മുന്നറിയിപ്പ് ബോര്‍ഡുകള്‍ നോക്കുകുത്തികളാകുന്നു
കൊടുവായൂര്‍: മുന്നറിയിപ്പ് ബോര്‍ഡുകള്‍ നോക്കുകുത്തികളാകുന്നു. പാലക്കാട്-മീനാക്ഷിപുരം അന്തര്‍സംസ്ഥാന റോഡരികിലും പാലക്കാട്-നെന്മാറ റോഡിന്റെ വശങ്ങളിലും മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയുടെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകളാണ് തകര്‍ന്ന് ഉപയോഗശൂന്യമായിരിക്കുന്നത്. വാഹനങ്ങള്‍ തട്ടിയും കാട് കയറിയുമാണ് മിക്ക സൂചനാ ബോര്‍ഡുകളും തകര്‍ന്നിട്ടുള്ളത്.
തകര്‍ന്ന ബോര്‍ഡുകള്‍ കൃത്യമായി പുനസ്ഥാപിക്കാന്‍ സാധിക്കാത്തത് അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. റോഡിലെ വളവുകള്‍ മുന്‍കൂട്ടി അറിയിക്കുന്നതിന് സ്ഥാപിച്ച ബോര്‍ഡുകള്‍ തകര്‍ന്നതിനാല്‍ പ്രാദേശികമായുള്ളവര്‍ക്കും അപകടത്തില്‍ കുടുങ്ങുവാന്‍ വഴിവക്കുന്നതായി നാട്ടുകാര്‍ പറയുന്നു. മംഗലം മുതല്‍ ഗോവിന്ദാപുരം വരെ 18 ബോര്‍ഡുകളും പാലക്കാട് മുതല്‍ മീനാക്ഷിപുരം വരെയുള്ള അന്തര്‍സംസ്ഥാന റോഡരികില്‍ 24 ബോര്‍ഡുകളുമാണ് തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്നത്. പുതുനഗരം പാലക്കാട് റോഡില്‍ നാല് വഴികാട്ടി ബോര്‍ഡുകള്‍ വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തതിനാല്‍ യാത്രക്കാര്‍ക്ക് കാണാത്ത അവസ്ഥയിലായി.
നെന്മാറ കൊടുവായൂര്‍ റോഡിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ തകര്‍ന്നിട്ടുണ്ട്. അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുനസ്ഥാപിക്കുകയും മറ്റു സ്ഥലങ്ങളില്‍ പുതുതായി സ്ഥാപിക്കുവാനുള്ള നടപടികളും പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തീര്‍ഥയാത്രക്ക് അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് തമിഴ് നാട്ടിലെ അതിര്‍ത്തി മേഖലയില്‍ കന്നടയിലും തെലുങ്കിലും സ്ഥലങ്ങളുടെ ദൈര്‍ഘ്യം സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."