അസ്താനക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: മാംസക്കയറ്റുമതി വ്യാപാരി മുഈന്‍ ഖുറേഷിയില്‍ നിന്ന് മൂന്നുകോടി രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ സ്പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താനക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് സി.ബി.ഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ ശക്തമായ പല തെളിവുകളും ഉള്ളതിനാല്‍ അസ്താനക്കെതിരായ എഫ്.ഐ.ആര് റദ്ദാക്കാനാവില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.
തനിക്കെതിരായ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസ്താന നല്കിയ ഹരജിയാണ് ഹൈക്കോടതിയിലുള്ളത്. ഹരജിയില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് ഇന്നലെ സി.ബി.ഐ, മുന്‍ സ്പെഷല്‍ ഡയരക്ടര്‍ക്കെതിരായ കേസില്‍ ഉറച്ചുനിന്നത്. അതേസമയം, കൈക്കൂലിക്കേസില്‍ ഈ മാസം 14 വരെ അസ്താനയെ അറസ്റ്റ്ചെയ്യുന്നത് വിലക്കി ജസ്റ്റിസ് നജ്മി വസീരിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട പല രേഖകളും വസ്തുക്കളും കേന്ദ്ര വിജിലന്‍സ് കമ്മിഷന് (സി.വി.സി) മുന്പാകെയായതിനാല് കേസന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.
ഇന്നലെ ഹരജി പരിഗണിക്കവെ കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് എഫ്.ഐ.ആര് രജിസ്റ്റര്‍ചെയ്ത മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് എസ്.എസ് ഗുരും കോടതിയില്‍ അപേക്ഷനല്‍കി. കൈക്കൂലിയുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അത് കേസിനു സഹായകരമാവുമെന്നും എസ്.എസ് ഗുരും കോടതിയില്‍ പറഞ്ഞു.
എന്നാല്‍, കേസില്‍ യാതൊരുബന്ധവുമില്ലാത്ത ഗുരുമിന്റെ അപേക്ഷ പരിഗണിക്കരുതെന്ന് അസ്താനയുടെ അഭിഭാഷകന് അമരീന്ദര്‍ ശരണ്‍ ആവശ്യപ്പെട്ടു. ഇതിനു ശേഷമാണ്, തങ്ങളുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്ന് സി.ബി.ഐ പറഞ്ഞത്. കേസ് ഈ മാസം 14നു പരിഗണിക്കാനായി നീട്ടിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."