കേന്ദ്രവും ഹിന്ദിയും പിന്നെ ഇന്ത്യയും
സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ ഏകോപനത്തിലൂടെ രൂപംകൊണ്ട ഒരു ഫെഡറേഷനാണ് ഇന്ത്യ. അത് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ന്ന് ഒരു യൂനിയനാണ്. ഇന്ത്യയെ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഇന്ത്യ എന്ന് നാമകരണം ചെയ്യാവുന്നതാണ് എന്നുപോലും പലരും ആവശ്യപ്പെട്ടിരുന്നു. ഭരണഘടനാ നിയമനിര്‍മാണ സമിതി രൂപംകൊള്ളുന്നതിനും മുന്‍പുതന്നെ ഇന്ത്യയില്‍ ഭാഷയെ ചൊല്ലിയുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും നിലനിന്നിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ച ഇന്ത്യയില്‍ ഹിന്ദി ഭഷയ്ക്കുള്ള സ്ഥാനവും പരിഗണനയും എത്രത്തോളമാണ്, അല്ലെങ്കില്‍ ആയിരിക്കണം എന്നതുതന്നെയായിരുന്നു. ഇതിപ്പോള്‍ പറയാന്‍ കാരണമുണ്ട്.
സെപ്റ്റംബര്‍ 14ന് കഴിഞ്ഞ ഹിന്ദി ദിനാചരണവേളയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ പ്രസംഗവും തുടര്‍ന്ന് നടത്തിയ ട്വീറ്റും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും അല്ലാതെയുമുള്ള രാഷ്ട്രീയ നേതാക്കളും സാമൂഹ്യ-അക്കാദമിക സമൂഹത്തില്‍ നിന്നുള്ള പലരും എതിര്‍പ്പുമായി മുന്നോട്ടുവന്നു. എന്നാല്‍ സര്‍ക്കാരാകട്ടെ, മുന്‍പ് പറഞ്ഞുനിര്‍ത്തിയ അവിടെനിന്ന് തുടര്‍ അഭിപ്രായപ്രകടനത്തിനോ എതിര്‍ത്തവരോട് പ്രതികരിക്കാനോ കാര്യങ്ങള്‍ വിശദീകരിക്കാനോ ഒന്നിനും പോയില്ല. അമിത്ഷാ എന്തുപറഞ്ഞു, പറയാന്‍ പാടുണ്ടോ, പറഞ്ഞതില്‍ തെറ്റുണ്ടോ എന്ന കാര്യമൊക്കെ അവിടെ നില്‍ക്കട്ടെ. സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള നിസ്സംഗതയാണ്, അതിന്റെ ഉദ്ദേശ്യത്തെ വ്യക്തമാക്കുന്നത് എന്ന കാര്യം, അല്‍പം ഭയപ്പാടോടെയാണ് പൊതുസമൂഹം നോക്കിക്കാണുന്നത്. പൊതുസമൂഹമെന്നാല്‍ പൊതുസമൂഹം ആകമാനം എന്നല്ല, അതില്‍ കുറച്ചോ, കുറച്ചധികം പേരോ എന്നു മാത്രമേ അര്‍ഥമുള്ളൂ. ഇതിനുമുന്‍പും ഭാഷാപരമായ പ്രശ്‌നങ്ങള്‍, അതായത് ഹിന്ദിഭാഷ നിര്‍ബന്ധിത പഠനവിഷയമാക്കുന്ന വിഷയം വന്നപ്പോള്‍ പ്രശ്‌നപരിഹാരത്തിനായി ക്രിയാത്മകവും അനുകൂലവുമായ നടപടികള്‍ ഇതേ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
ഏകദേശം നാല് മാസങ്ങള്‍ക്ക് മുന്‍പാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അതില്‍ ഹിന്ദി നിര്‍ബന്ധിത പഠനവിഷയമാക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ഇതേചൊല്ലി തമിഴ്‌നാട്ടില്‍ ഡി.എം.കെ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. ഇതില്‍ സ്റ്റാലിനോടൊപ്പം കോണ്‍ഗ്രസ് നേതാവ് ചിദംബരവും ചേര്‍ന്നു. ബംഗാളില്‍നിന്ന് മമതാ ബാനര്‍ജിയും കര്‍ണാടകയില്‍നിന്ന് കുമാരസ്വാമിയും റിപ്പോര്‍ട്ടിലെ നിര്‍ബന്ധിത ഹിന്ദി പഠനത്തെ എതിര്‍ത്തു. ശശി തരൂരും ഈ കരടു നിര്‍ദേശത്തെ എതിര്‍ത്തു.
