സകാത്ത്: ബാധ്യതകള്‍ വിസ്മരിക്കരുത്
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍പെട്ട സകാത്തും നോമ്പും ഹിജ്‌റ രണ്ടിലും(എ.ഡി 624), നിസ്‌കാരം ഹിജ്‌റക്കു മുന്‍പ് എഡി 620ലും, ഹജ്ജ് ഹിജ്‌റ 18ലും(എ.ഡി 630) ആണ് നിര്‍ബന്ധമാക്കപ്പെട്ടത്. സകാത്ത് നിര്‍ബന്ധമാക്കുന്നതിനു മുന്‍പ് ലോകത്ത് നിലവിലുണ്ടായത് ജാഹിലിയ്യാ കാലത്തെ നശീകരണത്തിന്റെയും അധോഗതിയുടെയും അടയാളമായ പലിശയായിരുന്നു. ദരിദ്രനെ ദാരിദ്ര്യത്തിലേക്കും സമ്പന്നനെ അതിസമ്പന്നതയിലേക്കും എത്തിക്കുന്ന പലിശയെ അല്‍ബഖറ സൂറത്തിലൂടെ അല്ലാഹു നിരോധിക്കുകയും തല്‍സ്ഥാനത്ത് പുരോഗതിയുടെയും ദരിദ്രനെ സമ്പന്നതയിലേക്കും പണക്കാരനെ ജനകീയതയിലേക്കും എത്തിക്കുന്ന സകാത്തിനെ അല്ലാഹു നിര്‍ബന്ധമാക്കുകയും ഖുര്‍ആനിലെ 28 ആയത്തുകളില്‍ അത് നിസ്‌കാരത്തിന്റെ കൂടെ കൂട്ടിപ്പറഞ്ഞ് മഹത്വവല്‍ക്കരിക്കുകയും ചെയ്തു. സകാത്ത് വ്യവസ്ഥാപിതമായി നടപ്പാക്കിയാല്‍ രാജ്യത്ത് നിന്ന് ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാനാവുമെന്ന് യമന്‍ രാഷ്ട്രം തെളിയിക്കുന്നു. രണ്ടാം ഖലീഫ ഉമര്‍(റ)ന്റെ കാലത്ത് ഉമര്‍(റ) മുആദ് ബ്‌നു ജബല്‍ എന്ന സ്വഹാബിയെ യമനിലെ ഗവര്‍ണറായി അയച്ചു. സമ്പന്നരില്‍ നിന്ന് സകാത്തിന്റെ നിശ്ചിത വിഹിതം വാങ്ങി അവിടുത്തെ ദരിദ്രര്‍ക്ക് വീതിക്കാനായിരുന്നു ഓര്‍ഡര്‍. അത് നടപ്പാക്കിയ മുആദ് (റ) വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം പിരിഞ്ഞുകിട്ടിയ സകാത്തിന്റെ പകുതി മദീനയിലേക്ക് അയച്ചുകൊടുത്തു. ഇതെന്തിനാണെന്ന് ചോദിച്ച ഉമര്‍(റ)നോട് മുആദ് (റ) പറഞ്ഞത് ബാക്കി സ്വീകരിക്കാനായി യമനില്‍ അര്‍ഹരില്ലെന്നായിരുന്നു. പിറ്റേവര്‍ഷം പിരിഞ്ഞുകിട്ടിയ തെല്ലാം മദീനയിലേക്ക് അയച്ചപ്പോള്‍ മദീനയിലെ ഖജനാവ് നിറക്കാനല്ല നിന്നെ യമനിലേക്ക് അയച്ചതെന്ന് പറഞ്ഞ് ഉമര്‍(റ) ദേഷ്യപ്പെട്ടപ്പോള്‍ യമനില്‍ സകാത്ത് സ്വീകരിക്കാന്‍ പറ്റിയ ഒരാളും ഇല്ലെന്ന് എല്ലാവരും സമ്പന്നരായിപ്പോയെന്നുമായിരുന്നു മുആദ് (റ) പറഞ്ഞത്.
