പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ എടുത്തത് നയപരമായ തീരുമാനം- ഇബ്രാഹിം കുഞ്ഞ്
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വി.എം ഇബ്രാഹിം കുഞ്ഞ്. ചോദ്യം ചെയ്യലിന് ഹാജരാകന്‍ തനിക്ക് നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലത്തിന്റെ കാര്യത്തില്‍ നയപരമായ തീരുമാനമാണ് എടുത്തത്. മുന്‍കൂര്‍ പണം നല്‍കുന്നത് സാധാരണ രീതി. ബജറ്റിലില്ലാത്ത പ്രവര്‍ത്തികള്‍ക്കും പണം നല്‍കാറുണ്ട്. താഴെ നിന്ന് റെക്കമെന്‍ഡ് ചെയ്ത ഫയല്‍ താന്‍ കണ്ടിട്ടേ ഉള്ളൂ- അദ്ദേഹം വിശദീകരിച്ചു. ടി.ഒ സൂരജിന് മറുപടിയില്ല. റിമാന്‍ഡിലുള്ള ഉദ്യോഗസ്ഥന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് താന്‍ മറുപടി പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തോട് ഇതുവരെ സഹകരിച്ചു. ഇനിയും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ഇന്നലെ വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ ഇബ്രാഹിം കുഞ്ഞ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് വിജിലന്‍സ് പരിശോധിക്കും.
കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിനെ കുരുക്കിലാക്കിയത്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണ് നടന്നതെന്ന് ടി.ഒ സൂരജ് പറഞ്ഞിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരവെയായിരുന്നു സൂരജിന്റെ പ്രതികരണം.
ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. പാലം നിര്‍മാണം നടന്ന സമയത്ത് റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലും കിറ്റ്‌കോയിലും ചുമതലകളുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം ഉടന്‍ പിടിയിലായേക്കും. ഗൂഢാലോചനയില്‍ പങ്കെടുത്തവരടക്കം ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അഴിമതിയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."