അഭയ കേസില്‍ സാക്ഷികള്‍ മൊഴിമാറ്റുന്നത് ഭയംകൊണ്ടെന്ന് സാക്ഷി പ്രൊഫ. ത്രേസ്യാമ്മ, തനിക്കാരെയും പേടിയില്ല, അഭയയുടെ ശരീരത്തില്‍ മുറിവുണ്ടായിരുന്നു, ഫാദര്‍ തോമസും ജോസ് പുതൃക്കൈലും സ്വാഭാവ ദൂഷ്യമുള്ളവര്‍
തിരുവനന്തപുരം: പത്തു വര്‍ഷത്തിനുശേഷം വിചാരണ തുടങ്ങിയ സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷികള്‍ കൂറുമാറുമ്പോള്‍ പ്രതികള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മറ്റൊരു സാക്ഷിമൊഴി. കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും ഫാ.ജോസ് പുതൃക്കയിലിനുമെതിരേയാണ് കേസിലെ പന്ത്രണ്ടാം സാക്ഷിയായ പ്രൊഫ. ത്രേസ്യാമ്മ മൊഴി നല്‍കിയത്. അഭയയുടെ അധ്യാപികയായിരുന്നു പ്രൊഫസര്‍ ത്രേസ്യാമ്മ.
അഭയയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. അഭയയുടെ മൃതദേഹം ഫാദര്‍ തോമസ് കോട്ടൂരാണ് കാണിച്ചു തന്നത്. ഈ സമയത്ത് അഭയയുടെ കഴുത്തിന്റെ ഭാഗത്ത് മുറിവു കണ്ടെത്തിയിരുന്നു. അവര്‍ പറഞ്ഞു. ഇതിനു പുറമേ പ്രതിസ്ഥാനത്തുള്ള ഫാദര്‍ തോമസ് കോട്ടൂരും ഫാ.ജോസ് പുതൃക്കയിലിനുമെതിരേ നിരവധി വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞിരുന്നു. ഇവരുടെ നോട്ടത്തിലും പെരുമാറ്റത്തിലും കുഴപ്പങ്ങളുണ്ടെന്നായിരുന്നു പരാതി. ഫാ.തോമസ് കോട്ടൂരിനെതിരെ നിരവധി വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
മറ്റു പലരും കൂറുമാറിയത് ജീവനില്‍ പേടിയുള്ളതുകൊണ്ടാകും. താന്‍ അവിവാഹിതയായി തുടരുന്നതിനാല്‍ തനിക്ക് മക്കളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും ആലോചിക്കാനില്ല. ഒന്നിലും പേടിയുമില്ലാത്തതിനാലാണ് അന്നും ഇന്നും ഒരേ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. കേസില്‍ സാക്ഷിവിസ്താരം തുടരുകയാണ്. നാല്‍പ്പത്തിയാറ് മുതല്‍ 52 വരെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇന്ന് നടക്കുക. വിചാരണയ്ക്കിടെ ഇതുവരെ ആറു സാക്ഷികളാണ് കൂറുമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."