മണ്‍വിള തീപിടിത്തം: വന്‍ സുരക്ഷാ വീഴ്ച
തിരുവനന്തപുരം: മണ്‍വിളയില്‍ തീപിടിച്ചു നശിച്ച പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നു കണ്ടെത്തല്‍. കോടിക്കണക്കിനു രൂപയുടെ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനി സുരക്ഷാകാര്യത്തില്‍ ഗുരുതരമായ പിഴവുവരുത്തിയതായി ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയരക്ടര്‍ പ്രസാദ് പറഞ്ഞു.
29 വര്‍ഷം മുന്‍പാണ് ഫാമിലി പ്ലാസ്റ്റിക് എന്ന സ്ഥാപനം തിരുവനന്തപുരം മണ്‍വിളയിലെ വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അക്കാലത്ത് അഗ്‌നിശമനാ മാനദണ്ഡങ്ങള്‍ ലഘുവായിരുന്നു.
പിന്നീട് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയെങ്കിലും ഫാക്ടറി അവ നടപ്പാക്കിയില്ലെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക വിലയിരുത്തല്‍. കെട്ടിട രൂപകല്‍പന ഫയര്‍ഫോഴ്‌സ് മാനദണ്ഡങ്ങള്‍ക്കനുസൃതമായിരുന്നില്ല. അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കുന്ന ഫാക്ടറി കെട്ടിടത്തില്‍തന്നെയാണ് ഉല്‍പന്നങ്ങളും സൂക്ഷിച്ചിരുന്നത്.
നൂറുകണക്കിനു ജീവനക്കാര്‍ ജോലിചെയ്യുന്ന കമ്പനിക്കുള്ളില്‍ ഫയര്‍ലൈനോ എമര്‍ജന്‍സി എക്‌സിറ്റുകളോ ഉണ്ടായിരുന്നില്ല. പ്രാഥമിക അഗ്‌നിശമന ഉപകരണങ്ങള്‍പോലും വേണ്ടത്ര സജ്ജീകരിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പെട്ടെന്നു തീപിടിക്കാവുന്നതും വന്‍ ദുരന്തസാധ്യതയുള്ളതുമായ പെട്രോ കെമിക്കലുകളും അസംസ്‌കൃത വസ്തുക്കളുമെല്ലാം കമ്പനിക്കുള്ളില്‍ കുത്തിനിറച്ച നിലയിലായിരുന്നു. ഒരു രാത്രി മുഴുവന്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്നലെ രാവിലെയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രധാന കെട്ടിടം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
അതേസമയം കമ്പനിയില്‍ സുരക്ഷ ഉറപ്പാക്കിയിരുന്നതായി ഉടമ സിംസണ്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. ഇനി പ്രവര്‍ത്തിക്കാനാകാത്തവിധം ഫാക്ടറി നശിച്ചു. 40 കോടിയുടെ നഷ്ടമുണ്ടായെന്നും അട്ടിമറി സംശയം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ വിഷയത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഡി.സി.പി ആദിത്യയുടെ നേതൃത്വത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
കഴക്കൂട്ടം അസി. കമ്മിഷണറാണ് അന്വേഷിക്കുക. കൂടാതെ ഫയര്‍ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഫാക്ടറിയില്‍ ഫോറന്‍സിക് വിദഗ്ധരും ഫയര്‍ഫോഴ്‌സും ഫാക്ടറീസ് ബോയിലേഴ്‌സും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."