വാഹന സൗകര്യമില്ല ബസ്തിപ്പൊയില്‍ കോളനി വിദ്യാര്‍ഥികള്‍ക്ക് ഹൈസ്‌കൂള്‍ പഠനം വിദൂര സ്വപ്‌നം
പനമരം: പനമരം പഞ്ചായത്തിലെ 19ാം വാര്‍ഡില്‍പെട്ട പാലുകുന്ന്-ബസ്തിപ്പൊയില്‍ കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് ഹൈസ്‌കൂള്‍ പഠനം വിദൂര സ്വപ്നമാകുന്നു. കോളനിയില്‍ നിന്ന് സ്‌കൂളിലെത്താനുള്ള ദൂരമാണ് ഇവര്‍ക്ക് ബാലികേറാമലയാകുന്നത്.
അഞ്ചു കിലോമീറ്ററോളം സഞ്ചരിച്ച് വേണം നിലവില്‍ കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് ഹൈസ്‌കൂളിലെത്താന്‍. എന്നാല്‍ ഇത്രയും ദൂരം നടന്ന് സ്‌കൂളിലെത്താന്‍ കഴിയാത്തതിനാല്‍ യു.പി സ്‌കൂളോടെ ഇവരുടെ വിദ്യാഭ്യാസവും അവസാനിക്കുകയാണ്. ഇവര്‍ക്ക് ഹൈസ്‌കൂള്‍ പഠനം തുടരാന്‍ വാഹനം അനുവദിക്കണമെന്ന ആവശ്യം അധികൃതര്‍ ഇതുവരെ പരിഗണിച്ചിട്ടുമില്ല. ഇവിടെയും കൊളത്താറ കോളനിയിലുമായി നാല്‍പ്പതോളം കുടുംബങ്ങളാണുള്ളത്. ഇവിടങ്ങളില്‍ നിന്നു രണ്ടു കിലോമീറ്റര്‍ ദൂരത്തിലുള്ള പാലുകുന്ന് എല്‍.പി സ്‌കൂളിലേക്കും മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള അഞ്ചുകുന്ന് യു.പി സ്‌കൂളിലേക്കും ഗോത്രസാരഥി പദ്ധതി പ്രകാരമുള്ള വാഹനം വിദ്യാര്‍ഥികളെ കൊണ്ടു പോകാനായി എത്തുന്നുണ്ട്. എന്നാല്‍ യു.പി സ്‌കൂള്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ച് കിലോമീറ്റര്‍ ദൂരത്തിലുള്ള പനമരം ഹൈസ്‌കൂളിലെത്താന്‍ കാല്‍ നടയാണ് ആശ്രയം.
മാതോത്ത്, കാക്കത്തോട് വഴി അഞ്ച് കിലോമീറ്റര്‍ നടന്ന് സ്‌കൂളിലെത്താനുള്ള പ്രയാസം കാരണം യു.പി സ്‌കൂളിനപ്പുറം വിദ്യാഭ്യാസം കോളനിയിലെ ഭൂരിഭാഗം പേര്‍ക്കും അന്യമാവുകയാണ്.
രക്ഷിതാക്കള്‍ക്ക് മക്കളെ പഠിപ്പിക്കണമെന്നാഗ്രഹമുണ്ടെങ്കിലും ഇത്രയും ദൂരം നടന്നുപോയി വിദ്യാഭ്യാസം നേടാന്‍ കുട്ടികള്‍ തയാറാവുന്നില്ല. ഇക്കാര്യം നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വാഹനമേര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഗോത്ര ബന്ധു ഉള്‍പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോഴും പദ്ധതികള്‍ പലപ്പോഴും യാഥാര്‍ഥ ഗുണഭോക്താക്കളിലെത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."