ജെ.ജെ ആക്ട്: മുഖ്യമന്ത്രി മുസ്‌ലിം സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജെ.ജെ ആക്ട്കാരണം അനാഥാലയ നടത്തിപ്പിലുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടു വരണമെന്ന് സമസ്ത. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗം ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പള്ളി നിര്‍മാണത്തില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ നീക്കുക, മഹല്ല് പ്രശ്‌നങ്ങളില്‍ പൊലിസിന്റെ പക്ഷപാതപരമായ നിലപാട് അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തില്‍ മാറ്റംവരുത്തി മദ്യ നിരോധനം നടപ്പാക്കുക, കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കുക, അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കുക, മലബാറില്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന സാധ്യത വര്‍ധിപ്പിക്കുക, പെരുന്നാളുകള്‍ക്ക് മൂന്നു ദിവസം അവധി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, പി.ടി.എ റഹീം എം.എല്‍.എ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരും സംബന്ധിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹാജി കെ. മമ്മദ് ഫൈസി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍ (സമസ്ത), ടി.പി അബ്ദുല്ല കോയ മദനി ( കെ.എന്‍.എം), , എം.ഐ അബ്ദുല്‍ അസീസ്, ഒ.അബ്ദുറഹിമാന്‍ (ജമാഅത്തെ ഇസ്‌ലാമി), കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ (കാന്തപുരംസുന്നി) കുഞ്ഞ് മുഹമ്മദ് (കെ.എന്‍.എം വിസ്ഡം), എ.എ വഹാബ് (പിന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍), ഡോ. ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്), എന്‍.കെ അലിയാര്‍കുട്ടി (മെക്ക) തുടങ്ങിയവരും പങ്കെടുത്തു. മന്ത്രി കെ.ടി ജലീല്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."