ഡാര്‍ജിലിങ് പ്രക്ഷോഭം: ജി.ജെ.എം ഓഫിസ് റെയ്ഡ്; പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ വേണമെന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച
ഡാര്‍ജിലിങ്: പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഡാര്‍ജിലിങ് കേന്ദ്രീകരിച്ച് പ്രക്ഷോഭം ശക്തമായിരിക്കെ ഇന്നലെ ജി.ജെ.എം അധ്യക്ഷന്‍ ബിമല്‍ ഗുരുങിന്റെ വസതിയിലും ഓഫിസിലും പൊലിസ് റെയ്ഡ്.
രാഷ്ട്രീയ തലത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ ഡാര്‍ജിലിങ്ങില്‍ രൂപംകൊണ്ടിരിക്കുന്നത്. സമരം അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യമാണ് ഇന്നലെ പൊലിസ് നടത്തിയ റെയ്ഡിനു പിന്നിലുള്ളത്. ഇന്നലെ പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ ജി.ജെ.എം ഓഫിസില്‍ നിന്ന് 300ഓളം ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമെ സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഡാര്‍ജിലിങ് കേന്ദ്രീകരിച്ച് പ്രത്യേക സംസ്ഥാനത്തിനായുള്ള സമരത്തിനിടയില്‍ പെട്ടെന്നുണ്ടായ തിരിച്ചടിയാണ് റെയ്‌ഡെങ്കിലും ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് ജി.ജെ.എം ജനറല്‍സെക്രട്ടറി റോഷന്‍ ഗിരി പറഞ്ഞു. കേന്ദ്ര സര്‍ക്കാരും ബംഗാള്‍ സര്‍ക്കാരും ഈ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അതിനുപകരം അധികാരമുപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്തുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ജി.ജെ.എം അധ്യക്ഷന്റെ വസതിയിലും ഓഫിസിലും റെയ്ഡ് നടത്തിയ വാര്‍ത്ത പുറത്തെത്തിയതോടെ പ്രവര്‍ത്തകര്‍ സംഘടിച്ച് സുരക്ഷാ സേനക്കു നേരെ കല്ലേറ് നടത്തുകയും ഒരു കാര്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ഡാര്‍ജിലിങിനടുത്തുള്ള സിങ്മാരി, പാത്‌ലിബസ് എന്നിവിടങ്ങളില്‍ അക്രമം നടത്തിയതിന്റെ പേരില്‍ ചില ജി.ജെ.എം പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതേസമയം സര്‍ക്കാര്‍ അധികാരം വിനിയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ഡാര്‍ജിലിങ് സംസ്ഥാനമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോക്കം പോകില്ലെന്ന് ജി.ജെ.എം അധ്യക്ഷന്‍ ബിമല്‍ ഗുരുങ് പറഞ്ഞു.
പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ ഡാര്‍ജിലിങ് സന്ദര്‍ശനത്തിന് എത്തുന്ന വിനോദ സഞ്ചാരികള്‍ യാത്ര റദ്ദാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍ ഗുരുങിന്റെ വസതി റെയ്ഡ് ചെയ്തുവെന്നത് ശരിയല്ലെന്ന് പൊലിസ് അറിയിച്ചു.
ജി.ജെ.എം നേതാക്കളില്‍ ചിലരുടെ വസതികളില്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പൊലിസ് പറഞ്ഞു. റെയ്ഡിന് 400 പൊലിസുകാരെയാണ് നിയോഗിച്ചിരുന്നത്.
റെയ്ഡില്‍ പ്രതിഷേധിച്ച് ജി.ജെ.എം ഡാര്‍ജിലിങില്‍ മിന്നല്‍ പണിമുടക്ക് നടത്തി. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാല് കമ്പനി അര്‍ദ്ധ സൈനിക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."