നിരാശ മനഃസമാധാനം തകര്‍ക്കും, തിരിച്ചു തരില്ല
കൈയക്ഷരത്തെ ഭയപ്പെടേണ്ട
ഞാന്‍ പത്താം ക്ലാസില്‍നിന്ന് വിജയിച്ചു. സര്‍ക്കാര്‍ വിദ്യാലയത്തിലായിരുന്നു പഠനം. ക്ലാസില്‍ നന്നായി പഠിച്ചിരുന്നു. എന്നിട്ടും രണ്ട് എ പ്ലസേ കിട്ടിയുള്ളൂ. പ്ലസ് വണ്ണിന് അഡ്മിഷന്‍ കിട്ടുമോ എന്നുപോലും അറിയില്ല. എന്റെ കൈയക്ഷരം വളരെ മോശമാണ്. അതുകൊണ്ടാണ് മാര്‍ക്ക് കിട്ടാതിരുന്നത്. എന്നേക്കാള്‍ പഠനത്തില്‍ പിന്നിലായിരുന്നവര്‍ക്കുപോലും എന്നേക്കാള്‍ ഗ്രേഡുണ്ട്. ഞാനാകെ വിഷമത്തിലാണ്. തുടര്‍ന്നു പഠിക്കണോ എന്നുപോലും ചിന്തിക്കുന്നു. കൈയക്ഷരം നന്നാക്കാനും ആത്മവിശ്വാസം കൂട്ടാനും എന്തെങ്കിലും പരിഹാരമുണ്ടോ?
ശഹ്‌ന പൂക്കിപ്പറമ്പ്
രണ്ട് എ പ്ലസ് കിട്ടിയതുകൊണ്ട് ശഹ്‌ന പഠനത്തില്‍ മോശക്കാരിയല്ല എന്നു തീര്‍ച്ചയാണ്. ക്ലാസിലും തിളങ്ങുന്നുണ്ടല്ലോ. കൈയക്ഷരം നന്നാക്കിയെടുക്കാനുള്ള നിരവധി വിദ്യകള്‍ ഇന്നു ലഭ്യമാണ്. കാലിഗ്രാഫി എന്നു പറയുന്ന ഈ രീതി നഗരങ്ങളിലും മറ്റും ലഭ്യമാണ്. കൂട്ടത്തില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുകയും വേണം. യോഗ, ധ്യാനം എന്നിവ ചെയ്യാം. പ്രതിസന്ധികള്‍ നീന്തിക്കടന്ന മഹാന്‍മാരുടെ ജീവചരിത്രങ്ങള്‍ തേടിപ്പിടിച്ചു വായിക്കുക.
മാറ്റിയെടുക്കാം, മോശം സ്വഭാവത്തെ
എന്റെ മകള്‍ പഠിക്കാന്‍ മോശമല്ല. എന്നാല്‍ ഒട്ടും അനുസരണയില്ലാതായിരിക്കുന്നു. ഏതു സമയവും മൊബൈലിലാണ്. ഭക്ഷണം കഴിക്കുമ്പോള്‍ പോലും മൊബൈല്‍ മാറ്റിവയ്ക്കില്ല. എന്തെങ്കിലും അങ്ങോട്ടു പറഞ്ഞാല്‍ വല്ലാത്ത ദേഷ്യമാണ്. അടുത്തിടെ ഉപ്പ മൊബൈല്‍ പിടിച്ചുവാങ്ങി. ഉപ്പയോടുപോലും അവള്‍ കയര്‍ത്തു സംസാരിക്കുന്നു. അതിന്റെ പേരില്‍ ഭക്ഷണംപോലും കഴിക്കില്ല. ഇത്തവണ പത്താം ക്ലാസിലാണ്. ഉപദേശിക്കുന്നവരോടൊക്കെ ദേഷ്യമാണവള്‍ക്ക്. മകളുടെ ഈ സ്വഭാവം മാറ്റിയെടുക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ?
കെ.കെ സുഹറ, മങ്കട
ന്യൂ ജനറേഷന്‍ കുട്ടികളുടെ ഏറ്റവും വലിയ അഡിക്ഷനാണ് മൊബൈല്‍ ഫോണ്‍, ടാബ്, ഐപാഡ് എന്നിവ. ഇവ പൂര്‍ണമായും കുട്ടികളില്‍നിന്ന് മാറ്റിയെടുക്കുക ബുദ്ധിമുട്ടാണ്. ഒരു നിശ്ചിത സമയം മാതാപിതാക്കള്‍ കാണ്‍കേ അവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കുന്നതാണ് അഭികാമ്യം. അതു കഴിഞ്ഞാല്‍ അവര്‍ക്ക് കിട്ടാത്ത തരത്തില്‍ മാറ്റിവയ്ക്കണം. പഠനവും ഹോം വര്‍ക്കും ചെയ്തു കഴിഞ്ഞാല്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം നിശ്ചിത സമയത്തേക്കു മൊബൈല്‍ കൊടുക്കാം. കാമറയില്ലാത്തതും സ്മാര്‍ട്ട്‌ഫോണ്‍ അല്ലാത്തതുമായ സാധാരണ ഫോണ്‍ കൊടുക്കുന്നതാണ് നല്ലത്. സ്മാര്‍ട്ട് ഫോണ്‍ ആണെങ്കില്‍ കുട്ടി അതില്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുന്നത് നന്നായിരിക്കും. കുട്ടികള്‍ വലിയ ദേഷ്യക്കാരും പിടിവാശിക്കാരുമാകുന്നത് ചെറുപ്രായത്തില്‍ അവരുടെ എല്ലാ ആവശ്യങ്ങളും ഉടനെത്തന്നെ അതേപടി നിറവേറ്റി കൊടുക്കുന്നതുകൊണ്ടാണ്. അല്‍പം പിടിവാശി പിടിച്ചാല്‍ അതു ശ്രദ്ധിക്കാതെ ആവശ്യമുള്ളതു മാത്രം നിറവേറ്റിക്കൊടുത്ത് സ്‌നേഹത്തോടെ കാര്യങ്ങള്‍ മനസിലാക്കിക്കൊടുത്താല്‍ കുട്ടിയുടെ ദേഷ്യം ഒരു പരിധിവരെ മാറ്റിയെടുക്കാം.
