കേരളത്തെ കേള്‍ക്കാതെ റെയില്‍വേ; യോഗത്തില്‍ പ്രതിഷേധിച്ച് എം.പിമാര്‍
തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളോട് വീണ്ടും മുഖം തിരിച്ച് റയില്‍വേ. ഇന്നലെ ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ രാഹുല്‍ ജയിന്‍ തിരുവനന്തപുരത്തു വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തിലും സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല.
പാര്‍ലമെന്റിലും പുറത്തും എം.പിമാര്‍ നിരന്തരം വിഷയം ഉയര്‍ത്തിയ സാഹചര്യത്തിലാണ് യോഗം വിളിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ യോഗത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഒന്നുംതന്നെ നടപ്പാക്കാതെ രാജ്യത്താകെയുള്ള 90ല്‍ അധികം സ്‌റ്റേഷനുകള്‍ക്കൊപ്പം കേരളത്തിലെ കൊല്ലം, തൃശൂര്‍, കോഴിക്കോട്, എറണാകുളം സൗത്ത് സ്‌റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താമെന്ന വാഗ്ദാനം മാത്രമാണ് സംസ്ഥാനത്തിന് അനുകൂലമായി ഉണ്ടായത്. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുമില്ല.
ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ ഇന്റര്‍സിറ്റിയായി മധുരയിലേക്ക് നീട്ടണമെന്നതും ധന്‍ബാദ് -ആലപ്പുഴ, പൂനെ- എറണാകുളം, അജ്മീര്‍-എറണാകുളം എക്‌സ്പ്രസുകള്‍ കൊല്ലത്തേക്ക് നീട്ടണമെന്നതിനും അനുകൂല മറുപടി ലഭിച്ചില്ല.
ബംഗളൂരുവിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന ആവശ്യവും തള്ളി. ഷൊര്‍ണൂര്‍-എറണാകുളം മൂന്നാം ലൈനിന് റയില്‍വേ ബോര്‍ഡിന്റെ അനുമതിയുണ്ടെന്നും എന്നാല്‍ ഷൊര്‍ണൂര്‍-പാലക്കാട് ലൈന്‍ മൂന്നുവരിയാക്കാന്‍ അനുമതി ലഭിച്ചിട്ടില്ലെന്നും യോഗത്തില്‍ അറിയിച്ചു. കൊച്ചുവേളി -നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസിന് കൂടുതല്‍ കോച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യവും നിരസിച്ചു.
ഗുരുവായൂര്‍- തിരുനാവായ പാതയുടെ കാര്യത്തില്‍ ജനകീയ പ്രതിഷേധം മൂലം സര്‍വേ പൂര്‍ത്തിയാക്കാനായിട്ടില്ല. ഏറ്റുമാനൂര്‍- ചെങ്ങന്നൂര്‍ പാതയിരട്ടിപ്പിക്കല്‍ 2020-21 വര്‍ഷത്തില്‍ കമ്മിഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം ഡിവിഷന്‍ വിഭജിക്കണമെന്നും മധുര ഡിവിഷന് കൈമാറണമെന്നും തമിഴ്‌നാട്ടില്‍നിന്നുള്ള എം.പിമാര്‍ ആവശ്യപ്പെട്ടു. നേമം മുതല്‍ തിരുനെല്‍വേലി വരെ 160 കിലോമീറ്റര്‍ പാതയാണ് മധുര ഡിവിഷന് കീഴിലാക്കാന്‍ ആവശ്യമുയര്‍ന്നത്.
നിലമ്പൂര്‍- വയനാട് -നഞ്ചന്‍കോട് പാതയുടെ സര്‍വേയ്ക്ക് റയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിട്ടില്ലെന്ന് യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. ഉല്‍പാദനത്തിന്റെ പരിമിതി മൂലം കൂടുതല്‍ കോച്ചുകള്‍ അനുവദിക്കാനാവില്ലെന്നും യോഗത്തില്‍ അറിയിച്ചു.
കൊച്ചുവേളിയില്‍ അവസാനിക്കുന്ന ട്രെയിനുകള്‍ തിരുവനന്തപുരം സെന്റ്രലിലേയ്ക്ക് നീട്ടണമെന്ന് ആവശ്യത്തിലും അനുകൂല നിലപാടുണ്ടായില്ല. നേമം സെക്കന്റ് ടെര്‍മിനല്‍ പദ്ധതിയുടെ വിശദ പദ്ധതി രേഖ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു. കോട്ടയത്ത് റെയില്‍വെ കോച്ചിങ് ടെര്‍മിനല്‍ എന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
ആഴ്ചകള്‍ക്കുമുമ്പേ എം.പിമാരില്‍നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചിരുന്നെങ്കിലും ചില എം.പിമാരുടെ നിര്‍ദേശങ്ങള്‍ ഒഴിവാക്കിയുള്ള ബുക്ക്‌ലെറ്റാണ് ചര്‍ച്ചാവേളയില്‍ എത്തിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എം.പിമാര്‍ പ്രതിഷേധം അറിയിച്ചതോടെ ചെയര്‍മാന്‍ ക്ഷമാപണം നടത്തുകയും നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തു.
പി.കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരന്‍ എന്നിവരുള്‍പ്പെട 23 എം.പിമാര്‍ പങ്കെടുത്തു. തിരുവനന്തപുരം ഡിവിഷണല്‍ കമ്മിറ്റി ചെയര്‍മാനായി കൊടിക്കുന്നില്‍ സുരേഷ് എം.പി, പാലക്കാട് ഡിവിഷണല്‍ ചെയര്‍മാനായി എം കെ രാഘവന്‍ എം.പി എന്നിവരെ യോഗം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."