പഠനം മുടക്കിയുള്ള പരിശീലനങ്ങള്‍ ഇക്കുറിയില്ല
ചെറുവത്തൂര്‍: ഇരുന്നൂറ് അധ്യയനദിനങ്ങള്‍ ഉറപ്പാക്കുന്നതിനും കുട്ടികളുടെ പഠനസമയം നഷ്ടമാകാതിരിക്കുന്നതിനുമായി വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമാര്‍ഗരേഖ. എസ് എസ് എ, ആര്‍.എം.എസ്.എ, ഡയറ്റ്, എസ്.സി.ഇ.ആര്‍.ടി, സീമാറ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് മാര്‍ഗരേഖ തയാറാക്കിയിരിക്കുന്നത്. ഒരുസമയം ഒരു പരിശീലനം മാത്രം എന്ന നിലയിലാണ് ക്രമീകരണം. പരീക്ഷാദിനങ്ങള്‍ ഉള്‍പ്പെടെ ഇരുന്നൂറു അധ്യയനദിനങ്ങള്‍ ഉറപ്പാക്കാന്‍ ആഗസ്റ്റ് 19, സെപ്റ്റംബര്‍ 16, 23, ഒക്ടോബര്‍ 21, ജനുവരി 6, 27 എന്നീ ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാകും. ഈ ദിവസങ്ങളില്‍ ക്ലസ്റ്ററോ, മറ്റുപരിശീലനങ്ങളോ പാടില്ല. ഈ ദിനങ്ങളിലെ പി.എസ്.സി പരീക്ഷകളും ക്രമീകരിക്കും.
പ്രവൃത്തി ദിനങ്ങളില്‍ അധ്യാപകരെ പരിശീലനത്തിന് വിളിക്കുന്നത് ഒഴിവാക്കും. അനിവാര്യമായ സാഹചര്യത്തില്‍ പരിശീലനം നടത്തേണ്ടി വരികയാണെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി മുന്‍കൂട്ടി വാങ്ങണം. പ്രഥമാധ്യാപക യോഗങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ ശനിയാഴ്ചകളില്‍ മാത്രം നടത്തും. ഓരോടേമിലും ഒരു ക്ലസ്റ്റര്‍ എന്ന നിലയില്‍ ആകെ മൂന്ന് ക്ലസ്റ്ററുകള്‍ ഈ അധ്യയനവര്‍ഷത്തില്‍ നടക്കും. ആഗസ്റ്റ് അഞ്ച്, ഒക്ടോബര്‍ ഏഴ്, ജനുവരി 20 എന്നിങ്ങനെയാണ് ക്ലസ്റ്റര്‍ തിയതികള്‍. പരീക്ഷകള്‍ നടക്കുന്ന ആഴ്ചയും, തൊട്ടുമുന്‍പുള്ള ആഴ്ചയും പരിപാടികള്‍ സംഘടിപ്പിക്കരുത്. അറിയിപ്പുകളും മറ്റും ഓണ്‍ലൈനായി വിദ്യാലയങ്ങളില്‍ എത്തിച്ച് പ്രഥമാധ്യാപക യോഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന നിര്‍ദേശവുമുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിന് പുറത്തുള്ള ഏജന്‍സികള്‍ പ്രവൃത്തിദിനങ്ങളില്‍ നടത്തുന്ന പരിപാടികളില്‍ അധ്യാപകരോ, വിദ്യാര്‍ഥികാളോ പങ്കെടുക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി അനിവാര്യമാണ്. വിദ്യാര്‍ഥികള്‍ പങ്കെടുക്കുമ്പോള്‍ അധ്യാപകര്‍ ഒപ്പം പോകുന്നതിനു രക്ഷിതാക്കളെ ചുമതലപ്പെടുത്തണമെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന യാതൊരു പരിശീലന പരിപാടിയും പാടില്ല. പ്രാദേശിക അവധിക്ക് പകരം മറ്റൊരു ദിവസം നിര്‍ബന്ധമായും പ്രവൃത്തി ദിനമാക്കുകയും വേണം. ഒന്നാം ടേം പരീക്ഷ ആഗസ്റ്റ് 21 മുതല്‍ 31 വരെയും, രണ്ടാം ടേം പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 വരെയും നടക്കും. എല്‍.എസ്.എസ് ,യു.എസ്,എസ് പരീക്ഷകള്‍ ഫെബ്രുവരി മൂന്നിന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."