താന്‍ തന്നെയാണ് പ്രധാനമന്ത്രി, ഔദ്യോഗിക വസതി വിടില്ലെന്ന് റനില്‍ വിക്രമസിംഗെ
കൊളംബോ: പ്രധാനമന്ത്രിയുടെ വസതി വിടില്ലെന്ന് പുറത്താക്കപ്പെട്ട ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെ. മഹിന്ദ രാജപക്‌സെയെ പ്രധാനമന്ത്രിയായി നിയോഗിച്ചത് അനധികൃത നടപടിയാണ്. ഇപ്പോഴും താന്‍ തന്നെയാണ് പ്രധാനമന്ത്രി. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് വിക്രമസിംഗെ പറഞ്ഞു.
ഭരണഘടനാ പ്രകാരം പാര്‍ലമെന്റില്‍ ഭൂരിപക്ഷ പിന്തുണയുള്ള വ്യക്തിയെ പ്രധാനമന്ത്രിയായി നിയോഗിക്കാം. തനിക്കാണ് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ളത്. പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവിടെ ഭൂരിപക്ഷം തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കഴിഞ്ഞയാഴ്ച നീക്കം ചെയ്‌തെങ്കിലും വസതിയായ ടെമ്പിള്‍ ട്രീസ് ഒഴിയാന്‍ അദ്ദേഹം ഇതുവരെ തയാറായിട്ടില്ല. വസതിയില്‍നിന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും വിക്രമസിംഗെക്ക് പിന്തുണയുമായി നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ടെമ്പിള്‍ ട്രീസിന് സമീപത്തുണ്ട്.
വസതിയില്‍ നിന്ന് വിക്രമസിംഗെയെ പുറത്താക്കാന്‍ സൈന്യത്തെ ഉപയോഗിക്കുകയാണെങ്കില്‍ തടയാനാണ് ഇവര്‍ ഒരുമിച്ചുകൂടിയതെന്ന് യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി(യു.എന്‍.പി) പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രിയായി അധികാരമേറ്റ മഹിന്ദ രാജപക്‌സെ ഔദ്യോഗ പ്രവര്‍ത്തികള്‍ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മഹിന്ദ രാജപക്‌സെയുടെ ചിത്രമാണുള്ളത്.
രാജ്യത്ത് ഭരണപ്രതിസന്ധിയില്ലെന്നും പൂര്‍ണമായും സുസ്ഥിരാവസ്ഥയിലാണെന്നും പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞിരുന്നു. രാഷ്ട്രീയ അട്ടിമറി നടന്നിട്ടില്ല. മഹിന്ദ രാജപക്‌സയെ പ്രധാനമന്ത്രിയാക്കിയത് ശ്രീലങ്കയിലെ ആഭ്യന്തര രാഷ്ട്രീയം മാത്രമാണ്.
രാജ്യത്തിന്റെ സ്ഥിരതക്കായുള്ള വ്യത്യസ്തമായ രാഷ്ട്രീയ നീക്കം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ പാര്‍ലമെന്റ് ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് 126 എം.പിമാര്‍ സ്പീക്കര്‍ കരു ജയസൂര്യക്ക് കത്ത് നല്‍കി. ആകെ 225 അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്.
സിരിസേനയുടെ രാഷ്ട്രീയ നീക്കത്തിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ അയല്‍ രാജ്യങ്ങളായ ഇന്ത്യയും ചൈനയും സൂക്ഷ്മമായാണ് വിലയിരുത്തുന്നത്. വിക്രമസിംഗെ ഇന്ത്യയെ പിന്തുണക്കുന്ന സമീപനമാണെങ്കിലും മഹിന്ദ രാജപക്‌സെയുടെ ചായ്‌വ് ചൈനയോടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."