ഫാത്തിമ മാത സ്‌കൂളിലെ അധ്യാപക സമരം ഒത്തുതീര്‍ന്നു
തിരൂര്‍: പതിനൊന്നു ദിവസം നീണ്ടുനിന്ന തിരൂര്‍ ഫാത്തിമ മാത ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപക സമരം ഒത്തുതീര്‍ന്നു. പിരിച്ചുവിട്ട എല്ലാ അധ്യാപകരെയും സര്‍വിസില്‍ തിരിച്ചെടുക്കാനും ബി.എഡ് യോഗ്യതയില്ലെന്ന് ആരോപണമുയര്‍ന്ന അധ്യാപകന്റെ യോഗ്യത തെളിയിക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചത് സ്‌കൂള്‍ മാനേജ്‌മെന്റും സമരസമിതിയും അംഗീകരിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നപരിഹാരമായത്.
യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പിരിച്ചുവിടാനുമാണ് ധാരണ. ഫാത്തിമ മാത സ്‌കൂള്‍ കോണ്‍വെന്റില്‍ എസ്.ഐ സുമേഷ് സുധാകരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമവായ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. പ്രശ്‌ന പരിഹാരത്തിനായി അഞ്ചുതവണ മുമ്പ് ചര്‍ച്ച നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
എസ്.എസ്.എല്‍.സി അടക്കമുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളും ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളും കഴിഞ്ഞ ദിവസം ശക്തമായ സമരവുമായി രംഗത്തെത്തിയതോടെയാണ് ഇന്നലെ വീണ്ടും ചര്‍ച്ച നടന്നത്.
സമരത്തെ തുടര്‍ന്ന് സ്‌കൂളില്‍ ഒരാഴ്ചയിലധികമായി അധ്യയനം താളംതെറ്റിയിരുന്നു. ഇതു വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമായിരുന്നു.
ഇന്നലെ ചേര്‍ന്ന യോഗത്തില്‍ സമരസമിതിയിലെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെയും പ്രതിനിധികളായ അഡ്വ. ഹംസക്കുട്ടി, കെ കൃഷ്ണന്‍ നായര്‍, കുഞ്ഞുമീനടത്തൂര്‍, പി.പി ലക്ഷ്മണന്‍, ഗഫൂര്‍ പി ലില്ലീസ്, അഡ്വ. ഷമീര്‍ പയ്യനങ്ങാടി, എരിഞ്ഞിക്കാട്ട് അലവിക്കുട്ടി, അഡ്വ:പി. നസറുള്ള, വെട്ടം ആലിക്കോയ, കെ.കെ സൈതാലിക്കുട്ടി, ദാസന്‍ എന്നിവരും മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."