എന്നാല്‍ എതിര്‍പ്പും പ്രതിഷേധവുമൊക്കെ ശക്തമാകാതെ നോക്കാനും ഇവയൊക്കെ മുളയിലേ നുള്ളിക്കളയാനും സര്‍ക്കാരിനു സാധിച്ചു. ഏതെങ്കിലും ഭാഷ ആര്‍ക്കെങ്കിലും മേല്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിനുദ്ദേശ്യമില്ലെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലെ രണ്ടു മന്ത്രിമാരെ തന്ത്രപൂര്‍വം രംഗത്തെത്തിച്ച് സര്‍ക്കാര്‍ വിഷയം തണുപ്പിച്ചു. ധനമന്ത്രി നിര്‍മലാ സീതാരാമനും വിദേശകാര്യ മന്ത്രി ജയശങ്കറും ഇതില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. ഇത്തരമൊരു അനുരഞ്ജന നിലപാടാണ് ഇപ്പോഴത്തെ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നുണ്ടാകാതെ പോയത്. ഇതുതന്നെയാണ് പൊതുസമൂഹത്തെയും ദക്ഷിണേന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തെയും ആശങ്കപ്പെടുത്തുന്നത്.
ഇനി അമിത്ഷാ പറഞ്ഞ കാര്യത്തിലേക്ക് വരാം. ''ഇന്ത്യ വിവിധ ഭാഷകളുടെ നാടാണ്. ഓരോ ഭാഷക്കും അതിന്റെ മഹത്വവും പ്രാധാന്യവുമുണ്ട്. എന്നാല്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അസ്തിത്വത്തെ വിളിച്ചറിയിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് ആവശ്യമാണ്. ഇന്ന് ഏതെങ്കിലും ഒരു ഭാഷയ്ക്ക് ഇന്ത്യയുടെ ഐക്യത്തെ ഉറപ്പിക്കാന്‍ സാധിക്കുമെങ്കില്‍, അത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദി ഭാഷയാണ്. ദേശത്തിനാകെ ഒരു ഭാഷ ഉണ്ടാകേണ്ടതുണ്ട്.'' ഇത്രയും കാര്യം അദ്ദേഹം സെപ്റ്റംബര്‍ 14ന് ഹിന്ദി ദിനാചരണവേളയിലാണ് അഭിപ്രായപ്പെട്ടത്.
സര്‍ക്കാരിന്റെ ഹിന്ദി ദിനാചരണം സംഘടിപ്പിക്കുന്നത് ഔദ്യോഗിക ഭാഷാ വിഭാഗമാണ്. ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ്. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ഈ ദിനാചരണം അമിത്ഷായുടെ ഉത്തരവാദിത്വവും ബാധ്യതയുമാണ്. മുന്‍പ് പല ആഭ്യന്തര മന്ത്രിമാരും ഈ ദിനാചരണ വേളയില്‍ ഹിന്ദി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരാമര്‍ശങ്ങള്‍ തങ്ങളുടെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കടുത്ത ഹിന്ദിവിരുദ്ധനായ ചിദംബരം പോലും ഹിന്ദി ദിനാചരണ വേളയില്‍ ഈ ഭാഷ പ്രോത്സാഹിപ്പിക്കാനായി ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. അതായത് ഇതൊരു പുതിയ കാര്യമൊന്നുമല്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങില്‍, അതില്‍ പരാമര്‍ശിക്കുന്ന വിഷയത്തെ അനുകൂലിച്ച് സംസാരിക്കേണ്ടത് ആവശ്യവും അതിലേറെ ഒരു ഉത്തരവാദിത്വ നിര്‍വഹണവും കൂടിയാണ്.
എന്നാല്‍ പ്രശ്‌നം ആരംഭിക്കുന്നത് ഇവിടെ നിന്നൊന്നുമല്ല. പ്രാദേശിക ഭാഷകളെ അദ്ദേഹം അംഗീകരിക്കുന്നുണ്ട്, അത് വളരേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുന്നുമുണ്ട്. എന്നാല്‍ ഒരു രാജ്യം ഒരു ഭാഷ, ഇംഗ്ലീഷിനു പകരം ഹിന്ദി എന്നീ പരാമര്‍ശങ്ങളാണ് വിമര്‍ശന വിധേയമായി മാറിയത്. ഇന്ത്യപോലെയുള്ള ഒരു രാജ്യത്ത് ഒറ്റ ഭാഷ എന്ന കാര്യം അമിത്ഷാ വിചാരിച്ചാല്‍ പോലും നടക്കാന്‍ പോകുന്നില്ലെന്ന് ഏത് കൊച്ചുകുട്ടിക്കും ആലോചിച്ചാല്‍ മനസിലാകുന്നതേയുള്ളൂ. വസ്തുതകള്‍ ഇതായിരിക്കെ അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരേ വന്ന വിമര്‍ശനങ്ങള്‍ ഒന്നൊന്നായി നോക്കാം. അതില്‍ എത്ര കഴമ്പുണ്ടെന്നും അതിന്റെ ശരി തെറ്റുകള്‍ എത്രയെത്രയെന്നും. ഒന്നാമത്, അത് ഇന്ത്യയുടെ ബഹുസ്വരതയും നാനാത്വത്തിലെ ഏകത്വവും ഇല്ലാതാക്കും എന്നതാണ്. ഇന്ത്യയുടെ ബഹുസ്വരതയ്ക്കാധാരം കേവലം ഭാഷ മാത്രമല്ല എന്നകാര്യം നാം വിസ്മരിക്കരുത്.
