വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണം; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അഭിപ്രായം അറിഞ്ഞതിനുശേഷം
കല്‍പ്പറ്റ: കോട്ടത്തറ വില്ലേജിലെ മുരണിക്കരയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ 50 ഏക്കര്‍ ഭൂമിയില്‍ എം.കെ ജിനചന്ദ്രന്‍ സ്മാരക വയനാട് ഗവ.മെഡിക്കല്‍ കോളജ് നിര്‍മാണം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അഭിപ്രായം അറിഞ്ഞതിനുശേഷം ആരംഭിച്ചാല്‍ മതിയെന്നു തീരുമാനം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍മാണ വിഷയത്തില്‍ ജി.എസ്.ഐയുടെ അഭിപ്രായം തേടാന്‍ തീരുമാനമായത്. ആരോഗ്യവകുപ്പ് ഡയരക്ടര്‍, കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍, ജില്ലയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍, ഇന്‍കെല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളജിനായി ഒന്‍പതു നിലയിലുള്ള കെട്ടിടത്തിന്റെ പ്ലാനാണ് ഇന്‍കെല്‍ (ഇന്‍ഫ്രാസ്ട്രക്ചകര്‍ കേരള ലിമിറ്റഡ്) തയാറാക്കി സര്‍ക്കാരിനു സമര്‍ച്ചിരുന്നത്. എന്നാല്‍ മുരണിക്കരയിലെ മെഡിക്കല്‍ കോളജ് ഭൂമിയില്‍ മൂന്നു നിലയില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടം പണിയാന്‍ ഇപ്പോള്‍ അനുവാദമില്ല. പ്രളയാന്തരം ഏര്‍പ്പെടുത്തിയ നിര്‍മാണ നിയന്ത്രണങ്ങളാണ് മെഡിക്കല്‍ കോളജ് ഭൂമിയിലും ബാധകമായത്.
ഇന്‍കെല്‍ പ്ലാന്‍ അനുസരിച്ച് നിര്‍മാണം നടത്തുന്നതിനെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉപസമിതിക്കു രൂപം നല്‍കിയിരുന്നു. ജില്ലാ ടൗണ്‍ പ്ലാനര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, ഹാസാര്‍ഡ് അനലിസ്റ്റ് എന്നിവരടങ്ങുന്നതായിരുന്നു സമിതി. ഭൂപ്രദേശത്തിന്റെ സ്വാഭാവിക പ്രകൃതിക്ക് കോട്ടം വരുത്താതെയും നിര്‍ച്ചാലുകളും താഴ്‌വരകളും സംരക്ഷിച്ചും വൃക്ഷനശീകരണം ഒഴിവാക്കിയും തട്ടുതട്ടായുള്ള നിര്‍മാണം സ്ഥലത്ത് നടത്താമെന്നാണ് ഉപസമിതി ശിപാര്‍ശ ചെയ്തത്. എങ്കിലും മെഡിക്കല്‍ കോളജ് നിര്‍മാണം തുടങ്ങുന്നതില്‍ അധികാരികള്‍ക്കു തീരുമാനമെടുക്കാനായില്ല.
വര്‍ഷങ്ങള്‍ മുന്‍പ് ഭൗമശാസ്ത്ര പഠനകേന്ദ്രം തയാറാക്കിയ ഭൂപടത്തില്‍, മെഡിക്കല്‍ കോളജിനായി നിര്‍മാണം നടത്തേണ്ട ഭൂമിക്കു അടുത്തുള്ള പ്രദേശം പ്രകൃതിക്ഷോഭ സാധ്യതയുള്ളതായി അടയാളപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടതാണ് തീരുമാനമെടുക്കുന്നതില്‍ തടസമായത്.
ഈ സാഹചര്യത്തിലാണ് ഉന്നതതല യോഗം നിര്‍മാണ വിഷയത്തില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അഭിപ്രായവും തേടാന്‍ തീരുമാനിച്ചത്.
മുരണിക്കരയിലെ ഭൂമിയില്‍ മെഡിക്കല്‍ കോളജിനായി നിര്‍മാണം നടത്തുന്നതു സംബന്ധിച്ച് നേരിട്ടു പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകില്ലെന്ന നിലപാടിലാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെന്നാണ് വിവരം.
യോഗ്യതയുള്ള ഏജന്‍സി മുഖേന പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ രണ്ടു മാസത്തിനകം അഭിപ്രായം പറയാമെന്നാണ് ജി.എസ്.ഐ പ്രതിനിധികള്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചത്. 2012ലെ ബജറ്റില്‍ പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനം 2015 ജൂലൈ 12ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."