ഇന്ത്യന്‍ പതാക പാറുന്ന ചെങ്കോട്ട പാകിസ്താനില്‍; മാപ്പു പറഞ്ഞ് എസ്.സി.ഒ
ബെയ്ജിങ്: പാകിസ്താന്‍ ചരിത്രം വിവരിക്കുന്ന ദൃശ്യാവതരണത്തില്‍ ഇന്ത്യന്‍ പതാക പാറുന്ന ചെങ്കോട്ട. ലാഹോറിലുള്ള ഷാലിമാര്‍ ഗാര്‍ഡന്‍സെന്ന വിവരണത്തോടെയാണ് ചെങ്കോട്ട ദൃശ്യത്തില്‍ ഉള്‍പെടുത്തിയത്. ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന് (എസ്.സി.ഒ) ഈ ഭീമന്‍ അബദ്ധം പിണഞ്ഞത്. ഒടുവില്‍ പിഴവുപറ്റിയെന്ന് സമ്മതിച്ച എസ്.സി.ഒ അധികൃതര്‍ ഖേദപ്രകടനം നടത്തി തലയൂരുകയായിരുന്നു.
സംഘടനയിലേക്ക് പുതുതായി എത്തിയ ഇന്ത്യയെയും പാകിസ്താനെയും സ്വാഗതം ചെയ്യാനാണ് ബെയ്ജിങ്ങിലെ എസ്.സി.ഒ ആസ്ഥാനത്ത് ചടങ്ങ് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഒരുക്കിയതായിരുന്നു ദൃശ്യാവതരണം.
ചടങ്ങില്‍ സംബന്ധിച്ച ഇന്ത്യയുടെയും പാകിസ്താന്റെയും നയതന്ത്ര പ്രതിനിധികള്‍ തെറ്റുപറ്റിയ വിവരം ഉടന്‍ സംഘാടകരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി വിജയ് ഗോഖലെ, ചൈനയിലെ പാക് സ്ഥാനപതി മസൂദ് ഖാലിദ് എന്നിവര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് സംഘാടകര്‍ക്ക് അബദ്ധം പിണഞ്ഞത്. ഇന്ത്യയും പാകിസ്താനും പങ്കെടുക്കുന്ന ചടങ്ങില്‍ അവതരിപ്പിച്ച ദൃശ്യാവതരണത്തിന് ഉപയോഗിച്ച ചിത്രങ്ങളും വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്താതിരുന്നത് വലിയ വീഴ്ചയാണെന്ന് സംഘടാകര്‍ സമ്മതിച്ചു.
കസാഖിസ്ഥാനിലെ അസ്താനയില്‍ പോയ വാരത്തില്‍ നടന്ന ഉച്ചകോടിക്കിടെയാണ് ഇന്ത്യയും പാകിസ്താനും ആറംഗ ഗ്രൂപ്പില്‍ അംഗങ്ങളായത്. ചൈന, കസാഖിസ്ഥാന്‍, കിര്‍ഗിസ്താന്‍, റഷ്യ, താജിക്കിസ്താന്‍, ഉസ്ബക്കിസ്താന്‍, ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് നിലവിലെ അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."