പഠനത്തില്‍ ശ്രദ്ധിക്കാം
മകള്‍ രണ്ടാം ക്ലാസിലാണ്. വീട്ടില്‍ എപ്പോഴും കളിചിരിയാണ്. ഗൗരവമായി പഠനത്തെ എടുക്കുന്നില്ല. പഠിപ്പിക്കുമ്പോഴും കുട്ടിക്ക് ശ്രദ്ധ കളിയിലും മറ്റു പലതിലുമാണ്. എങ്ങനെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിപ്പിക്കാന്‍ പറ്റും? ക്ലാസില്‍ മിടുക്കിയും ശ്രദ്ധയുമൊക്കെയുണ്ട്. വീട്ടിലാണ് ഇങ്ങനെയൊക്കെ.
അബ്ദുല്‍ ഗഫൂര്‍ എം, മേലാറ്റൂര്‍
വീട്ടില്‍ കളിയാണെങ്കിലും കുട്ടി സ്‌കൂളില്‍ സീരിയസായി ക്ലാസ് ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ കുട്ടിക്ക് വലിയ പ്രശ്‌നമൊന്നുമില്ലെന്നാണ് മനസിലാകുന്നത്. എന്നാല്‍ ശ്രദ്ധക്കുറവും കളിയും കുട്ടിയുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പ്രത്യേകിച്ച് ശ്രദ്ധ, ഓര്‍മ, ബുദ്ധിശക്തി എന്നിവ എത്രത്തോളമുണ്ടെന്ന് ചില പരിശോധനകളിലൂടെ മനസിലാക്കേണ്ടതാണ്. ചെറുപ്രായത്തില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിച്ചാലേ കുട്ടിക്ക് പഠനത്തില്‍ മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ.
പൊക്കക്കുറവില്‍ വിഷമിക്കേണ്ട
എനിക്ക് നീളം തീരെ കുറവാണ്. കൂട്ടുകാരും നാട്ടുകാരുമൊക്കെ കളിയാക്കുന്നു. ഇരട്ടപ്പേര് വിളിക്കുന്നു. അധ്യാപകര്‍ പോലും ചിലപ്പോള്‍ അതിന് കൂട്ടുനില്‍ക്കുന്നു. പെണ്‍കുട്ടികളും പരിഹസിക്കുന്നു. പൊക്കമില്ലാത്തതിനാല്‍ ക്ലാസില്‍ പോകാന്‍ തന്നെ തോന്നുന്നില്ല. എന്തെങ്കിലും പരിഹാരമുണ്ടോ?
മുഹമ്മദ് മഅ്‌റൂഫ്
മഅ്‌റൂഫിന്റെ പ്രായം എത്രയാണെന്ന് വ്യക്തമല്ല. പലപ്പോഴും ചെറിയ ക്ലാസുകളില്‍ പൊക്കം കുറവുള്ള കുട്ടികള്‍ വലിയ ക്ലാസുകളില്‍ എത്തുമ്പോഴേക്കും നീളം വയ്ക്കുന്നതായി കാണാറുണ്ട്. ചെറിയ കുട്ടിയാണെങ്കില്‍ ചെറിയ പ്രായത്തില്‍ നീളം വയ്ക്കാന്‍ സഹായിക്കുന്ന കളികളിലും (ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റണ്‍) എക്‌സര്‍സൈസുകളും ചെയ്യുക. കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നന്നായിരിക്കും.
മറ്റൊന്ന് മഅ്‌റൂഫ് മനസിലാക്കേണ്ടത് ജീവിതവിജയത്തില്‍ പൊക്കം ഒരു പ്രധാനകാര്യമല്ല എന്നതാണ്. ലോകത്തെ കിടുകിടാ വിറപ്പിച്ച ഹിറ്റ്‌ലറും നെപ്പോളിയനുമൊന്നും വലിയ പൊക്കമുണ്ടായിരുന്നില്ല. ആ ചിന്തയെ ദൂരെ കളയൂ. എന്നിട്ട് ഈ ശാരീരിക അവസ്ഥവച്ച് ഞാന്‍ ഉയരങ്ങളുടെ കൊടുമുടി കയറുമെന്ന് ശക്തമായ തീരുമാനമെടുത്തു മുന്നേറൂ. പൊക്കം ജീവിതവിജയത്തിന് ഒരു പ്രശ്‌നമല്ലെന്ന് മനസിലാകും.
