അഗ്നിശമനസേനാ വിഭാഗം ഇപ്പോഴും അസൗകര്യങ്ങള്‍ക്ക് നടുവില്‍
മഞ്ചേരി: നഗരത്തില്‍ തീപിടിത്ത ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അഗ്നിശമനസേനാ വിഭാഗത്തിന്റെ പ്രവര്‍ത്തം ഇപ്പോഴും അസൗകര്യങ്ങള്‍ക്ക് നടുവില്‍. മഞ്ചേരി കച്ചേരിപ്പടിയിലെ ബസ് ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍സ്റ്റേഷന് സൗകര്യങ്ങളോടുകൂടിയ ആസ്ഥാനം പണിയാന്‍ ഭൂമി ലഭ്യമായിട്ടും തുടര്‍ നടപടികള്‍ക്ക് ഇപ്പോഴും വേഗതവന്നിട്ടില്ല. മഞ്ചേരി ടെക്‌നിക്കല്‍ സ്‌കൂളിന്റെ പരിസരത്താണ് 50 സെന്റ് ഭൂമി ഇതിനായി നീക്കിവെച്ചിരിക്കുന്നത്. കച്ചേരിപ്പടി ബസ് ടെര്‍മിനലിലെ ഇടുങ്ങിയ രണ്ട് മുറികളില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ സാഹചര്യം മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും പുതിയ സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനു ശേഷവും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു വേഗത കൈവന്നിട്ടില്ല.
തീപിടിത്ത ദുരന്തങ്ങള്‍ വര്‍ധിച്ച ജില്ലയിലെ പ്രധാന നഗരമാണ് മഞ്ചേരി. വേനല്‍ ശക്തയായിരുന്നപ്പോള്‍ മഞ്ചേരി, പയ്യനാട്, തൃക്കലങ്ങോട് പുല്ലൂര് തുടങ്ങിയ ഭാഗങ്ങളില്‍ തുടര്‍ച്ചയായി തീപിടിത്ത ദുരന്തങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മഞ്ചേരി മംഗലശ്ശേരിയിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഗോഡൗണും കത്തി നശിച്ചു. നഗരത്തില്‍ വലിയ കെട്ടിടങ്ങളും ഉള്‍പ്രദേശങ്ങളില്‍ റബര്‍ തോട്ടങ്ങള്‍ നിറഞ്ഞ കുന്നുകളുമാണ് കത്തിനശിക്കുന്നവയില്‍ ഏറെയും. എന്നാല്‍ വലിയ ചെങ്കുത്തായ സ്ഥലങ്ങളിലുണ്ടാകുന്ന തീ അണക്കാന്‍ അഗ്നിശമനസേനക്ക് അത്യാധുനിക സൗകര്യങ്ങള്‍ ഇല്ല. മലപ്പുറം അഗ്നിശമന യൂനിറ്റിനു കീഴിലെ പഴയ വാഹനമാണ് മഞ്ചേരി ഫയര്‍ സ്റ്റേഷനില്‍ നിലവില്‍ ഉപയോഗിച്ചുവരുന്നത്. മഞ്ചേരി പോലൊത്ത നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഫയര്‍ യൂനിറ്റുകളില്‍ രണ്ടു വാഹനങ്ങളെങ്കിലും വേണ്ടിടത്താണ് പഴയ ഈയൊരു വാഹനവുമായി കഴിയുന്നത്. മഞ്ചേരിയില്‍ ഫയര്‍സ്റ്റേഷന്‍ വന്നതിനു ശേഷം 77 ദുരന്തങ്ങള്‍ ഇതിനകം നേരിട്ടുകഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. തീ കത്തിയുണ്ടായ ദുരന്തങ്ങളാണ് ഇതിലധികവും. വേനല്‍കാലങ്ങളില്‍ മഞ്ചേരിയിലും പരിസരത്തു വര്‍ധിച്ചുവരുന്ന തീപിടിത്ത ദുരന്തങ്ങളും മറ്റും നേരിടാന്‍ ഈ പഴയ വാഹനംകൊണ്ട് മാത്രം കഴിയുന്നില്ല. ഉള്ള വാഹനമാണങ്കില്‍ പോറലേല്‍ക്കാതെ സൂക്ഷിക്കാന്‍ മതിയായ സൗകര്യങ്ങളും ഇവിടെയില്ല. ഇതിനു പുറമെ മറ്റു ദുരന്തങ്ങള്‍ സംഭവിച്ചാല്‍ നിവാരണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതും വേഗത്തിലും നടത്തുന്നതിനു അത്യാധുനിക ഉപകരണങ്ങളും നന്നേ കുറവാണ്. മെഡി.കോളജ്, ജില്ലാ കോടതി തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന മഞ്ചേരി നഗരം ഉള്‍പ്പെടെ കാരക്കുന്ന്, പാണ്ടിക്കാട്, മങ്കട അരീക്കോട്, തൃപ്പനച്ചി എന്നീ വിശാലമായ പരിധികളിലെ ദുരന്തങ്ങള്‍ നേരിടാനാണ് പരിമിതമായ ഈ സൗകര്യം.
അതേസമയം ഫയര്‍സ്റ്റേഷന്‍ കൂടുതല്‍ സൗകര്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഭൂമി സൗകര്യപ്പെടുത്തിയിട്ടുണ്ടെന്നും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സര്‍ക്കാര്‍ വേഗതകൂട്ടുകയാണ് വേണ്ടതെന്നും അഡ്വ. എ.ം ഉമ്മര്‍ എംഎല്‍എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."