സകാത്ത് ദരിദ്രന്റെ അവകാശമാണ്. പണക്കാരന്റെ ഔദാര്യമല്ല. അതു കാരണം സകാത്തിനേക്കാള്‍ മഹത്വം സ്വദഖയാണെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ പറയുന്നു. നബി(സ)യുടെ കാലത്ത് ദാരിദ്ര്യത്തിന്റെ കൊടുമുടിയില്‍ ജീവിച്ച് യമന്‍കാര്‍ ഹജ്ജ്കാലത്ത് മക്കയില്‍ വരുമ്പോള്‍ മുസ്ദലിഫയിലും മറ്റും ഭക്ഷണത്തിനു വേണ്ടി യാചിക്കുന്നതിനെ അല്ലാഹു അല്‍ബഖറ 197ല്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ ദരിദ്രരാഷ്ട്രത്തെ 15 വര്‍ഷത്തിനുള്ളില്‍ സമ്പന്നരാഷ്ട്രമാക്കിയത് സകാത്ത് വ്യവസ്ഥിതിയാണ്. യു.എ.ഇയിലെ പന്ത്രണ്ട് സമ്പന്നരുടെ സ്വത്തിന്റെ രണ്ടര ശതമാനം സകാത്തായി വിതരണം ചെയ്താല്‍ ലോകത്തുനിന്ന് ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുമെന്ന പത്രവാര്‍ത്തയും ഇതിനോട് ചേര്‍ത്ത് വായിക്കണം.
സകാത്തില്‍ വീഴ്ച വരുത്തിയവരെ അല്ലാഹു മഹ്ശറയില്‍ വച്ച് ജനങ്ങളുടെ ഇടയില്‍ ശിക്ഷിക്കും. സകാത്ത് കൊടുക്കാത്തവനെ അവന്റെ മൃഗങ്ങള്‍ മഹ്ശര്‍ കഴിയുന്നതു വരെ ചവിട്ടിയരച്ചുകൊണ്ടിരിക്കും. സകാത്ത് കൊടുക്കാത്ത വസ്തുക്കളെ തീയാക്കി അവനെ സീല്‍ വയ്ക്കുകയും ഇത് നീ സകാത്ത് കൊടുക്കാതെ നിധിയാക്കി വച്ചതാണെന്ന് പറയുകയും ചെയ്യും(തൗബ 35).
ഇബ്‌നു അബ്ബാസ്(റ)പറയുന്നു. സകാത്തില്‍ വീഴ്ചവരുത്തി മരിച്ചവന്‍ മരണസമയത്ത് ദുന്‍യാവിലേക്ക് മടക്കം ചോദിക്കാതെ മരിക്കയില്ല. സകാത്ത് നിര്‍ബന്ധമായ സ്വത്തില്‍നിന്ന് (കൊല്ലം തികയല്‍കൊണ്ട്) സുന്നത്തായ സ്വദഖ ചെയ്യല്‍ ഹറാമാണ് (തുഹ്ഫ).
നിഷിദ്ധ വരുമാനത്തിന്റെ സകാത്ത്
നിഷിദ്ധമായ രീതിയില്‍ സമ്പാദിച്ച സ്വത്തിന് സകാത്തില്ല. ബാങ്കിലോ മറ്റോ നിക്ഷേപിച്ച മൂലധനത്തിന് മാത്രം വര്‍ഷം തികഞ്ഞാല്‍ നിശ്ചിത കണക്കുണ്ടെങ്കില്‍ സകാത്ത് നല്‍കിയാല്‍ മതി. പലിശക്ക് സകാത്തില്ല. അതില്‍ അവന്ന് കൈകാര്യാവകാശമില്ല എന്നതാണ് കാരണം. ഹറാമായ പണം കൊണ്ട് സമ്പന്നനായ ആള്‍ സകാത്ത് വാങ്ങാന്‍ അര്‍ഹനാണ് (തുഹ്ഫ). അവന്‍ ദരിദ്രനാണെന്നര്‍ഥം. അതുപ്രകാരം ചുങ്കം വാങ്ങല്‍, കൈകൂലി വാങ്ങല്‍, മാഫിയ ദല്ലാളന്മാര്‍, അബ്കാരി മുതലാളിമാര്‍, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് കടപ്പത്ര ഷെയര്‍ എടുത്തവര്‍, പലിശക്ക് വില്‍ക്കുന്നവന്‍, നോക്കുകൂലി വാങ്ങുന്നവന്‍, ബ്ലേഡ് കമ്പനിക്കാര്‍, റമദാന്‍ കാലത്ത് ഹോട്ടല്‍ നടത്തുന്നവര്‍, ഉടമസ്ഥന്റെ സമ്മതമില്ലാതെ മേല്‍വാടകക്ക് കൊടുക്കുന്നവര്‍, മനുഷ്യാവയവം ജീവിതകാലത്ത് വിറ്റു കാശാക്കുന്നവര്‍ ഇവകളിലൂടെ സമ്പന്നരായവരുടെ സ്വത്തില്‍ സകാത്തില്ല. അവര്‍ സകാത്ത് വാങ്ങാന്‍ അര്‍ഹരുമാണ്.
