ജീവനക്കാര്‍ ദീര്‍ഘ അവധിയില്‍; പുല്ലൂര്‍ പെരിയയില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നു
പെരിയ: ജീവനക്കാര്‍ ദീര്‍ഘ അവധിയില്‍ പോകുകയും പകരം ജീവനക്കാര്‍ ഇല്ലാതെ വരുകയും ചെയ്യുന്നതിനെ തുടര്‍ന്ന് പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ വിവിധ അപേക്ഷകള്‍ മാസങ്ങളായി കെട്ടി കിടക്കുന്നു.
നിര്‍മാണ മേഖലയിലെ ഫയലുകളാണ് അനുമതിക്ക് വേണ്ടി കാത്തു കെട്ടിക്കിടക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ജീവനക്കാരില്‍ ചിലര്‍ അസുഖമെന്ന പേരിലും മറ്റുമായി ഒരാഴ്ചയോളം ഇടയ്ക്കിടെ ലീവെടുക്കുന്നതും ഇവര്‍ക്ക് പകരം ജോലി ചെയ്യാന്‍ പഞ്ചായത്ത് ഓഫിസില്‍ ജീവനക്കാരില്ലാത്തതും അപേക്ഷകരെ വലക്കുന്നു.
ഇതേ തുടര്‍ന്ന് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട നൂറുകണക്കിന് അപേക്ഷകളാണ് പഞ്ചായത്ത് ഓഫിസില്‍ മാസങ്ങളോളമായി കെട്ടിക്കിടക്കുന്നത്.
അതിനിടെ കെട്ടിട നിര്‍മാണ അപേക്ഷകള്‍ ഓഫിസില്‍ ജീവനക്കാര്‍ വാങ്ങിക്കുമ്പോള്‍ അതില്‍ വല്ല അപാകതയും ഉണ്ടോയെന്ന് പരിശോധിക്കാതെയാണ് വാങ്ങി വെക്കുന്നത്.
തുടര്‍ന്ന് അപേക്ഷകന്റെ മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെടെ വാങ്ങി അങ്ങോട്ട് വിളിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പഞ്ചായത്ത് ജീവനക്കാര്‍ വിളിക്കുന്നില്ലെന്ന് മാത്രമല്ല അപേക്ഷകര്‍ ബന്ധപ്പെട്ടാല്‍ കൃത്യമായ മറുപടിയും ജീവനക്കാര്‍ നല്‍കുന്നില്ലെന്ന ആക്ഷേപങ്ങളും പൊതു ജനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
സമര്‍പ്പിക്കുന്ന രേഖകള്‍ വാങ്ങി വെക്കുമ്പോള്‍ തന്നെ ആവശ്യമായ കാര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തി ഇവ വാങ്ങി വെക്കുന്നതിനു പകരം അപേക്ഷകരെ നൂറു തവണ ഓഫിസിലേക്ക് നടത്തിക്കുന്ന രീതിയാണ് പഞ്ചായത്ത് ജീവനക്കാര്‍ കൈകൊള്ളുന്നതെന്നാണ് അപേക്ഷകരുടെ പരാതി.
അതെ സമയം ബന്ധപ്പെട്ട ജീവനക്കാര്‍ കുറെ ദിവസം അസുഖത്തിന്റെ പേരിലും മറ്റുമായി ലീവെടുക്കുമ്പോള്‍ ഫയലുകളുടെ കൂമ്പാരം വീണ്ടും പെരുകുകയാണ് പഞ്ചായത്ത് ഓഫിസില്‍.
ഇതിന് പരിഹാരം കാണാന്‍ ഓഫിസിലെ ജീവനക്കാരുടെ അംഗ ബലം കൂട്ടുകയെന്നതാണ് മാര്‍ഗം.എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടികളും ഇല്ലാതെ വരുന്നതിനെ തുടര്‍ന്ന് ദുരിതം പേറുന്നത് സാധാരണക്കാരായ ജനങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."