ചെറുതുരുത്തി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
ചെറുതുരുത്തി: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തി ഒന്‍പതു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് യു.ആര്‍ പ്രദീപ് എം.എല്‍.എ അറിയിച്ചു.
കെട്ടിടനിര്‍മാണ പ്രവൃത്തിയുടെ പുരോഗതി എം.എല്‍.എ സ്‌കൂളില്‍ എത്തി വിലയിരുത്തി. അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുന്നതിനായി 10 കോടിയോളം രൂപയുടെ പ്രവൃത്തിയാണ് സ്‌കൂളില്‍ ചെയ്തു തീര്‍ക്കാനുള്ളത്. അഞ്ചു കോടിരൂപ കിഫ്ബി മുഖേന ഇതിനകം അനുവദിച്ചിട്ടുണ്ട് ബാക്കി വരുന്ന തുക സ്‌കൂള്‍ വികസന സമിതി, പൂര്‍വവിദ്യര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, ത്രിതല പഞ്ചായത്തുകള്‍ തുടങ്ങിയവ മുഖേന കണ്ടെത്തും. 17154 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ ഉള്ള ഹൈസ്‌കൂള്‍ വിഭാഗം കെട്ടിടത്തില്‍ 21 ക്ലാസ് മുറികള്‍ ഉണ്ടാകും, 5241 അടി വിസ്തീര്‍ണമുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തില്‍ നാലു ക്ലാസ് മുറികളും ഉണ്ടാകും. ഇതിന്റ പുറമേ ടോയ്‌ലറ്റ് ബ്ലോക്ക്, കംപ്യൂട്ടര്‍ ലാബ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ റൂം, സ്റ്റാഫ് റൂം തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. ജൈവ വൈവിദ്യ പാര്‍ക്ക്, ഗ്രൗണ്ട് നവീകരണം തുടങ്ങിയവയുടെ പ്രവൃത്തികളും സ്‌കൂളില്‍ ചെയ്തു തീര്‍ക്കും. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ മജീദ്, പി.ടി.എ പ്രസിഡന്റ് ഗോവിന്ദന്‍ കുട്ടി, പി.ടി.എ കമ്മിറ്റി മെമ്പര്‍ സുബിന്‍ ചെറുതുരുത്തി, വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. പത്മജ, ജയകൃഷ്ണന്‍, ഹരീഷ് തുടങ്ങിയവര്‍ എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."