അംബേദ്കര്‍ കോളനിയില്‍ ജാതി വിവേചനവും ഭരണ വിവേചനവും നേരിടുന്നു: രമേശ് ചെന്നിത്തല
മുതലമട: ജാതി വിവേചനത്തോടൊപ്പം തന്നെ ഭരണപരമായ വിവേചനവും മുതലമട ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ജനവിഭാഗം നേരിടുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനെത്തിയ പ്രതിപക്ഷ നേതാവ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ഇവരെ അവഗണിക്കുകയാണ്. ഇവരുടെ സുരക്ഷയുടെ കാര്യത്തില്‍ പൊലീസ് ജാഗ്രത പുലര്‍ത്തണം. കഴിഞ്ഞ രാത്രി പോലും ഇവരെ ഭീഷണിപ്പെടുത്തിയെന്നാണ് കോളനി നിവാസികള്‍ പറഞ്ഞത്. രാഷ്ട്രീയ-ജാതി വിവേചനത്തിനെതിരെ സി പി എമ്മിന് ഒരു ന്യായീകരണവും പറയാനാവില്ല. അംബേദ്കര്‍ കോളനിയില്‍ നടക്കുന്ന ജാതി വിവേചനത്തിനെതിരെ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണം. പ്രതിപക്ഷം ഈ സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വര്‍ഷങ്ങളായി അവഗണന നേരിടുന്ന വിഭാഗമായാണ് ഇവിടുത്തെ പിന്നാക്കക്കാര്‍. ഇവിടെയുള്ളവരില്‍ ഭൂരിപക്ഷം പേര്‍ക്കും ഇപ്പോഴുമുള്ളത് എ പി എല്‍ കാര്‍ഡാണ്. പഞ്ചായത്തിന്റെ പിടിപ്പുകേടു മൂലം ഇരുന്നൂറോളം കുടുംബങ്ങളാണ് സ്വയരക്ഷയ്ക്കായി അമ്പലത്തില്‍ അന്തിയുറങ്ങുന്നത്. പട്ടികജാതി വകുപ്പ് മന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തത് വളരെ വേദനാജനകമാണ്. പട്ടികജാതി വകുപ്പ് മന്ത്രിയും, ജില്ലാ കലക്ടറും അടിയന്തരമായി സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."