സാലറി ചാലഞ്ച്: ശമ്പള ബില്ലിനോടൊപ്പം സമ്മതപത്രം നല്‍കാത്ത സ്ഥാപനങ്ങളില്‍ ശമ്പളം മുടങ്ങി
രാജപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാമെന്ന സമ്മതപത്രം ശമ്പള ബില്ലിനോടൊപ്പം നല്‍കിയില്ലെന്ന കാരണത്താല്‍ ജില്ലയില്‍ നിരവധി സ്ഥാപനങ്ങളില്‍ ശമ്പളം മുടങ്ങി. സാലറി ചാലഞ്ചില്‍ ഒരു മാസത്തെ ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് വിസമ്മതപത്രം നല്‍കേണ്ടതില്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവാണ് ജീവനക്കാര്‍ക്ക് തിരിച്ചടിയായത്. സമ്മതപത്രം നല്‍കിയില്ലെന്ന കാരണത്താല്‍ ജില്ലയില്‍ നൂറോളം സര്‍ക്കാര്‍ ഓഫിസുകളിലെ ശമ്പള വിതരണമാണ് ഇന്നലെ മുടങ്ങിയത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നേരത്തെ സര്‍ക്കാര്‍ പുറപ്പെടുവിച്ച ചില നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കി കഴിഞ്ഞ 31ന് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
ഒരു മാസത്തെ ആകെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിലേക്കായി പുറപ്പെടുവിച്ച ഉത്തരവിലെ ക്ലോസ് 10, 12 എന്നിവ നീക്കം ചെയ്താണ് പുതിയ ഉത്തരവ്. അനുബന്ധമായി നല്‍കിയ പ്രൊഫോര്‍മയും നീക്കം ചെയ്തിട്ടുണ്ട്.
പുതിയ നിര്‍ദേശ പ്രകാരം ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ആകെ ശമ്പളം ഒന്നായോ ഗഡുക്കളായോ നല്‍കാന്‍ സന്നദ്ധരായവരില്‍നിന്നു സമ്മതപത്രം ഡി.ഡി.ഒമാര്‍ സമാഹരിച്ച് സൂക്ഷിക്കണമെന്നാണ് ഉത്തരവ്. എന്നാല്‍ ശമ്പള ബില്ലിനോടൊപ്പം പല സ്ഥാപനങ്ങളും സമ്മതപത്രം എത്തിക്കാത്തതിന്റെ പേരില്‍ ശമ്പളത്തുക ട്രഷറിയില്‍നിന്നു പിന്‍വലിക്കാന്‍ കഴിഞ്ഞില്ല.
അതേ സമയം ഡ്രോയിങ്ങ് ഓഫിസര്‍മാര്‍ സമ്മതപത്രം വാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ എഴുതിക്കൊടുത്തതിനു ശേഷം ബില്ലുകള്‍ പാസാക്കാനാണ് നിര്‍ദേശമെന്ന് ഒരു ട്രഷറി ഓഫിസര്‍ പറഞ്ഞു.
എന്നാല്‍ ബില്ലുകള്‍ നിരാകരിച്ചിട്ടില്ലെന്നും സമ്മതപത്രം നല്‍കി ഓഫിസില്‍ സൂക്ഷിച്ചതിനു ശേഷം ഡി.ഡി.ഒ മാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ എഴുതി നല്‍കിയാല്‍ ബില്ല് പാസാക്കുമെന്നും ട്രഷറി ഉദ്യോഗസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."