അത് സംസ്‌കാരത്തിന്റെയും ഉപദേശീയ പ്രാദേശിക സംസ്‌കാരങ്ങളുടെയും സംസ്‌കൃതികളുടെയും അടിസ്ഥാനത്തില്‍ രൂപംകൊണ്ടതാണ്. ഭാഷാ വൈവിധ്യം ബഹുസ്വരതയുടെ ഒരു കാരണം മാത്രമേ ആകുന്നുള്ളൂ. ഗോത്ര സംസ്‌കൃതിയും നഗരസംസ്‌കൃതിയും പ്രാദേശിക ഉപവിഭാഗങ്ങളുടെ ആചാരസംഹിതകളും സാഹിത്യവും കലയും വ്യാപാരവും എന്തിനേറെ വിവിധ സര്‍ക്കാരുകളുടെയും അവയുടെ നിലനില്‍പിന്റെയും അടിസ്ഥാനത്തിലാണ് ബഹുസ്വരത എന്ന സംസ്‌കൃതിവിശേഷം രൂപപ്പെട്ടുവരുന്നതും നിലനില്‍ക്കുന്നതും.
ഹിന്ദി ഭാഷ ഇന്ത്യയുടെ പൊതുസമ്പര്‍ക്ക ഭാഷ ആകുന്നതുകൊണ്ട് ബഹുസ്വരത ഇല്ലാതാകുന്നില്ലെന്നു മാത്രമല്ല, മറിച്ച് ശക്തമായ ഒരു പൊതുഭാഷയുടെ സാന്നിധ്യം ബഹുസ്വരതയ്ക്ക് മുതല്‍കൂട്ടാവുകയാണ് ചെയ്യുക. പിന്നെ നാനാത്വത്തിലെ ഏകത്വം ഇല്ലാതാകുമെന്ന വിമര്‍ശനം. നാനാത്വവും ഭാഷയുടെ മാത്രം സൃഷ്ടിയല്ല ഇന്ത്യന്‍ സമൂഹത്തില്‍. അത് ഭാഷ സംസ്‌കാരം, വസ്ത്രധാരണം, സാംസ്‌കാരിക ഇടപെടലുകള്‍, കലാസാഹിത്യ കൊടുക്കല്‍ വാങ്ങലുകള്‍, നദികള്‍, പര്‍വതങ്ങള്‍, ഭക്ഷണ രീതി, ഗാര്‍ഹിക സ്വഭാവം ഇങ്ങനെ പലതുണ്ട് നാനാത്വത്തിന് കാരണമാകുന്നത്. അതുകൊണ്ട് ഹിന്ദി ശക്തമായ ഒരു പൊതുഭാഷയാകുന്നത് നാനാത്വത്തിനും ഭീഷണിയല്ല. മറിച്ച് നാനാത്വത്തിലെ ഏകത്വം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുക.ഹിന്ദി ഭാഷയുമായും മറ്റു വിദേശ ഭാഷകളുമായും മലയാളം സാഹിത്യ - സാംസ്‌കാരിക കൊടുക്കല്‍ വാങ്ങള്‍ കൊണ്ടുതന്നെയാണ് മലയാളം ഇന്നു നാം കാണുന്ന രീതിയിലേക്ക് വളര്‍ന്നത്. അതിനുള്ള അവസരം ഒരുപക്ഷേ നമുക്ക് ലഭിച്ചിട്ടില്ലായിരുന്നുവെങ്കില്‍ നാം മുരടിച്ചുപോകുമായിരുന്നു. മറ്റൊരു പ്രധാന ആക്ഷേപം രാജ്യം സാമ്പത്തിക പ്രതിസന്ധിയോ, മാന്ദ്യമോ, അതെന്തുമായിക്കോട്ടെ നേരിടുമ്പോള്‍ അതില്‍ നിന്നുള്ള ശ്രദ്ധ തിരിക്കാനുള്ള അജണ്ടയായാണ് ഹിന്ദിവാദം മുന്നോട്ട്‌വയ്ക്കുന്നത് വഴി ചെയ്തത് എന്നാണ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയോ തളര്‍ച്ചയോ ഒന്നും മൂടിവയ്ക്കാന്‍ ഇത്തരം കേവല ഭാഷാവാദപ്രയോഗത്തിലൂടെ സാധ്യമല്ല. സാമ്പത്തിക ശാസ്ത്രത്തിന് അതിന്റേതായ തനതായ കാര്യകാരണങ്ങളുണ്ട്. അത് മൂടിവയ്ക്കാന്‍ അമിത്ഷായുടെ ഈ പാഴ്‌വേലക്കാകില്ല എന്ന് സാമ്പത്തികശാസ്ത്രവിശാരദന്മാര്‍ പോട്ടെ, സാമ്പത്തിക ശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുപോലും അറിയാം. വസ്തുതകള്‍ ഇതൊക്കെയായിരിക്കെ, ഇപ്പോള്‍ നാം നടത്തിവയ്ക്കുന്നത് അനാവശ്യ വിവാദമാണെന്ന് പറയാതെ വയ്യ.
