സ്വാശ്രയ സ്ഥാപനങ്ങളില്‍ വിജിലന്‍സ് നിരീക്ഷണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രീപ്രൈമറി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപക അഴിമതിയാണെന്നും സ്വാശ്രയസ്ഥാപനങ്ങള്‍ പണം സമ്പാദിക്കാനുള്ള സ്രോതസായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രീപ്രൈമറി പ്രവേശനത്തിന് ലക്ഷങ്ങളാണ് തലവരി വാങ്ങുന്നത്. പ്ലസ്‌വണ്ണിനും ബിരുദത്തിനുമൊക്കെ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ കിട്ടാനും പണം നല്‍കണം. ഇത് മറയില്ലാതെ നടക്കുകയാണ്. ഈ സ്ഥാപനങ്ങളെ ശുദ്ധീകരിക്കാന്‍ വിജിലന്‍സിന് നിരവധി കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി നടന്നശേഷം അന്വേഷിക്കുന്നതിനുപകരം അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്. അഴിമതി എവിടെയായാലും കര്‍ശന നടപടിയെടുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അഴിമതിമുക്ത കേരളമാണ് ലക്ഷ്യം. ഇതിനായി കൃത്യമായ നിരീക്ഷണ സംവിധാനം വിജിലന്‍സ് ഉറപ്പാക്കണം. പരാതികളുണ്ടായാല്‍ കര്‍ശന നടപടി വേണം. അനാവശ്യതടസങ്ങള്‍ ഉണ്ടാകാതെ സര്‍ക്കാര്‍ ഓഫിസുകളില്‍ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണം. ഇ- ഓഫിസ് സംവിധാനവും ബയോമെട്രിക് പഞ്ചിങ്ങും നടപ്പാകുന്നതോടെ അഴിമതി കുറയ്ക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ് അധ്യക്ഷനായി. കേരള ഹൈക്കോടതി മുന്‍ ജഡ്ജി സി.എന്‍ രാമചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ്, അഡി. ഡയരക്ടര്‍ ഓഫ്് പ്രോസിക്യൂഷന്‍ (വിജിലന്‍സ്) കെ.ഡി ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."