വൈകല്യത്തില്‍ നിന്ന് ഒളിച്ചോടരുത്
എന്റെ മകന് വലതുകാലിന് സ്വാധീനമില്ല. സംസാരത്തില്‍ വിക്കുമുണ്ട്. നന്നായി പഠിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി പഠനത്തില്‍ പിന്നോക്കം പോകുന്നു. കോളജിലൊക്കെ ഞാനെങ്ങനെ ഈ കാലും വലിച്ച് കൊണ്ടുപോകുമെന്ന അപകര്‍ഷതാബോധം കൊണ്ടാണോ എന്നു സംശയമുണ്ട്. അതിന്റെ സൂചനകള്‍ അവന്‍ നല്‍കിയിട്ടുണ്ട്. എങ്ങനെയൊക്കെ പറഞ്ഞിട്ടും അവന് മനസിലാകുന്നില്ല. എന്തെങ്കിലും പരിഹാരമുണ്ടോ ?
രമ കുഴല്‍മന്ദം
നിങ്ങളുടെ മകന്‍ ശാരീരിക വൈകല്യത്തെക്കുറിച്ച് ചിന്തിച്ചിട്ട് ഉടലെടുക്കുന്ന അപകര്‍ഷതാ ബോധവും ഇതുമൂലമുണ്ടാകുന്ന വിഷാദവുമാണ് ഇപ്പോഴത്തെ പ്രശ്‌നത്തിനുള്ള പ്രധാന കാരണം. കാലിന്റെ സ്വാധീനക്കുറവ് ഒരു പരിധിവരെ പരിഹരിക്കാന്‍ ഫിസിക്കല്‍ മെഡിസിനില്‍ സ്‌പെഷലൈസ്ഡ് ചെയ്ത ഡോക്ടര്‍മാര്‍ക്ക് കഴിയും. സംസാരത്തിലെ വിക്കല്‍ മാറ്റിയെടുക്കാന്‍ ഒരു സ്പീച്ച് തെറാപ്പിസ്റ്റിന്റെ സഹായവും തേടാം. അപകര്‍ഷതാബോധവും നിരാശയും ലഘൂകരിക്കാനായി ഒരു കൗണ്‍സലറുടെ സഹായവും തേടാവുന്നതാണ്. വൈകല്യങ്ങളെ അതിജീവിച്ച് ജീവിത വിജയം കൈവരിച്ച് വൈകല്യങ്ങള്‍ക്കെതിരേ പോരാടിയ ധീരനായകരായ സ്റ്റീവ് ഹഡ്‌സന്‍, ഫ്‌ളോറന്‍സ് നൈറ്റിങ് ഗേള്‍, ഹെലന്‍ കെല്ലര്‍ ഇവരുടെയൊക്കെ ജീവചരിത്രം തേടിപ്പിടിച്ച് വായിപ്പിക്കുക. 19 മാസം മാത്രം പ്രായമുള്ളപ്പോള്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും നഷ്ടപ്പെട്ടവരാണ് ഹെലന്‍ കെല്ലര്‍. അവര്‍ സ്വപ്രയത്‌നം കൊണ്ട് സാഹിത്യം, സാമൂഹിക പ്രവര്‍ത്തനം, അധ്യാപനം എന്നീ രംഗങ്ങളില്‍ മികവു തെളിയിച്ചു.
അന്ധര്‍ക്കും കാഴ്ചവൈകല്യങ്ങളുള്ളവര്‍ക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയില്‍ ലിപിയുടെ ഉപജ്ഞാതാവായത് അന്ധനായിരുന്ന ലൂയിസ് ബ്രെയിലിയാണ്. ശാരീരിക വെല്ലുവിളിയുമായി ബാല്യത്തില്‍ തന്നെ പൊരുത്തപ്പെടുകയും അതിജീവിക്കാന്‍ കരുത്താര്‍ജിക്കുകയുമായിരുന്നു ലൂയി. ഇവരുടെയൊക്കെ കഥകള്‍ മകന് പറഞ്ഞുകൊടുക്കുക. മനസ് സുന്ദരമാക്കിയാല്‍ കാണുന്നതെല്ലാം സുന്ദരമാകും. ഏറ്റവും വലിയ ശത്രുവാണ് നിരാശ എന്നു മനസിലാക്കുക. അതിന് മനഃസമാധാനം തകര്‍ക്കാനേ കഴിയൂ. ഒരിക്കലും തിരിച്ചുതരാനാകില്ല.
പഠന സംബന്ധമായ
സംശയങ്ങളെക്കുറിച്ച്
രക്ഷിതാക്കള്‍ക്കും
കുട്ടികള്‍ക്കും ചോദിക്കാം
[email protected]
9207702153
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."