സകാത്ത് എന്തിനെല്ലാം
എട്ടു വസ്തുക്കള്‍ക്കേ ഇസ്‌ലാമില്‍ സകാത്തുള്ളൂ. ആട്, മാട് (പശു, പോത്ത്), ഒട്ടകം, സ്വര്‍ണം, വെള്ളി, ധാന്യം, ഈത്തപ്പഴം, മുന്തിരി.മറ്റ് ഫ്രൂട്ടുകള്‍ക്കോ (ആപ്പിള്‍, ഓറഞ്ച് തുടങ്ങിയവ) മറ്റോ സകാത്തില്ല. മൃഗങ്ങളില്‍ കുതിര, മുയല്‍, കോഴി, കാട തുടങ്ങിയവക്കും സകാത്തില്ല. ഇവയുടെ ഫാമുകളില്‍ സകാത്തുണ്ട്. (വളര്‍ത്തി തിരിച്ചുകൊടുക്കുന്നതല്ലാത്ത).
പോഷകാഹാരമായ ധാന്യങ്ങള്‍ക്ക് മാത്രം (അരി, ഗോതമ്പ്, ഉഴുന്ന്, പയര്‍, കടല, അമരക്കം, ബാര്‍ലി) സകാത്ത് നിര്‍ബന്ധമാക്കിയ ഇസ്‌ലാം ദരിദ്രരെയും, അത്തിപ്പഴം, അക്രോട്ട്, ബദാം, എള്ള്, മല്ലി, മുളക്, കുങ്കുമം ഇത്യാദികളിലോ, കിഴങ്ങ് വര്‍ഗങ്ങളിലോ (മധുരക്കിഴങ്ങ്, ചേന, കപ്പ, ഉള്ളി, കുമ്പള, വെള്ളരി) സകാത്ത് നിര്‍ബന്ധമാക്കി ഇസ്‌ലാം ഉല്‍പാദകരെയും പരിഗണിക്കുന്നു. ധാന്യങ്ങളിലും കാരക്ക, മുന്തിരിയിലും തൊലിയുള്ളതില്‍ 600 സാഅ് (1920 ലിറ്റര്‍), തൊലിയില്ലാത്തത് 300 സാഅ് (960 ലിറ്റര്‍) മിനിമം ഉണ്ടെങ്കിലേ സകാത്ത് നിര്‍ബന്ധമുള്ളൂ. ഉല്‍പന്നങ്ങള്‍ തൂക്ക വ്യത്യാസമുള്ളത് കൊണ്ട് തൂക്കം പറയാന്‍ സാധ്യമല്ല. ഇവകളിലെ സകാത്ത് ഉല്‍പാദനച്ചെലവുണ്ടെങ്കില്‍ അഞ്ച് ശതമാനവും അല്ലെങ്കില്‍ പത്തുശതമാനവുമാണ്.
