേതാവിന്റെ ബന്ധുവിന്റെ നേതൃത്വത്തില്‍ ചിലര്‍ തന്നെ ജോലിസ്ഥലത്ത് അപമാനിക്കുകയും വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ലോറന്‍സിന്റെ മകളായ മിലന്റെ മാതാവ് അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല.
സിഡ്‌കോയുടെ തിരുവനന്തപുരം സ്‌പെന്‍സര്‍ ജങ്ഷനിലുള്ള ഓഫിസിലാണ് മിലന്റെ മാതാവ് ജോലി ചെയ്യുന്നത്. മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ സി.പി.എം നേതാവിന്റെ ഭാര്യാസഹോദരിയും ഇവിടെ ജോലി ചെയ്യുന്നുണ്ട്. നേതാവിന്റെ ഭാര്യാസഹോദരിയും കൂട്ടാളികളായ ചില വനിതാ സഹപ്രവര്‍ത്തകരും ഓഫിസില്‍ വച്ച് അധിക്ഷേപിച്ചു സംസാരിച്ചെന്നും തനിക്കുനേരെ ആക്രമണമുണ്ടാകുമെന്നും കാണിച്ച് സ്ഥാപന മേധാവിക്കും കന്റോണ്‍മെന്റ് പൊലിസിലും ഏതാനും ദിവസം മുന്‍പ് അവര്‍ പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഓഫിസിലെത്തിയ കന്റോണ്‍മെന്റ് എസ്.ഐ തന്നോട് മോശമായി പെരുമാറിയെന്നു കാണിച്ച് അവര്‍ ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയും പരാതി അറിയിച്ചു. എന്നാല്‍, ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. തുടര്‍ന്ന് ഗവര്‍ണര്‍ക്കും പരാതി അയച്ചിട്ടുണ്ട്. നേതാവിന്റെ ഭാര്യാസഹോദരിയും കൂട്ടരും തന്റെ കുടുംബത്തെപ്പോലും പരസ്യമായി അപമാനിച്ചു സംസാരിക്കുകയുണ്ടായെന്ന് അവര്‍ പറഞ്ഞു. മകന് ഇതിലൊക്കെ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മകന്‍ ബി.ജെ.പിയുടെ സമരവേദിയിലെത്തുന്നത്.
മകന്‍ സമരത്തില്‍ പങ്കെടുത്തതില്‍ തനിക്കൊരു പങ്കുമില്ലെന്ന് മിലന്റെ മാതാവ് പറഞ്ഞു. തനിക്കു പൊലിസില്‍ നിന്ന് നീതി ലഭിക്കാത്ത സാഹചര്യത്തില്‍ പൊലിസ് നടപടികള്‍ക്കെതിരേ നടക്കുന്ന സമരമായതുകൊണ്ടാകാം മകന്‍ പോയത്. അവനൊരു സ്വതന്ത്ര വ്യക്തിയാണ്. ഇഷ്ടമുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കാം. സമരത്തിനു താന്‍ കൊണ്ടുപോയി വിട്ടതാണെന്നു നേതാക്കള്‍ പറയുന്നതു ശരിയല്ല. ഓഫിസില്‍ പോകുന്ന വഴി മകന്‍ തന്നോടൊപ്പം വന്ന് സമരവേദിയിലേക്കു പോകുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."