മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്ന് 'പാംസ്' കോടികള്‍ പിരിക്കുന്നു
തൊടുപുഴ: സ്വാശ്രയ മെഡിക്കല്‍ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് നിര്‍ബന്ധിത പിരിവെടുത്ത് പാരന്റ്‌സ് അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ സ്റ്റുഡന്റ്‌സ് (പാംസ്). സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് സംഘടനയുടെ യൂനിറ്റുകള്‍ രൂപീകരിച്ചാണ് അനധികൃത പണപ്പിരിവ്.
സ്വാശ്രയ മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന കേസുകള്‍ നേരിടുന്നതിനെന്ന പേരിലാണു വന്‍ തുക പിരിച്ചെടുക്കുന്നത്. 5,000 മുതല്‍ 10,000 രൂപ വരെയാണ് ഓരോ വിദ്യാര്‍ഥികളോടും ആവശ്യപ്പെടുന്നത്. നരവധി രക്ഷിതാക്കള്‍ ഇതിനിടെ പണം നല്‍കിക്കഴിഞ്ഞു.
കോടതിവിധി പ്രതികൂലമായാല്‍ 90 ശതമാനം കുട്ടികളും പഠനം നിര്‍ത്തേണ്ടി വരുമെന്നും കേസില്‍ കക്ഷി ചേരാന്‍ കുട്ടികള്‍ക്കു കോടതി അവസരം നല്‍കിയിരിക്കുകയാണെന്നുമാണ് തെറ്റിദ്ധരിപ്പിക്കുന്നത്. സംഘടിതമായി ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ബാങ്ക് ഗാരന്റി, ഫീസ് വര്‍ധന മുതലായ കാര്യങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കഴിയുകയുള്ളൂ.
ഓരോ കോളജും വിത്യസ്ത ഫീസ് വര്‍ധന ആവശ്യപ്പെട്ട് വെവ്വേറെ കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ഓരോ കോളജിനും ഓരോ വിധിയായിരിക്കും. മറ്റു കോളജിലെ കുട്ടികള്‍ വക്കാലത്ത് കൊടുത്താല്‍ അതിന്റ സൗജന്യം കിട്ടുമെന്ന് ആരും വിചാരിക്കരുതെന്നും ധരിപ്പിച്ചാണ് പാംസ് വിദ്യാര്‍ഥികളില്‍നിന്ന് പണം പിരിക്കുന്നത്. സുപ്രിംകോടതിയിലും ഹൈക്കോടതിയിലും കേസ് നടത്തണമെങ്കില്‍ വലിയ ചെലവുവരുമെന്നും അതിനാല്‍ എല്ലാ രക്ഷിതാക്കളും പാംസിന്റെ അക്കൗണ്ടിലേക്ക് കാഷ് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നുമാണ് സംഘടനയുടെ ആവശ്യം.
റെഗുലേറ്ററി കമ്മിറ്റിയുടെ തിരുമാനം ചോദ്യം ചെയ്ത് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച കേസുകളില്‍ വിദ്യാര്‍ഥികള്‍ക്കു നേരിട്ട് ഒരു ബന്ധവുമില്ലെന്നിരിക്കെയാണ് ശുദ്ധതട്ടിപ്പ് നടക്കുന്നത്. ജസ്റ്റിസ് ആര്‍. രാജേന്ദ്ര ബാബു അധ്യക്ഷനായ ഫീസ് റെഗുലേറ്ററി കമ്മിറ്റി നിയോഗിച്ചിട്ടുള്ള മുതിര്‍ന്ന അഭിഭാഷകയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള പ്രത്യേക അഭിഭാഷകനുമാണു ഹൈക്കോടതിയില്‍ ഹാജരാവുന്നത്. കോളജിന്റെ സൗകര്യങ്ങള്‍ കണക്കിലെടുത്താണ് ഫീസ് നിശ്ചയിക്കുന്നത്. അല്ലാതെ കുട്ടികളുടെയും രക്ഷാകര്‍ത്താക്കളുടെയും അഭിപ്രായവും താല്‍പര്യവും പരിഗണിച്ചല്ല.
പാരന്റ്‌സ് അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ സ്റ്റുഡന്റ്‌സ് എന്ന സംഘടനയുടെ പ്രഥമ യോഗം കഴിഞ്ഞ ഏഴിനു കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നാണ് വിവിധ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ യൂനിറ്റുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.
അന്നുതന്നെ കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ പാംസ് യൂനിറ്റ് രൂപീകരിച്ചു. തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിലെ 138 വിദ്യാര്‍ഥികളില്‍ നിന്നാണ് പണം പിരിക്കുന്നത്. സംസ്ഥാനത്ത് 20 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലായി 2350 സീറ്റുകളാണുള്ളത്.
റെഗുലേറ്ററി കമ്മിറ്റിയുടെ തിരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ ഇന്നു ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, വി.ജി അരുണ്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് നടത്തിപ്പിനെന്ന പേരില്‍ വ്യാപക പണപ്പിരിവ് നടത്തുന്നത് സംബന്ധിച്ച് ഏതാനും രക്ഷിതാക്കള്‍ അധികൃതര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."