പാര്‍ക്കിങ് നിരക്ക് കുത്തനെ കൂട്ടി ബീച്ച് ആശുപത്രിയുടെ കൊള്ള
കോഴിക്കോട്: കേരളപ്പിറവി ദിനത്തില്‍ വാഹന പാര്‍ക്കിങ് നിരക്ക് കുത്തനെ കൂട്ടി കോഴിക്കോട് ബീച്ച് ആശുപത്രിയുടെ 'മാതൃക' ! ഇരുചക്ര വാഹനത്തിനും ഓട്ടോറിക്ഷയ്ക്കും അഞ്ചുരൂപയ്ക്ക് പകരം 10 രൂപയും കാറിനു 20 രൂപയുമാണ് പുതിയ നിരക്ക്. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിര്‍ദേശാനുസരണം നവംബര്‍ ഒന്നുമുതലാണു വാഹന പാര്‍ക്കിങ് നിരക്ക് ഇരട്ടിയാക്കിയത്.
പാര്‍ക്കിങ് നിയന്ത്രിക്കാന്‍ ഒരു സ്ത്രീയും പുരുഷനുമടക്കം രണ്ടു ജീവനക്കാരാണിവിടെയുള്ളത്. അമിത ചാര്‍ജാണ് ഈടാക്കുന്നതെന്ന് ഇവരും സമ്മതിക്കുന്നു. എന്നാല്‍ തങ്ങളുടെ ജോലിയായതിനാല്‍ ഈ നിരക്ക് വാങ്ങാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് ഇവര്‍ പറയുന്നു. ആദ്യം രണ്ടുരൂപയായിരുന്നു പാര്‍ക്കിങ് നിരക്ക്. പിന്നീടത് അഞ്ചു രൂപയിലേക്കു മാറി, ഇപ്പോഴത് 10 രൂപയുമായി. ആശുപത്രി പരിസരത്തു വാഹനം പാര്‍ക്ക് ചെയ്താല്‍ പണം വാങ്ങിക്കണമെന്നാണ് തങ്ങള്‍ക്കു കിട്ടിയ നിര്‍ദേശം. പണം ആവശ്യപ്പെടുന്നതിന്റെ പേരില്‍ ഇപ്പോള്‍ ആളുകളുമായി തര്‍ക്കിക്കേണ്ട അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.
രോഗികളെ കാണിക്കാന്‍ കൊണ്ടുവരുന്നവരും രോഗികളെ സന്ദര്‍ശിക്കാന്‍ വരുന്നവരുമാണ് ഈ കൊള്ളയില്‍ പെടുന്നത്. നിരവധി സാധാരണക്കാരാണ് ദിനംപ്രതി ആശുപത്രിയില്‍ എത്തുന്നത്. അഞ്ചു മിനുട്ട് വാഹനം നിര്‍ത്തിയാല്‍പോലും ഈ തുകയാണ് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ പെട്ടന്നുണ്ടായ നിരക്കുവര്‍ധനവിനെ അംഗീകരിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ആശുപത്രി മാനേജ്‌മെന്റിന്റെ പുതിയ പരിഷ്‌കാരത്തിനെതിരേ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയിലടക്കം പാര്‍ക്കിങ്ങിന് അഞ്ചുരൂപയുള്ളപ്പോഴാണ് ബീച്ച് ആശുപത്രി മാനേജ്‌മെന്റിന്റെ ഈ കൊള്ള.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."