'കൊല്ലാന്‍ പറഞ്ഞത് മുതിര്‍ന്ന ഭരണാധികാരി, അതു സല്‍മാന്‍ രാജാവാകില്ല'
അങ്കാറ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വീണ്ടും സഊദി അറേബ്യക്കെതിരേ രംഗത്ത്. തുര്‍ക്കിയിലെ സഊദി കോണ്‍സുലേറ്റില്‍ വച്ചു ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഊദി ഭരണകൂടത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായാണ് ഉര്‍ദുഗാന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ഖഷോഗിയെ വധിക്കാന്‍ കൊലപാതകികള്‍ക്കു നിര്‍ദേശം നല്‍കിയതു സഊദിയിലെ ഭരണതലത്തിലെ ഉന്നതനാണെന്നാണ് ഇന്നലെ ഉര്‍ദുഗാന്‍ തുറന്നടിച്ചത്. എന്നാല്‍ അതു സല്‍മാന്‍ രാജാവാണെന്നു താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ, ഉര്‍ദുഗാന്‍ ഉന്നംവയ്ക്കുന്നതു സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെയാണെന്നു വ്യക്തമാകുകയാണ്. മുഹമ്മദ് ബിന്‍ സല്‍മാനു വധത്തില്‍ പങ്കുള്ളതായി നേരത്തേതന്നെ ആരോപണമുണ്ട്.
ഖഷോഗിയുടെ കൊലപാതക വിഷയത്തില്‍ ഇനിയും ഒട്ടേറെ ചോദ്യങ്ങള്‍ക്കു സഊദി മറുപടി നല്‍കേണ്ടതുണ്ടെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും സത്യം തെളിയുന്നതുവരെ തുര്‍ക്കി അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സഊദിയുടെ ചില ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ ഖഷോഗിയുടെ കൊലപാതക വിവരം മറച്ചുവച്ചതു തങ്ങളില്‍ ഞെട്ടലുളവാക്കിയെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
സഊദിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനുമായിരുന്ന ജമാല്‍ ഖഷോഗി (59) യെ ഒക്ടോബര്‍ രണ്ടു മുതലാണ് കാണാതായിരുന്നത്. തുര്‍ക്കിയിലെ സഊദി കോണ്‍സുലേറ്റില്‍വച്ച് ഇദ്ദേഹം കൊല്ലപ്പെട്ടതായി പിന്നീട് സ്ഥിരീകരിച്ചിരുന്നെങ്കിലും മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെ ശരീരഭാഗങ്ങള്‍ ആസിഡ് ഉപയോഗിച്ച് ദ്രവിപ്പിച്ചെന്നു വിശദീകരിച്ച് കഴിഞ്ഞ ദിവസം തുര്‍ക്കി അധികൃതര്‍ രംഗത്തെത്തിയിരുന്നു.
കൊലപാതക വിഷയത്തില്‍ പിടിയിലായവരെ തുര്‍ക്കിക്കു വിട്ടുനല്‍കണമെന്ന ആവശ്യം നേരത്തെ സഊദി നിരസിച്ചിരുന്നു. വിഷയത്തില്‍ സഊദിയോട് ഒട്ടേറെ ചോദ്യങ്ങളുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ നേരത്തെയും രംഗത്തെത്തിയിരുന്നെങ്കിലും സഊദി പ്രതികരിച്ചിരുന്നില്ല. ഖഷോഗിയെ കാണാതായി ഒരു മാസം പിന്നിട്ടിട്ടും വിഷയത്തില്‍ വ്യക്തത വരാത്തതില്‍ പ്രതിഷേധങ്ങളുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."