അന്താരാഷ്ട്ര അറബി ശില്പശാലയ്ക്ക് ഉജ്ജ്വല തുടക്കം
കോഴിക്കോട്: യു.എ.ഇ ദാറുല്‍ ജാസ്മിന് പ്രസാധകരും ഫാറൂഖ് കോളജ് അറബി ഗവേഷണ വകുപ്പും വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര അറബി ശില്പശാലയ്ക്ക് ഫറൂഖ് കോളജില്‍ ഉജ്ജ്വല തുടക്കം.
ശില്പശാലയുടെ ഉദ്ഘാടനം പി.വി അബ്ദുല്‍ വഹാബ് എം.പി നിര്‍വഹിച്ചു. ഇന്തോ അറബ് സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ അറബ് ഭരണാധികാരികളുടെ ശ്രദ്ധ പ്രശംസനീയമാണെന്ന് അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. അറബി ഭാഷ, സാഹിത്യ വായന എന്ന ശീര്‍ഷകത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡോ. മറിയം ഹസ്സന് അലി ഇബ്രാഹിം അല്‍ ശിനാസി (യുനൈറ്റഡ് അറബ് എമിറേറ്റ്സ്), ഡോ. അലി കയാദ് അല്‍ മസൂദി (കുവൈറ്റ്), ഡോ. കുല്‍സും അബ്ദുല്ല സലീം (യുനൈറ്റഡ് അറബ് എമിറേറ്റ്സ്) നേതൃത്വം നല്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 500ല്‍ അധികം പ്രതിനിധികള്‍ പങ്കെടുത്തു.
ഫാറൂഖ് കോളജ് പുറത്തിറക്കുന്ന റിസര്‍ച്ച് ജേണല്‍ 'അസ്വബാഹ് ' പ്രിന്‍സിപ്പല്‍ കെ.എം നസീര്‍ പ്രകാശനം ചെയ്തു. കവിത മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം, തെരഞ്ഞെടുത്ത ഗവേഷണ പ്രബന്ധങ്ങള്‍ക്കുള്ള സമ്മാന വിതരണം, അറബ് സാറ്റ് തിയറ്റര്‍ ഓപണിങ് എന്നിവ ശില്പശാലയുടെ ഭാഗമായി നടന്നു. ശില്പശാലയുടെ രണ്ടാം ഘട്ടം നാളെയും മറ്റന്നാളുമായി വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജില്‍ നടക്കും. രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം നാളെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിക്കും. മറ്റന്നാള്‍ നടക്കുന്ന കവിതാ സായാഹ്നത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള കവികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."