കൈവെട്ട് കേസ്: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു
ഫറോക്ക്: കൈവെട്ടു കേസില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ പ്രതിയെ അന്വേഷണ സംഘം ഫറോക്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ആലുവ തോട്ടയ്ക്കാട്ടുകര മുഹമ്മദ് റാഫി (37)യെയാണ് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എയുടെ പ്രത്യേക സംഘം ഫറോക്കിലെത്തിച്ചത്. ഇപ്പോള്‍ പിടിയിലായ പ്രതി കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ല.
ടി.ജെ ജോസഫിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചത് റാഫിയായിരുന്നു. സംഭവ ദിവസം പ്രൊഫ. കോളജില്‍ നിന്നിറങ്ങിയ വിവരം അക്രമികള്‍ക്ക് നല്കിയതും ഇയാളാണ്. അക്രമത്തിനിടെ പരുക്കേറ്റ പ്രതികള്‍ക്ക് ഇയാള്‍ താവളം ഒരുക്കിയതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്. അന്വേഷണത്തിനും തെളിവെടുപ്പിനുമായി എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. സംഭവം നടന്നതു മുതല്‍ ഒളിവില്‍ കഴിഞ്ഞ പ്രതി ചെറുവണ്ണൂരിലും ഫറോക്കിലും കടകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇതു പരിശോധിക്കാനാണ് റാഫിയെ ഫറോക്കില്‍ കൊണ്ടുവന്നത്.
എന്‍.ഐ.എ സൂപ്രണ്ട് വി.കെ അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തില്‍ രാവിലെ ഫറോക്കിലെത്തിയ സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈകിട്ടോടെയാണ് മടങ്ങിയത്. കൈവെട്ടു കേസില്‍ മുമ്പ് അറസ്റ്റിലായ 31 പ്രതികളുടെ വിചാരണ 2015ല്‍ പൂര്‍ത്തിയാക്കിയിരുന്നു. 13പേര്‍ക്ക് കോടതി ശിക്ഷ വിധിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. കൈവെട്ടിയ സംഘത്തെ നയിച്ചവരില്‍ രണ്ടു പേരെ ഇനിയും പിടികൂടാനുണ്ട്. 2010ജൂലൈ നാലിനാണ് തൊടുപുഴ ന്യുമാന് കോളജ് പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."