കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നു
കൊണ്ടോട്ടി: വലിയ വിമാന സര്‍വിസുകള്‍ക്ക് സൗകര്യമൊരുക്കാന്‍ കരിപ്പൂരില്‍ ടാക്സി ബേ നവീകരണ പ്രവൃത്തികള്‍ അടുത്തമാസം തുടങ്ങും. ഇതോടെ റണ്‍വേ ഭാഗികമായി അടച്ചിടും. ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകുന്നേരം ആറു വരെയാണ് റണ്‍വേ അടച്ചിട്ട് നവീകരണ പ്രവൃത്തികള്‍ നടത്തുക. ഇതു മുന്‍നിര്‍ത്തി വിമാന സമയ ഷെഡ്യൂള്‍ ക്രമീകരിക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്കി.
അടുത്ത മാസം 28 മുതലാണ് ശീതകാല ഷെഡ്യൂള്‍ വിമാന കമ്പനികള്‍ പുറത്തിറക്കുന്നത്. റണ്‍വേ അടച്ചിടുന്ന ഘട്ടത്തിലുളള സര്‍വിസുകള്‍ മറ്റു സമയങ്ങളിലേക്ക് ക്രമീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിമാന സമയക്രമം പരിഷ്കരിക്കുന്നതിനുള്ള സൗകര്യം മുന്‍നിര്‍ത്തിയാണ് ഒക്ടോബര്‍ അവസാനവാരം മുതല്‍ റണ്‍വേ നിയന്ത്രണം നടപ്പാക്കുന്നത്.
പറന്നിറങ്ങുന്ന വിമാനങ്ങളില്‍ റണ്‍വേയില്‍നിന്ന് ഏപ്രണിലേക്ക് എത്തുന്നതിന് ഇടയിലുളള സ്ഥലമാണ് ടാക്സി ബേ. ഈ ഭാഗം വീതികൂട്ടുന്ന പ്രവൃത്തികളാണ് നടത്തുക. നവീകരണ പ്രവൃത്തികള്‍ അഞ്ചു മാസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് കണക്കാക്കുന്നത്. മഴ മാറുന്നതോടെ പ്രവൃത്തികള്‍ വേഗത്തിലാക്കാനാണ് തീരുമാനം. നവീകരണ പ്രവൃത്തി തുടങ്ങുന്ന ദിവസം ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ഡി.ജി.സി.എ യുടെ നിര്‍ദേശം കൂടി കണക്കാക്കിയാണ് പ്രവൃത്തികള്‍ തുടങ്ങുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ ശ്രേണിയില്‍ സഊദി എയര്‍ലൈന്‍സ് മാത്രമാണ് സര്‍വിസ് നടത്തുന്നത്.
എന്നാല്‍ എയര്‍ ഇന്ത്യ, എമിറേറ്റ്സ് എയര്‍ എന്നീ വിമാനങ്ങളുടെ ജെമ്പോ സര്‍വിസുകള്‍ ഇതുവരെ കരിപ്പൂരിലെത്തിയിട്ടില്ല. വലിയ വിമാനങ്ങളുടെ സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായണ് റണ്‍വേ ടാക്സി ബേ നവീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."