പന്തും അയ്യറും ഒരുമിച്ച് ക്രീസിലേക്ക്; ആശയക്കുഴപ്പമായിരുന്നെന്ന് കോഹ്ലി
ബംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20 പരാജയത്തിന് പിന്നാലെ നായകന് കോഹ്ലിയെ മറ്റൊരു നാണക്കേട് കൂടി പിന്തുടരുമായിരുന്നു. മത്സരത്തിനിടെ ഋഷഭ് പന്തും ശ്രേയസ് അയ്യറും തമ്മില്‍ നാലാം നമ്പറിലിറങ്ങേണ്ട ആശയക്കുഴപ്പത്തിന്റെ പേരിലായിരുന്നു ഈ നാണക്കേട് താങ്ങേണ്ടി വരിക. പക്ഷേ, രണ്ടിലൊരാള്‍ പെട്ടെന്ന് തന്നെ പവലിയനിലേക്ക് മടങ്ങിയതോടെ പ്രശ്നം അവിടം കൊണ്ട് അവസാനിച്ചു.
മത്സരത്തില്‍ ശിഖര്‍ ധവാന് പുറത്തായപ്പോള്‍ പിന്നാലെ ഡ്രസ്സിങ് റൂമില്‍നിന്ന് പന്തും അയ്യറും ഒരുമിച്ച് ബാറ്റുമായി മൈതാനത്തേക്ക് വരുന്നതാണ് കണ്ടത്. പിന്നീട് പന്ത് തന്നെ നാലാമനായി ഇറങ്ങി.
പിന്നീട് നായകന് കോഹ്ലിയോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നേരത്തേ ഞങ്ങള്‍ക്കൊരു പ്ലാനുണ്ടായിരുന്നെന്നും ഈ പ്ലാന്‍ ഇരുവരോടും പറഞ്ഞിരുന്നെന്നും പക്ഷേ, അവര്‍ക്കിടയിലെ ആശയക്കുഴപ്പമാണ് ഇത്തരമൊരു തമാശയിലേക്കെത്തിച്ചതെന്നുമാണ് മറുപടി. പ്ലാനിങ്ങിനെക്കുറിച്ച് കോഹ്ലി വിശദീകരിച്ചതിങ്ങനെ...
''നേരത്തേ ക്രീസില്‍ ഇറങ്ങുന്നതിനു മുന്‍പ് ഇരുവരേയും വിളിച്ചുവരുത്തി ഇറങ്ങേണ്ട രീതി ബോധ്യപ്പെടുത്തിക്കൊടുത്തു. മത്സരത്തില്‍ ആദ്യ രണ്ട് വിക്കറ്റും 10 ഓവറിന് മുന്‍പ് വീഴുകയാണെങ്കില്‍ ശ്രേയസിനോടും 10 ഓവറിന് ശേഷമാണ് വിക്കറ്റ് വീഴുന്നതെങ്കില്‍ പന്തിനോടുമാണ് ഇറങ്ങാന്‍ പറഞ്ഞത്. എന്നാല്‍ അവര്‍ ഏത് രീതിയിലാണ് ഇതിനെ സമീപിച്ചതെന്ന് പിന്നീടാണ് മനസിലായത്''
രണ്ടു പേരും നടന്ന് ഗ്രൗണ്ടിലെത്തിയിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ രസകരമായിരുന്നേനെയെന്നും അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ക്രീസില്‍ മൂന്ന് ബാറ്റ്സ്മാന്മാര് ഉണ്ടായിരുന്നേനെയെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."