സ്വര്‍ണം, വെള്ളി, കറന്‍സി
സ്വര്‍ണം മിനിമം 85 ഗ്രാമും വെള്ളി 595 ഗ്രാമും ഒരു വര്‍ഷം സ്‌റ്റോക്കുണ്ടെങ്കില്‍ രണ്ടര ശതമാനം സകാത്ത് നല്‍കണം. അത് ആഭരണമാണെങ്കില്‍ (അമിതമല്ലാത്ത) സകാത്തില്ല. അത് ഉരുക്കി വാര്‍ത്താലേ ഉപയോഗിക്കാന്‍ പറ്റൂ എന്ന അവസ്ഥയില്‍ കേടാവുകയും ഒരുവര്‍ഷം സൂക്ഷിക്കുകയും ചെയ്താല്‍ മിനിമം 85 ഗ്രാം ഉണ്ടെങ്കില്‍ സകാത്ത് നല്‍കണം. കാരണം അത് സ്വര്‍ണമാണ്, ആഭരണമല്ല (തുഹ്ഫ 3:213). അമിതമല്ലാത്ത ആഭരണത്തിലാണ് സകാത്ത് ഇല്ലാതാവുന്നത്. മറിച്ചാണെങ്കില്‍ ആഭരണത്തിനും സകാത്ത് വേണം. ഒരു പാദസര സെറ്റ് 106 പവന്‍ (848 ഗ്രാം) ഉള്ളതാണെങ്കില്‍ അമിതമുള്ളതാണ്. അപ്പോള്‍ അമിതത്തിനും മിതത്തിനും സകാത്ത് കൊടുക്കണം. ആഭരണം ഉപയോഗിക്കാതെ ലോക്കറിലോ മറ്റോ സൂക്ഷിച്ചാലും സകാത്തില്ലെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ 3:272). അവകൊണ്ട് കച്ചവടം നടത്തുന്നവര്‍ കച്ചവട വസ്തു എന്ന നിലക്ക് സകാത്ത് നല്‍കണം.
നാണയങ്ങള്‍
ആദ്യകാലങ്ങളില്‍ സ്വര്‍ണവും വെള്ളിയുമായിരുന്നു നാണയങ്ങളായി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറി രൂപയും ഡോളറും റിയാലുമൊക്കെയാണ് ഉപയോഗിക്കുന്നത്. നോട്ടിനും നാണയങ്ങള്‍ക്കും സകാത്ത് നിര്‍ബന്ധമാണെന്ന് പണ്ഡിതര്‍ പറയുന്നതും അതുകൊണ്ടാണ്.
595 ഗ്രാം വെള്ളിയുടെയോ 85 ഗ്രാം സ്വര്‍ണത്തിന്റെയോ വിലയ്ക്ക് തുല്യമോ അതില്‍ കൂടുതലോ ആയ തുക, ഒരു വര്‍ഷം പൂര്‍ണമായി കൈയിലുണ്ടാവുമ്പോഴാണ് നാണയത്തിന് സകാത്ത് നിര്‍ബന്ധമാവുത്. ഇക്കാലത്ത് സ്വര്‍ണത്തിന്റെ വില വെള്ളിയുടേതിനേക്കാള്‍ വളരെ കൂടുതലായതിനാല്‍ വെള്ളിയുടെ കണക്ക് പ്രകാരമാണ് ആദ്യം നാണയത്തിന്റെ കണക്ക് പൂര്‍ത്തിയാവുക.
അതനുസരിച്ച്, ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ മാര്‍ക്കറ്റ് ശരാശരി 39.5 രൂപയാണ്. അത് പ്രകാരം 23,503 (39.5 ഃ 595) രൂപയോ അതില്‍ കൂടുതലോ ഒരു വര്‍ഷം കൈയിലുണ്ടെങ്കില്‍ സകാത്ത് നിര്‍ബന്ധമാവുന്നതാണ്. ആകെയുള്ളതിന്റെ 2.5 ശതമാനമാണ് സകാത്ത് ആയി നല്‍കേണ്ടത്.
കടം
കിട്ടാനുള്ള കടത്തിനും സകാത്ത് നിര്‍ബന്ധമാണ്. കടമായി കിട്ടാനുള്ള സംഖ്യ മേല്‍പറഞ്ഞ വെള്ളിയുടെ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ആവുകയും കടം നല്‍കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍, പ്രസ്തുത സംഖ്യക്ക് സകാത്ത് നല്‍കേണ്ടതാണ്. കിട്ടുമെന്ന് ഉറപ്പില്ലാത്തത് ലഭിച്ചാല്‍ കിട്ടിയതിന് ശേഷം കഴിഞ്ഞ ഓരോ വര്‍ഷങ്ങള്‍ക്കുമുള്ളത് കൊടുക്കണം. നഷ്ടപ്പെട്ടതോ പിടിച്ചുപറിക്കപ്പെട്ടതോ കളവ് പോയതോ ആയവ ലഭിച്ചാല്‍ മിനിമം കണക്കുണ്ടെങ്കില്‍ ഓരോ വര്‍ഷത്തിനും കൊടുക്കണം.
