കൂരാച്ചുണ്ടില്‍ പനി നിയന്ത്രണത്തിന് പൊതു- സ്വകാര്യ ആശുപത്രികളുടെ കൂട്ടായ്മ
കോഴിക്കോട്: ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പനി ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായ കൂരാച്ചുണ്ട് മേഖലയില്‍ പനി നിയന്ത്രണ വിധേയമാക്കാന്‍ പ്രമുഖ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളുടെ കൂട്ടായ്മ.
കൂരാച്ചുണ്ട്, പേരാമ്പ്ര സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് 20 ദിവസം തുടര്‍ച്ചയായി പ്രത്യേക പനി ക്ലിനിക്കുകള്‍ നടത്തുന്നതിനാണ് പ്രമുഖ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ സഹായം വാഗ്ദാനം ചെയ്തത്. പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ യു.വി ജോസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ആശുപത്രികള്‍ ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും സൗജന്യ സേവനം വാഗ്ദാനം ചെയ്തത്.
പേരാമ്പ്ര സി.എച്ച്.സിയില്‍ മലബാര്‍ മെഡിക്കല്‍ കോളജ് രണ്ടാഴ്ചത്തേക്ക് എല്ലാ ദിവസവും രണ്ട് ഡോക്ടര്‍മാരുടെ സൗജന്യ സേവനം ലഭ്യമാക്കും. കൂരാച്ചുണ്ട് സി.എച്ച്.സിയില്‍ കോഴിക്കോട് മിംസ്, ബേബി മെമ്മോറിയല്‍ ആശുപത്രികള്‍ മൂന്ന് ദിവസങ്ങളില്‍ രണ്ട് ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനം നല്‍കും.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ്, നാഷണല്‍, മലബാര്‍, ഇഖ്‌റഅ്, പി.വി.എസ്, കെ.എം.സി.ടി മെഡിക്കല്‍ കോളജ് ആശുപത്രികള്‍ രണ്ട് ദിവസം വീതം രണ്ട് വീതം ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനം ലഭ്യമാക്കും. കോഴിക്കോട് കോപ്പറേറ്റീവ് ഹോസ്പിറ്റല്‍, സ്റ്റാര്‍ കെയര്‍ എന്നിവ ഒരു ദിവസം രണ്ട് ഡോക്ടര്‍മാരുടെ സേവനം നല്‍കും.
ഇതിനായി സി.എച്ച്.സികളോട് ചേര്‍ന്ന് പന്തല്‍ ഉള്‍പ്പെടെ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും.
ആവശ്യമായ മരുന്നുകളുടെ ലഭ്യത ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഡെങ്കി മേഖലകളില്‍ കൊതു നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ഇതിനായി പഞ്ചായത്തിന്റെ കൂടി സഹകരണത്തോടെ വിപുലമായ യോഗം വിളിച്ച് ചേര്‍ക്കാനും കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി, ആശുപത്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."