ഗള്‍ഫ് പ്രതിസന്ധി; വിദേശ രാജ്യങ്ങളിലും ചര്‍ച്ചകള്‍ ഊര്‍ജ്ജിതം
ജിദ്ദ: ഗള്‍ഫ് പ്രതിസന്ധി പരിഹാരത്തിനായി വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചും ചര്‍ച്ചകള്‍ ഊര്‍ജിതം. പ്രതിസന്ധി നീളുന്നത് മേഖലയിലെ തീവ്രവാദവിരുദ്ധ നടപടികള്‍ അവതാളത്തിലാക്കുമെന്നതിനാല്‍ അമേരിക്ക ഉള്‍പ്പെടെ വന്‍ശക്തി രാജ്യങ്ങളും നിഷ്പക്ഷ നിലപാടിലേക്ക് വരുമെന്നാണ് സൂചന.
കുവൈത്തിന്റെയും ഒമാന്റെയും നേതൃത്വത്തില്‍ തുടരുന്ന സമവായ നീക്കങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ. അമേരിക്ക, റഷ്യ എന്നീ വന്‍ശക്തി രാജ്യങ്ങള്‍ക്കു പുറമെ യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളും ഗള്‍ഫ് പ്രതിസന്ധി നീണ്ടു പോകുന്നതില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാര നീക്കങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ കുവൈത്ത്, സഊദി യു.എ.ഇ നേതാക്കളെ ഉടന്‍ കാണും. യു.എസ് വിദേശകാര്യ സെക്രട്ടറിയും പശ്ചിമേഷ്യന്‍ പര്യടനത്തിന് ഒരങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഖത്തറിനോട് കൂടുതല്‍ അനുഭാവം പുലര്‍ത്തുന്ന രാജ്യങ്ങളുമായി ആശയവിനിമയം ശക്തമാക്കാനും സഊദി അനുകൂല രാജ്യങ്ങള്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അങ്കാറയില്‍ സഊദി, യു.എ.ഇ, ബഹ്‌റൈന്‍ സ്ഥാനപതിമാര്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കവുസോഗ്‌ലുമായി വിശദ ചര്‍ച്ച നടത്തി. റിയാദ് പ്രഖ്യാപനത്തെ മറികടന്ന് സ്വന്തം നിലക്കുള്ള പക്ഷപാത രാഷ്ട്രീയ സമീപനം തുടരുന്നതാണ് പ്രശ്‌നമെന്നും ഖത്തര്‍ പുനര്‍വിചിന്തനം നടത്താതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നുമാണ് സ്ഥാനപതിമാര്‍ തുര്‍ക്കി വിദേശകാര്യ മന്ത്രിയെ ധരിപ്പിച്ചത്.
പാക് പ്രധാനമന്ത്രി നവാസ് ശരീഫ് രണ്ടു ദിവസമായി സഊദിയിലുണ്ട്. ഖത്തറിനെതിരെ കൈക്കൊണ്ട നടപടികളുടെ പശ്ചാത്തലം സഊദി നേതൃത്വം ശരീഫിനെ ധരിപ്പിച്ചു. പ്രതിസന്ധിയില്‍ നേരിട്ട് ഇടപെടുന്നില്ലെങ്കിലും സമവായ ചര്‍ച്ചകളോട് ചേര്‍ന്നു നില്‍ക്കുന്ന സമീപനം തന്നെയാണ് ഇന്ത്യയുടേതും.
അതിനിടെ, കടുത്ത നടപടികള്‍ ഉപേക്ഷിക്കണമെന്ന കുവൈത്ത് അമീറിന്റെ നിര്‍ദേശം ഇരുപക്ഷവും അംഗീകരിച്ചത് നിര്‍ണായക വിജയമാണ്. എന്നാല്‍ ഉപാധികളുടെ പുറത്തല്ലാതെ അനുരഞ്ജന ചര്‍ച്ച സാധ്യമല്ലെന്ന നിലപാടിലാണ് സഊദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."