മെഡി.കോളജ് ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തില്‍ വിഭിന്നശേഷിക്കാര്‍ക്ക് പുതിയ ശൗചാലയം
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തില്‍ വിഭിന്നശേഷിക്കാര്‍ക്കുള്ള പുതിയ ശൗചാലയത്തിന്റെ പണി പൂര്‍ത്തിയായി. ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ ഒ.പിയില്‍ വരുന്ന രോഗികള്‍ക്ക് വേണ്ടി ഒരു ശൗചാലയം വേണമെന്നുള്ളത് ഏറെ നാളായുള്ള ആവശ്യമായിരുന്നു. ശൗചാലയനിര്‍മ്മാണത്തിന് നേരത്തെ തുടക്കമിട്ടിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കുകയോ രോഗികള്‍ക്ക് തുറന്നുകൊടുക്കുകയോ ചെയ്തിരുന്നില്ല.
ഇതുസംബന്ധിച്ച പരാതി ശ്രദ്ധയില്‍പെട്ട മന്ത്രി കെ.കെ ശൈലജ വിഭിന്നശേഷിക്കാര്‍ക്കുള്ള ശൗചാലയത്തിന്റെ നിര്‍മാണം എത്രയുംവേഗം പൂര്‍ത്തീകരിച്ച് രോഗികള്‍ക്ക് തുറന്നുകൊടുക്കാന്‍ കര്‍ശനിര്‍ദേശം നല്‍കുകയായിരുന്നു. എട്ടുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശൗചാലയം നിര്‍മിച്ചത്. ശൗചാലയം നിര്‍മിച്ചെങ്കിലും വീല്‍ചെയറിലും മറ്റും രോഗികളെ അവിടെയെത്തിക്കുന്ന വഴി ദുര്‍ഘടമേറിയതായിരുന്നു.
വഴിയിലെ തടസം ശൗചാലയം തുറന്നുകൊടുക്കുന്നത് വൈകുന്നുവെന്നു മനസിലാക്കിയ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവും വകുപ്പുമേധാവി ഡോ. സുരേഷ് കുമാറും ഇടപെട്ട് ഒ.പി മുതല്‍ ശൗചാലയം വരെ ടൈല്‍ പാകി വഴി സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിച്ചു. ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ടൈല്‍പാകിയത്.അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിച്ച ശൗചാലയത്തില്‍ ക്ലോസെറ്റിനു സമീപത്തായി പ്രത്യേകം ഹാന്‍ഡ് റെയിലിങും സ്ഥാപിച്ചിട്ടുണ്ട്. രോഗിക്ക് ഇരിക്കുമ്പോള്‍ കൈത്താങ്ങായി ഈ ഹാന്‍ഡ് റെയിലിങ് ഉപയോഗിക്കാനാവും. ആവശ്യം കഴിഞ്ഞ് മടക്കിവയ്ക്കുകയുമാവാം. ശൗചാലയത്തിന്റെ മറ്റു ഭാഗങ്ങളിലും പിടിച്ചു നടക്കാനും വാഷ്‌ബെയിസിനു അരികിലായും വേറെയും ഹാന്‍ഡ് റെയിലിങ് സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന വികലാംഗക്ഷേമ കമ്മിഷണറേറ്റിന്റെ സഹായത്തോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ എല്ലാ വാര്‍ഡുകളിലും വിഭിന്നശേഷിക്കാര്‍ക്കുള്ള ശൗചാലയങ്ങള്‍ ഉണ്ടെങ്കിലും ഒ.പിയില്‍ വരുന്ന നൂറുകണക്കിന് രോഗികള്‍ക്കായി പ്രത്യേകമൊരു ശൗചാലയമില്ലായിരുന്നു. ഒ.പിയില്‍ വരുന്നവര്‍ വാര്‍ഡുകളിലാണ് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോയിക്കൊണ്ടിരുന്നത്.
തിരക്കേറിയ സമയങ്ങളില്‍ ഇത് പലപ്പോഴും ഒ.പിയിലെയും വാര്‍ഡിലെയും രോഗികള്‍ക്ക് ബുദ്ധിമുട്ടായി മാറി. മുടങ്ങിക്കിടന്ന ശൗചാലയനിര്‍മാണവും പാതയൊരുക്കലും പൂര്‍ത്തീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിനും അവിടെയെത്തുന്ന രോഗികള്‍ക്കും അര്‍ഹിക്കുന്ന പരിഗണനയാണ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."