സകാത്ത് നിര്‍ബന്ധമാകുന്ന സമ്പത്തില്‍ പെടുന്ന പലതും സാധാരണയായി ശ്രദ്ധിക്കപ്പെടാതെ പോകുന്നത് നാളെ പരലോകത്തില്‍ ഖേദിക്കുന്നതിന് ഇടയാക്കും. സകാത്തിന്റെ നിര്‍ണിത സംഖ്യ കുറികള്‍,പിഎഫ്, കച്ചവടത്തിനോ വാടകറൂമുകള്‍ക്കോ മറ്റോ അഡ്വാന്‍സ് ആയി നല്‍കുന്ന തുകകള്‍, സെക്യൂരിറ്റി തുകകള്‍,വാടകസാധനങ്ങള്‍,കച്ചവട വസ്തുക്കള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവ ശ്രദ്ധിക്കേണ്ട മേഖലകളാണ്. അന്യര്‍ക്ക് അര്‍ഹതപ്പെട്ട മുതലുകള്‍ അന്യായമായി അപഹരിച്ചെടുക്കുന്നവരില്‍ ഉള്‍പ്പെടാതെ സൂക്ഷിച്ച് ജീവിക്കല്‍ അനിവാര്യമാണ്.
അവകാശികള്‍
എട്ട് വിഭാഗത്തെയാണ് ഇസ്‌ലാം സകാത്തിന്റെ അവകാശികളായി നിശ്ചയിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഫഖീറുമാര്‍, മിസ്‌കീന്‍മാര്‍, സകാത്തിന്റെ ഉദ്യോഗസ്ഥര്‍, പുതുവിശ്വാസികള്‍, മോചനപത്രം എഴുതപ്പെട്ടവര്‍, കടംകൊണ്ട് വലഞ്ഞവര്‍, ശമ്പളംപറ്റാത്ത യോദ്ധാക്കള്‍, യാത്രമുട്ടിപ്പോയവര്‍ എന്നിവരാണ് അവകാശികള്‍.ഇവരില്‍ സകാത്തിന്റെ ഉദ്യോഗസ്ഥര്‍, മോചനപത്രം എഴുതപ്പെട്ടവര്‍, യോദ്ധാവ് എന്നീമൂന്ന് വിഭാഗത്തെ ഇന്ന് കാണപ്പെടില്ല.
എത്തിക്കപ്പെട്ടവരില്‍ നിന്നുള്ള ഏതെങ്കിലും ഒരു ഗ്രൂപ്പിലെ മൂന്ന്‌പേര്‍ക്ക് നല്‍കിയാലും ബാധ്യതവീടുന്നതാണ് അവകാശികള്‍ മുസ്‌ലിംകളും ഹാശിം, മുത്തലിബ് എന്നീ നബികുടുംബത്തില്‍ പെട്ടവരല്ലാത്തവരുമായിരിക്കണം. സ്വന്തംനാട്ടില്‍ അവകാശികളുണ്ടായിരിക്കെ മറ്റുനാട്ടിലേക്ക് സകാത്ത് നീക്കം പാടില്ല.
അയല്‍വാസികള്‍ പരസ്പരം സകാത്തുകള്‍ കൈമാറുന്ന ഒരു സമ്പ്രദായം ഇന്ന് ചിലയിടത്തു കണ്ടുവരുന്നുണ്ട്. അത് രണ്ട് കൂട്ടരും അവകാശികളില്‍ പെടുമെങ്കില്‍ അനുവദനീയവും കൂടുതല്‍ പുണ്യവുമാണ്. അല്ലെങ്കില്‍ സകാത്ത് വീടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."