പറഞ്ഞത് അമിത്ഷാ ആയതുകൊണ്ടും അമിത്ഷാ മാത്രമായതുകൊണ്ടും പറഞ്ഞ കാര്യത്തിന് അതിന്റെ ഉള്ളടക്കത്തില്‍നിന്ന് വ്യത്യസ്തമായ അര്‍ഥതലം ഉണ്ടായത്, പക്ഷേ സ്വാഭാവികം മാത്രമാണ്. കാരണം മോദി സര്‍ക്കാര്‍ ഇതിനുമുന്‍പ് സ്വീകരിച്ച സമീപനങ്ങള്‍, അത് ഏത് വിഷയത്തിലുമായിക്കൊള്ളട്ടെ, നമ്മെ അതിനു പ്രേരിപ്പിക്കുന്നതാണ് എന്നത് പച്ച പരമാര്‍ഥമാണ്. പക്ഷേ ഈ വിഷയത്തില്‍ നമ്മുടെ ഭയം ഒടുവില്‍ നമുക്ക് തന്നെ ഒരുപാട് നഷ്ടം വരുത്തും.
വളര്‍ന്നു വരുന്ന ഇന്ത്യന്‍ സാമൂഹ്യ-സാമ്പത്തിക-വ്യാപാര-ഭരണ മേഖലയില്‍, ഇന്ത്യന്‍ തൊഴില്‍ മേഖലയില്‍ ഈ ഭാഷയ്ക്കുള്ള അനിഷേധ്യമായ സ്ഥാനം നാം മറന്നുകൂടാ. ഇന്ത്യയില്‍ മാത്രമല്ല, വിദേശ തൊഴില്‍ വിപണിയിലും ഇംഗ്ലീഷിനോടൊപ്പം ചെറുതല്ലാത്ത സ്ഥാനം ഹിന്ദിക്കുമുണ്ട്. ആ അവസരം നാം നഷ്ടപ്പെടുത്തിക്കൂടാ. ഹിന്ദി പഠിക്കാതിരുന്നതുകൊണ്ട് എന്തെങ്കിലും അവസരനഷ്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പാവപ്പെട്ട കുട്ടികള്‍ക്കു മാത്രമാണ് എന്നത് അവിതര്‍ക്കമായ വസ്തുതയാണ്.
ഒന്നേ പറയാനുള്ളൂ. അമിത്ഷാ പറഞ്ഞതില്‍ എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യമുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. പക്ഷേ, ഇതില്‍ കൂടി നമുക്ക് ലഭിച്ചേക്കാവുന്ന നേട്ടങ്ങള്‍ നാം കൈവിട്ടുകൂടാ. ഒരു ഭാഷ കൂടി പഠിക്കാനും അതുവഴി കൂടുതല്‍ മെച്ചപ്പെട്ട അവസരപ്രാപ്തിയും നാമെന്തിന് നഷ്ടപ്പെടുത്തണം? രാഷ്ട്രീയക്കാര്‍, അത് അമിത്ഷായാകട്ടെ, അദ്ദേഹത്തെ ഇപ്പോള്‍ എതിര്‍ക്കുന്ന മറ്റുള്ളവരാകട്ടെ, ആരായാലും ഒന്നോര്‍ക്കുക, സങ്കുചിതമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തി താല്‍ക്കാലിക ലാഭം കൊയ്യുമ്പോള്‍ വരും തലമുറ കുറ്റപ്പെടുത്താതെ നോക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."