പ്രവാസികള്‍ക്ക് വായ്പാ നിഷേധം: ബാങ്കുകളുടെ നടപടി പരിശോധിക്കും- നിയമസഭാ സമിതി
കാക്കനാട്: പ്രവാസികള്‍ക്ക് വിവിധ കാരണങ്ങളുടെ പേരില്‍ വായ്പ നിഷേധിക്കുന്ന ദേശസാല്‍കൃത ബാങ്കുകളുടെ നടപടി കര്‍ശനമായി പരിശോധിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡോ.കെ.എന്‍ രാഘവന്‍ പറഞ്ഞു. എറണാകുളം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി സിറ്റിങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രവാസി വായ്പക്കുള്ള സര്‍ക്കാര്‍ സബ്‌സിഡി കൃത്യമായി ബാങ്കുകള്‍ക്ക് ലഭിക്കാറില്ല, അതിനാല്‍ മറ്റു പല കാരണങ്ങളും പറഞ്ഞ് വായ്പ നിഷേധിക്കുകയാണ്. സംരംഭം തുടങ്ങാനും വീട്, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കുമായി വായ്പ ലഭിക്കാത്ത നിരവധി പരാതികളാണ് നിയമസഭാ സമിതിക്കു മുന്നില്‍ പ്രവാസി സംഘടനകളും വ്യക്തികളും ഉന്നയിച്ചത്.
പ്രവാസികള്‍ക്കുള്ള നോര്‍ക്ക രജിസ്‌ട്രേഷന്‍ കാര്‍ഡിനുള്ള അപേക്ഷ ഒരു മാസത്തിനുള്ളില്‍ ഓണ്‍ലൈനാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികളുടെ ട്രയല്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അപേക്ഷകളുടെ എണ്ണം 1.5 ലക്ഷമായി വര്‍ധിച്ചതിനാല്‍ യഥാസമയം കാര്‍ഡ് ലഭ്യമാക്കുന്നത് ശ്രമകരമായിരുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രാബല്യത്തില്‍ വരുന്നതോടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം എളുപ്പമാകും. ഇതിനായുള്ള ബന്ധപ്പെട്ട രേഖകള്‍ പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് സാക്ഷ്യപ്പെടുത്താനാകും. പ്രവാസികള്‍ക്ക് വിവിധ ആനുകൂല്യങ്ങളും രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജും ലഭിക്കുന്നതിന് നോര്‍ക്ക രജിസ്‌ട്രേഷന്‍ കാര്‍ഡ് ആവശ്യമാണ്.
പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച പ്രവാസി കമ്മിഷന് ഓഫിസും മറ്റു സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വിസ് സൊസൈറ്റി ആവശ്യമുന്നയിച്ചു.
പ്രവാസികളുടെ പെന്‍ഷന്‍, ചികിത്സ, സഹായ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പ്രവാസികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാകുന്നുണ്ടോ എന്നു കര്‍ശനമായി പരിശോധിക്കുമെന്നും നിയമസഭാ സമിതി ചെയര്‍മാന്‍ കെ.വി അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
സമിതി അംഗങ്ങളായ പാറക്കല്‍ അബ്ദുല്ല, വി. അബ്ദുറഹ്മാന്‍, പി.ജെ ജോസഫ്, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ആന്റണി ജോണ്‍, എം. രാജഗോപാല്‍, കാരാട്ട് റസാഖ്, ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എന്നിവരും നോര്‍ക്ക ഡെപ്യൂട്ടി സെക്രട്ടറി രാജന്‍, എന്‍.ആര്‍.കെ വെല്‍ഫെയര്‍ ബോര്‍ഡ് ജില്ലാ എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡി. രാജേഷ് എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."