ചെറൂപ്പ ഡയാലിസിസ് സെന്റര്‍: നടപടികള്‍ ത്വരിതപ്പെടുത്തും
മാവൂര്‍: ചെറൂപ്പ സി.എച്ച്.സിയില്‍ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ധാരണയായി. സി.എച്ച്.സിയില്‍ ചേര്‍ന്ന ഹോസ്പിറ്റല്‍ മാനേജിങ് കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ താഴെനിലയിലാണു ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തനമാരംഭിക്കുക. ഇക്കാര്യത്തില്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ യോഗം ചുമതലപ്പെടുത്തി.
നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ മുകളില്‍ പി.ടി.എം റഹീം എം.എല്‍.എയുടെ ആസ്തിവികസന പദ്ധതിയില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണു ഡയാലിസിസ് യൂനിറ്റിനുള്ള കെട്ടിടം നിര്‍മിച്ചത്. ലിഫ്റ്റ് സംവിധാനമില്ലാതെ രോഗികള്‍ക്ക് മുകള്‍നിലയിലേക്ക് കയറുന്നത് പ്രയാസമാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡയാലിസിസ് യൂനിറ്റ് ആരംഭിക്കാനുള്ള നടപടി മാസങ്ങളോളം അനിശ്ചിതത്വത്തിലായി. ഗ്രൗണ്ട് ഫ്ളോറില്‍ പ്രവര്‍ത്തിച്ചിരുന്ന ജറിയാറ്റിക് വാര്‍ഡും കോണ്‍ഫ്രന്‍സ് ഹാളും മുകളിലെ നിലയിലേക്ക് മാറ്റും.
ഈ കെട്ടിടത്തില്‍ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്കായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മാവൂര്‍ ഗ്രാമ പഞ്ചായത്തില്‍ പുതിയ പി.എച്ച്.സി അനുവദിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് അധ്യക്ഷയായി. പി.ടി.എ റഹീം എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര് രാജേന്ദ്രന്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ വിഭാഗം അസി. എന്‍ജിനീയര്‍ ആര്.വി സജിത്ത്, കെ. കവിതാ ഭായി, ടി. മുഹമ്മദലി സംസാരിച്ചു.
ഡോ. ബിന്‍സു വിജയന് സ്വാഗതവും രവികുമാര്‍ പനോളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."